മലയാളി എന്ന സംസ്‌കാരത്തിന്റെ ആഘോഷം

മലയാളീപത്രത്തിന്റെ എല്ലാ മാന്യ വായനക്കാര്‍ക്കും തിരുവോണത്തിന്റെ സ്‌നേഹാശംസകള്‍

ഭൂലോകത്തിന്റെ ഏത് ഊഷര സങ്കല്‍പത്തിലോ ജീവിതാവസ്ഥയിലോ ആയിരുന്നാലും മലയാളി എന്ന മാനസികാവസ്ഥയെ അളക്കുന്ന അളവുകോലാണ് പൊന്നിന്‍ ചിങ്ങമാസത്തിലെ ഓണക്കാലവും തിരുവോണാഘോഷവും. മലയാളിയുടെ മഹത്വവും മന്ദസ്മിതങ്ങളും മധുരോന്‍മാദങ്ങളും പരസ്പരം സമ്മേളിക്കുകയും സ്‌നേഹ സൗഹാര്‍ദങ്ങളുടെ തഴുകിത്തലോടലുകള്‍ക്ക് ഗൃഹാതുരത്വത്തിന്റെ ലാവണ്യവും കൂടിച്ചേരലുകളുടെ ആകാശപ്പരപ്പും സമ്മാനിക്കുകയുമാണ് ഓരോ ഓണക്കാലലും ചെയ്യുന്നത്.

മാനവികതയുടെ മാറ്റൊലികള്‍ക്കപ്പുറം മനുഷ്യത്വത്തിന്റെ അടയാളപ്പെടുത്തലും സ്‌നേഹസൗഹാര്‍ദങ്ങളുടെ ഇഴുകിച്ചേരലുമായിരിക്കണം ഓണം. സാമൂഹിക പരിഷ്‌കരണത്തിന്റെ പുതിയൊരു ഏട് തുറക്കുന്നതിന് ഓണം എന്ന വിശ്വമലയാളീ സംസ്‌കൃതിയിലേക്ക് നമുക്കൊന്നിച്ച് നടന്നടുക്കാം. കാലോചിതമായ കാഴ്ചവട്ടങ്ങള്‍ക്കപ്പുറം ആചാരങ്ങളെയും ആചാരങ്ങളുടെ അതിര്‍വരമ്പുകളെയും മാറ്റിനിര്‍ത്തി വിശ്വാസ പ്രത്യയശാസ്ത്രങ്ങള്‍ക്കും രാഷ്ട്രീയ ധ്രുവീകരണങ്ങള്‍ക്കും സേവന സാമൂഹ്യ വൈവിധ്യങ്ങള്‍ക്കുമപ്പുറം മനുഷ്യന്‍ എന്ന പ്രതിഭാസം, മലയാളിയെന്ന സംസ്‌കാരമായി മാറുന്ന അപൂര്‍വതകളുടെ ആകെത്തുകയാണ് ഓണവും ഓണാഘോഷവും. അത് എന്നും അങ്ങനെ തന്നെ ആയിരിക്കട്ടെ.

അതുകൊണ്ട് വൈവിധ്യങ്ങളെയും വൈജാത്യങ്ങളെയും വൈകാരികതകളെയും വൈകല്യങ്ങളെയും വൈവിധ്യങ്ങളെയും മാറ്റിവച്ച് നമുക്ക് വിശ്വ മലയാളിയാകാം.

ഒരിക്കല്‍ കൂടി മലയാളീപത്രത്തിന്റെ എല്ലാ പ്രിയപ്പെട്ട വായനക്കാര്‍ക്കും തിരുവോണാശംസകള്‍.

സ്‌നേഹപൂര്‍വം

ഡോ. ബാബു ഫിലിപ്പ് അഞ്ചനാട്ട്
ചീഫ് എഡിറ്റര്‍