സിഡ്‌നി: പ്രവാസ ലോകത്ത് അങ്ങനെയാണ്. ഓണമങ്ങു നീണ്ടു പരന്നു കിടക്കുകയാണ്. പൊന്നിന്‍ ചിങ്ങത്തിലെ തിരുവോണമെത്തുന്നതിനും ഒരു മാസമോ അതിലധികമോ മുന്നേ പ്രവാസികളുടെ ലോകത്ത് ഓണമെത്തും. തിരുവോണ നാള്‍ കഴിഞ്ഞാലും ആഴ്ചകളോളം ഓണാഘോഷം തുടരുകയും ചെയ്യും. ചുരുക്കത്തില്‍ രണ്ടു മാസത്തോളം പ്രവാസികളുടെ മനസ് ഒരു തരം ഓണപ്പാച്ചിലിലായിരിക്കും. ഓരോരുത്തരും തങ്ങളുടെ ഇഷ്ടങ്ങളും ഭാവനകളും കൂട്ടായ ചര്‍ച്ചകളും ഒക്കെയനുസരിച്ച് ഓണത്തിന്റെ ഇലയില്‍ വിളമ്പുന്ന മെനു മാത്രമല്ല, ആഘോഷപരിപാടികളുടെ മെനുവും പരിഷ്‌കരിച്ചും കളറാക്കിയുമിരിക്കും.



നാട്ടില്‍ നിന്നുള്ള സെലിബ്രിറ്റികളെ കൂടി കിട്ടിയാല്‍ ആഘോഷം ഒന്നൊന്നരയായി മാറും.
സിഡ്‌നിയിലെ കാര്യമെടുത്താല്‍ ഇക്കൊല്ലം ഓണാഘോഷത്തിന്റെ ആരംഭം കുറിക്കാനായത് സിഡ്‌നി സൈഡേഴ്‌സ് ബാഡ്മിന്റ ക്ലബ്ബിനാണ്. ഓണവിളംബരം എന്നു പേരിട്ട് ഓഗസ്റ്റ് ആദ്യവാരം പിറന്നപ്പോള്‍ തന്നെ നടത്തിയ ഓണാഘോഷം ആ പേരു സൂചിപ്പിക്കുതു പോലെ ആഘോഷനാളുകളുടെ അസല്‍ വിളംബര പ്രഖ്യാപനം കൂടിയായി മാറി.
രണ്ടാമത്തെ ഓണാഘോഷത്തിനു നേതൃത്വം കൊടുത്തത് നവോദയയാണ്. ഓഗസ്റ്റ് ഒമ്പതിന് ഈ പരിപാടി നടക്കുമ്പോഴും സാക്ഷാല്‍ തിരുവോണത്തിലേക്ക് ഒരു മാസത്തോളം സമയമുണ്ടായിരുന്നു. പിന്നീടു വന്ന എല്ലാ വാരാന്ത്യങ്ങളും നിരവധി ഓണാഘോഷങ്ങള്‍ ഓരോ സ്‌റ്റേറ്റിലുമുള്ളതായിരുന്നു.
ഇക്കഴിഞ്ഞ ശനിയും ഞായറുമായി ന്യൂസൗത്ത് വെയില്‍സില്‍ ശ്രദ്ധിക്കപ്പെട്ട ഓണാഘോഷങ്ങളൊരുക്കി കേമത്തത്തില്‍ മുന്‍നിരയിലെത്തിയിരിക്കുകയാണ് മെയ്റ്റ്‌ലാന്‍ഡില്‍ മെയ്റ്റ്‌ലാന്‍ഡ് മലയാളി അസോസിയേഷനും സിഡ്‌നിയില്‍ സിഡ്‌നി മലയാളി അസോസിയേഷന്‍ എന്ന സിഡ്മലും.



എല്ലാ ഓണാഘോഷങ്ങളിലും ഓരോ ആളും ഏറ്റവും കാത്തിരിക്കുന്നത് സദ്യയ്ക്കു തന്നെയാണ്. നാട്ടിലെ അതേ രീതിയില്‍ തൂശനിലയിലാണ് മിക്കവാറും എല്ലായിടത്തും സദ്യ വിളമ്പുന്നത്. ഉപ്പ്, ഉപ്പിലിട്ടത് മുതല്‍ തോരന്‍ അവിയല്‍ വരെയുള്ള കറികളെല്ലാം ഇലയില്‍ നിരക്കും. നാട്ടില്‍ കിട്ടുന്ന അതേ മട്ട അരിയും വടി അരിയുമൊക്കെയായിരിക്കും ചോറിന്. വിളമ്പുന്ന ക്രമം പോലും നാട്ടിലെ സദ്യകളുടെ അങ്ങനെ തന്നെ. ആദ്യം പരിപ്പും നെയ്യും, രണ്ടാമതായി സാമ്പാര്‍, അതു കഴിഞ്ഞ് പുളിശേരി. പിന്നീട് പായസങ്ങളുടെ വരവ്. ആ ക്രമം പോലും മിക്കയിടത്തും തെറ്റിക്കാറില്ല. സദ്യയൊരുക്കുന്നതില്‍ പേരെടുത്ത കേറ്ററിങ് ഗ്രൂപ്പുകള്‍ക്കാണ് ഭക്ഷണത്തിന്റെ ഉത്തരവാദിത്വം ലഭിക്കുക. ന്യൂസൗത്ത് വെയില്‍സില്‍ ലക്‌സ്‌ഹോസ്റ്റ് ഗ്രൂപ്പിന് ഇക്കാര്യത്തില്‍ ഒരു തരം അപ്രമാദിത്വം തന്നെയാണുള്ളത്. നാട്ടില്‍ പഴയിടത്തിന്റെ സദ്യ എന്നൊക്കെ പറയുന്നതു പോലെയാണ് ലക്‌സ്‌ഹോസ്റ്റിന്റെ സദ്യയെന്ന് ന്യൂസൗത്ത് വെയില്‍സില്‍ പറയുന്നതു തന്നെ.
പൂക്കളമില്ലാതെ ഒരിടത്തും ഓണാഘോഷമില്ല. ചിലയിടത്തെത്തുമ്പോള്‍ പൂക്കള മത്സരം തന്നെയായിരിക്കും. മത്സരങ്ങള്‍ പൂക്കളങ്ങളില്‍ മാത്രം ഒതുങ്ങുന്നതുമില്ല. കലാ മത്സരങ്ങള്‍, കായിക മത്സരങ്ങള്‍, കുട്ടികള്‍ക്കുള്ള മത്സരങ്ങള്‍ ഒക്കെ വെവ്വേറെ ഉണ്ടായിരിക്കും. വടംവലിയും മിക്കയിടത്തും ഒരു മത്സരയിനമാണ്. ആരു ജയിക്കുന്നു ആരു ജയിക്കാതിരിക്കുന്നു എന്നതിലുപരി എല്ലാവരുടെയും പങ്കാളിത്തമാണ് ഇത്തരം മത്സരങ്ങള്‍ ഉറപ്പു വരുത്തുന്നത്. അതതു പ്രദേശത്തെ കലാതിലകങ്ങള്‍ക്കു സ്വന്തം സിദ്ധികളെ വളര്‍ത്തിയെടുക്കാന്‍ കൂടിയുള്ള അവസരങ്ങളാണ് ഓരോ ഓണാഘോഷവും.