മസ്‌കറ്റ്: ഒമാനിലേക്കു വരുന്ന യാത്രക്കാര്‍ പാലിക്കേണ്ട നിര്‍ദേശങ്ങളില്‍ കസ്റ്റംസ് അതോറിറ്റി ഏതാനും മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. കര, സമുദ്ര, ആകാശ മാര്‍ഗം വരുന്ന യാത്രക്കാര്‍ പാലിക്കേണ്ട കാര്യങ്ങളിലാണ് പുതുക്കലുകള്‍ വരുത്തിയിരിക്കുന്നത്. ഇതനുസരിച്ച് കൈവശം പണമോ മറ്റ് അമൂല്യ വസ്തുക്കളോ ഉണ്ടെങ്കില്‍ അക്കാര്യം പ്രത്യേകം ഡിക്ലയര്‍ ചെയ്യേണ്ടതുണ്ട്. ആറായിരം ഒമാനി റിയാലോ അതിലധികമോ പണം, ചെക്കുകള്‍, സെക്യൂരിറ്റികള്‍, ഓഹരികള്‍, പേയ്‌മെന്റ് ഓര്‍ഡറുകള്‍, അമൂല്യ ലോഹങ്ങള്‍ സ്വര്‍ണം, വജ്രം, അമൂല്യമായ കല്ലുകള്‍, ആറായിരം ഒമാനി റിയാലില്‍ അധികം മൂല്യം വരുന്ന വിദേശ കറന്‍സികള്‍ തുടങ്ങിയവ കൈവശമുള്ളവര്‍ അക്കാര്യം പ്രത്യേകം ഡിക്ലയര്‍ ചെയ്യണം. കസ്റ്റംസ് വെബ്‌സൈറ്റ് മുഖേന ഈ ഡിക്ലറേഷന്‍ നടത്താന്‍ സൗകര്യമുണ്ട്.
വ്യക്തിഗത ഉപയോഗത്തിനുള്ള വീഡിയോ ക്യാമറ, സംഗീതോപകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍, ടിവിയും റിസീവറും, ബേബി സ്‌ട്രോളറുകള്‍, ഭിന്നശേഷിക്കാരുടെ കസേരകളും സ്‌ട്രോളറുകളും, കമ്പ്യൂട്ടര്‍, മൊബൈല്‍ പ്രിന്ററുകള്‍, തുണികളും മറ്റു വ്യക്തിഗത വസ്തുക്കളും, വ്യക്തിഗത ആഭരണങ്ങള്‍, വ്യക്തിഗത സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍, വ്യക്തിഗത ഉപയോഗത്തിനുള്ള മരുന്നുകള്‍ എന്നിവയെ കസ്റ്റംസ് തീരുവയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ജീവനുള്ള മൃഗങ്ങള്‍, സസ്യങ്ങള്‍, വളങ്ങള്‍, കീടനാശിനികള്‍, പ്രസിദ്ധീകരണങ്ങള്‍, മാധ്യമ വസ്തുക്കള്‍, എംഎജി ട്രാന്‍സ്മിറ്ററുകള്‍, ഡ്രോണുകള്‍ പോലെയുള്ള വയര്‍ലെസ് ഉപകരണങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ തുടങ്ങിയവ കൊണ്ടുവരുന്നതിന് ബന്ധപ്പെട്ട അധികൃതരില്‍ നിന്നും അനുവാദം വാങ്ങേണ്ടതുണ്ട്. ഇക്കാര്യങ്ങളിലുള്ള നിയമലംഘനങ്ങള്‍ക്ക് കനത്ത തുക പിഴയായി ഒടുക്കേണ്ടി വരുമെന്നും ഉത്തരവിലുണ്ട്.

