റഷ്യന്‍ എണ്ണയ്ക്ക് ഓഫര്‍ വിലയോ

മോസ്‌കോ: ഉര്‍വശീ ശാപം ഉപകാരമെന്നതു പോലെ ട്രംപിന്റെ കഴുത്തറപ്പന്‍ തീരുവ വര്‍ധന ഇന്ത്യയ്ക്ക് കൂടുതല്‍ ലാഭകരമായി മാറുന്നുവോ. അതേയെന്നാണ് രാജ്യാന്തര വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. യൂറോപ്യന്‍ യൂണിയന്റെ ഉപരോധവും അമേരിക്കയുടെ പിഴ ഭീഷണിയുമാണ് നിലവില്‍ റഷ്യന്‍ എണ്ണ നേരിടുന്ന വെല്ലുവിളി. ഇതിനെ തരണം ചെയ്യാന്‍ തങ്ങളുടെ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് വിശേഷിച്ച് ഇന്ത്യയ്ക്ക് റഷ്യ ക്രൂഡ് ഓയില്‍ പഴയതിനെക്കാള്‍ വിലകുറച്ച് വില്‍ക്കുകയാണെന്ന് ആഗോള ഡേറ്റ ഇന്റലിജന്‍സ് സ്ഥാപനമായ കെപ്ലര്‍ ലിമിറ്റഡ് പറയുന്നു.
റഷ്യന്‍ എണ്ണ ഒപെക് രാജ്യങ്ങളുടെ വിലനിര്‍ണയത്തിലും നിര്‍ണായക സ്വാധീനം ചെലുത്തുന്നുവെന്നു റിപ്പോര്‍ട്ടുണ്ട്. ഒപെക് രാജ്യങ്ങളുടെ പ്രീമിയം ഉല്‍പ്പന്നമായ യുറാല്‍സിന്റെ വില ഡേറ്റഡ് ബ്രെന്റിനെക്കാള്‍ ബാരലിന് അഞ്ചു ഡോളറിലധികം താഴ്ത്തിയതായാണ് പറയുന്നത്. യുഎസിന്റെ ശിക്ഷാനടപടികള്‍ മുന്നോട്ടു പോയാല്‍ വില ഇനിയും ഇടിയാന്‍ സാധ്യതയുണ്ടത്രേ. റഷ്യന്‍ വിപണിയില്‍ പിന്തിരിയാന്‍ അവരോട് ഇടപാടുകള്‍ നടത്തുന്ന വിവിധ സര്‍ക്കാര്‍, സ്വകാര്യ സംരംഭകരെ പ്രേരിപ്പിക്കാനാണെന്നും പറയപ്പെടുന്നു. അതേ സമയം, റഷ്യയില്‍ എണ്ണ പ്ലാന്റുകളില്‍ അറ്റകുറ്റപ്പണികള്‍ ഷെഡ്യുള്‍ ചെയ്തിരിക്കുന്നതിനാല്‍ ഓഗസ്റ്റ മുതല്‍ ഒക്ടോബര്‍ വരെ അവര്‍ കൂടുതലായി എണ്ണ വിപണിയിലിറക്കാനാണ് ആലോചിക്കുന്നത്.
എന്നാല്‍ റഷ്യ മാത്രമല്ല ഇന്ത്യയ്ക്ക് എണ്ണ നല്‍കുന്നതെന്നും കണക്കുകള്‍ വച്ച് ആഗോള ഏജന്‍സികള്‍ പറയുന്നു. റഷ്യന്‍ എണ്ണയുടെ പേരില്‍ ഇന്ത്യ പഴികേള്‍ക്കുമ്പോള്‍ പോലും അമേരിക്കയില്‍ നിന്നും വന്‍തോതില്‍ ഇന്ത്യ എണ്ണ വാങ്ങുന്നുണ്ടത്രേ. മുമ്പ് വാങ്ങിയിരുന്നതിന്റെ ഇരട്ടിയോളം എണ്ണയാണത്രേ 2025 മേയ് മാസം മുതല്‍ വാങ്ങുന്നത്.