പെര്‍ത്ത്: ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പര ഞായറാഴ്ച തുടങ്ങും. രോഹിത് ശര്‍മയും വിരാട് കോഹ്ലിയും ഇന്ത്യന്‍ ജഴ്സിയില്‍ കളത്തിലിറങ്ങുന്ന അവസാന മത്സരമായിരിക്കുമോ ഇതെന്ന ചോദ്യവും ഉദ്വേഗവുമാണ് എങ്ങുമുള്ളത്. ഈ വര്‍ഷം മാര്‍ച്ചില്‍ ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കു വേണ്ടി ഇന്ത്യന്‍ ജഴ്സി അണിഞ്ഞതിനു ശേഷം ഇത്രയും നീണ്ട ഇടവേളയ്ക്കു ശേഷം ആദ്യമായാണ് ഇരുവരും അതേ വേഷം അണിയുന്നത്. ഇനിയെത്രനാള്‍ ഇതുണ്ടാകുമെന്നും ഉറപ്പില്ല.
ഓസ്ട്രേലിയന്‍ പര്യടനം കഴിയുന്നതോടെ ഇവര്‍ രണ്ടുപേരും രാജ്യാന്തര മത്സരങ്ങളില്‍ നിന്നു പിരിയേണ്ടി വരുമെന്ന വര്‍ത്തമാനം കുറേനാളുകളായി അന്തരീക്ഷത്തിലുള്ളതാണ്. ഇതിനകം രാജ്യാന്തര ട്വന്റി-20, ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് ഇരുവരും വിരമിച്ചു കഴിഞ്ഞു. ഇനി ആകെക്കൂടി വിരമിക്കാനുള്ളത് ഏകദിനത്തില്‍ നിന്നാണ്. ഇതിനു മുമ്പത്തെ ഓസ്ട്രേലിയന്‍ പര്യടനം കഴിഞ്ഞതോടെയായിരുന്നു ഇരുവരുടെയും ടെസ്റ്റ് ക്രിക്ക്രറ്റില് നിന്നുള്ള വിരമിക്കല്‍. അതുപോലെ മറ്റൊരു ഓസ്ട്രേലിയന്‍ പര്യടനം കഴിയുമ്പോഴായിരിക്കുമോ ഇവരുടെ ഏകദിനത്തില്‍ നിന്നുള്ള വിരമിക്കലും.
ഏകദിന ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ബാറ്റര്‍മാരായ രോഹിത് ശര്‍മയ്ക്ക് 38ഉം വിരാട് കോഹ്ലിക്ക് 36ഉം വയസ് തികഞ്ഞു കഴിഞ്ഞു. 2027 ഏകദിന ലോകകപ്പ് വരെ ഇരുവരും തുടരാന്‍ സാധ്യതയില്ലെന്നു പ്രവചിക്കുന്നവരാണേറെ. എന്നാല്‍ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ പഴയ ഫോമിലുള്ള പ്രകടനം പുറത്തെടുക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞാല്‍ പുറത്തേക്കുള്ള വഴി അത്ര അനായാസം തുറക്കില്ലെന്നു പറയുന്നവരുമുണ്ട്. എന്തായാലും രണ്ടു പേര്‍ക്കും ഈ പര്യടനവും അതിലെ പ്രകടനവും നിര്‍ണായകമാണെന്നു ചുരുക്കും. അതിലുപരി കളി നിര്‍ത്തി പുറത്തേക്കുള്ള വഴി തേടുന്നതില്‍ മാനസികമായ വൈമുഖ്യം ഉള്ളവരുമാണ് രോഹിതും കോഹ്ലിയും. ആ സ്ഥിതിക്ക് ഏറ്റവും മികച്ച കളി പുറത്തെടുക്കാനായിരിക്കും ഇവരുടെ ശ്രമം.

