പസിഫിക്കിനെ സുരക്ഷിത ജീവിത മേഖലയായി നിലനിര്‍ത്താന്‍ സമാധാന സമുദ്ര പ്രഖ്യാപനം

ഹോണിയാര (ഫിജി): പസിഫിക് സമുദ്രത്തിന്റെ ഭാവിയെ സംബന്ധിച്ച് ചരിത്രപരമായ നിമിഷമായിരുന്നു ഇന്നലെ. സമാധാന സമുദ്ര പ്രഖ്യാപനം (Ocean of Peace declaration)ഒപ്പു വയ്ക്കപ്പെട്ടതോടെയാണിത്. പസിഫിക് സമുദ്രത്തോടു ചേര്‍ന്നു വരുന്ന രാജ്യങ്ങളിലെ മുഴുവന്‍ ഭരണത്തലവന്‍മാരും ഒത്തു ചേര്‍ന്നാണ് ഈ പ്രഖ്യാപനം ഒപ്പുവച്ചിരിക്കുന്നത്. ഫിജിയുടെ പ്രധാനമന്ത്രി സിതിവേണി റബുക്ക 2023ല്‍ മുന്നോട്ടുവച്ച ഈ നിര്‍ദേശം പിന്നീട് ബന്ധപ്പെട്ട രാജ്യങ്ങളെല്ലാം അംഗീകരിക്കുകയായിരുന്നു. പസിഫിക്കിനെ ഒരു നീല സമുദ്രമായി നിലനിര്‍ത്തുക എന്ന സ്വപ്‌നം പങ്കുവയ്ക്കുന്ന ഈ പ്രഖ്യാപനം സമുദ്രത്തെയും ജനതയെയും ഭാവിയെയും സംരക്ഷിക്കാനുള്ള പ്രതിബദ്ധതയാണ് കാണിക്കുന്നതെന്ന് ഫിജിയന്‍ പ്രധാനമന്ത്രി റബുക്ക പറഞ്ഞു.
പസിഫിക് കുടുംബത്തിലെ അഭിമാനമുള്ളൊരു അംഗമാണ് ഓസ്‌ട്രേലിയയെന്ന് പ്രഖ്യാപനത്തില്‍ ഒപ്പുവയ്ക്കവേ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസി അഭിപ്രായപ്പെട്ടു. ഫിജിയെ സംബന്ധിച്ചിടത്തോളം സമാധാന സമുദ്രമെന്ന പ്രഖ്യാപനം ദ്വീപരാഷ്ട്രങ്ങളുടെ ജീവരക്തമായ സമുദ്രത്തെ സംരക്ഷിക്കാനും ഇതിനെ വിനയത്തോടും ഐക്യത്തോടും നിലനിര്‍ത്താനുള്ള ഉത്തരവാദിത്വവുമാണെന്ന് ഫിജിയന്‍ പ്രധാനമന്ത്രി റബുക്ക പ്രഖ്യാപനത്തില്‍ ഒപ്പിട്ടുകൊണ്ട് പറഞ്ഞു.
പസിഫിക് ഐലന്‍ഡ്‌സ് പ്രോഗ്രാം എന്ന പേരിട്ടു രണ്ടു വര്‍ഷമായി ചര്‍ച്ചകള്‍ തുടരുകയായിരുന്ന ഒരു പരിപാടിയുടെ അന്ത്യത്തിലാണ് പ്രഖ്യാപനം തയാറാകുന്നതും എല്ലാ അംഗരാജ്യങ്ങളും അതില്‍ ഒപ്പുവയ്ക്കുന്നതും. 2023 ഓഗസ്റ്റ് പതിനാറിനായിരുന്നു ചര്‍ച്ചകളുടെ തുടക്കം. ഇത് ഒപ്പിടുന്ന ദിവസമായ 2025 സെപ്റ്റംബര്‍ പത്തുവരെ നീണ്ടു. സമാധാനത്തിനുള്ള പസിഫിക് ജനതയുടെ അവകാശം ഉറപ്പിക്കുകയും അവരുടെ ജീവിത സാഹചര്യങ്ങളും സ്വപ്‌നങ്ങളും കുടുംബങ്ങളും ആഹാരവുമെല്ലാം സമ്മര്‍ദങ്ങള്‍ക്കപ്പുറം സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് സമാധാന സമുദ്ര പ്രഖ്യാപനത്തിലൂടെ ഉദ്ദേശിക്കുന്നത്. പസിഫിക് മേഖലയിലെ എല്ലാ രാജ്യങ്ങളുടെയും ഭരണാധ്യക്ഷന്‍മാരാണ് ഈ പ്രഖ്യാപനത്തില്‍ ഇന്നലെ ഒപ്പു വച്ചത്.