ശനിയാഴ്ചയോടെ നുവാറിംഗിനും സബ്‌സിഡി, ഇതോടെ ഗര്‍ഭനിരോധന മാര്‍ഗങ്ങളെല്ലാം സബ്‌സിഡിയില്‍

സിഡ്‌നി: ഈയാഴ്ച അവസാനം മുതല്‍ ഓസ്‌ട്രേലിയയില്‍ ഒരു ഗര്‍ഭനിരോധന ഉപാധി കൂടി കുറഞ്ഞ ചെലവില്‍ ലഭ്യമാകാന്‍ തുടങ്ങുന്നു. ഫാര്‍മസ്യൂട്ടിക്കല്‍ ബെനഫിറ്റ് സ്‌കീമില്‍ നുവാറിംഗ് കൂടി ലഭ്യമാകുന്നതോടെയാണിത്. ഇതോടെ നുവാറിംഗിന്റെ വില ഗണ്യമായി കുറയും. നിലവില്‍ ഒരു വര്‍ഷത്തേക്ക് നുവാറിംഗ് ഉപയോഗിക്കുന്നതിനു ചെലവ് 270 ഡോളറാണെങ്കില്‍ അടുത്ത ശനിയാഴ്ച മുതല്‍ അതില്‍ 107.60 ഡോളറിന്റെ കുറവാണ് ലഭിക്കുക. കണ്‍സഷന്‍ കാര്‍ഡ് ഉള്ളവിഭാഗങ്ങള്‍ക്ക് അതില്‍ നിന്നു വീണ്ടും കുറവുണ്ടാകും. അടുത്ത ജനുവരി ഒന്നു മുതല്‍ ഇതില്‍ നിന്നു വീണ്ടും 25 ശതമാനത്തിന്റെ കൂടി കുറവ് ലഭിക്കും.

മറ്റു ഗര്‍ഭനിരോധന മാര്‍ഗങ്ങളെക്കാള്‍ ഏറ്റവും ഫലപ്രദം നുവാറിംഗ് ആണെന്ന കണ്ടെത്തിലിനെ തുടര്‍ന്നാണ് ഗവണ്‍മെന്റ് ഇതിനു സൗജന്യം അനുവദിക്കുന്നത്. 99.5 ശതമാനമാണ് ഇതിന്റെ ഫലപ്രാപ്തിയെന്നു പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. നുവാറിംഗിനു കൂടി സൗജന്യ നിരക്ക് അനുവദിക്കുന്നതോടെ ലഭ്യമായ എല്ലാ ഗര്‍ഭ നിരോധന ഉപാധികള്‍ക്കും ഓസ്‌ട്രേലിയിയില്‍ സൗജന്യനിരക്കായി മാറുമെന്ന് ആരോഗ്യ മന്ത്രി മാര്‍ക്ക് ബട്‌ലര്‍ പറയുന്നു.

പൊതുവേ എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന ഗര്‍ഭനിരോധന മാര്‍ഗമാണിതെന്നു വിദഗ്ധര്‍ പറയുന്നു. എന്നിരിക്കിലും വെയിന്‍ ത്രോംബോസിസ് രോഗികളും സ്‌ട്രോക്ക്, ഹൃദ്രോഗ രോഗികളും ഇത് ഉപയോഗിക്കാതിരിക്കുകയാവും മെച്ചമെന്നു പഠനങ്ങളില്‍ തെളിയുന്നു. കടുത്ത കരള്‍ രോഗികള്‍ക്കും ലിവര്‍ കാന്‍സര്‍ രോഗികള്‍ക്കും ഇതു ശുപാര്‍ശ ചെയ്യുന്നില്ല. പുകവലിക്കുന്നവരിലാണ് ഇതു വേണ്ടത്ര ഫലം ഉളവാക്കാത്തതായി കണ്ടിട്ടുള്ളത്. പ്രസവം കഴിഞ്ഞയുടനെയും ഇതിന്റെ ഉപയോഗത്തിനു ശുപാര്‍ശയില്ല.

Leave a Reply

Your email address will not be published. Required fields are marked *