എസ്എ, ക്വീന്‍സ്‌ലാന്‍ഡ്, എന്‍എസ്ഡബ്‌ള്യൂ, എസിടി ഈയാഴ്ച പൊള്ളുമെന്നു സൂചന

സിഡ്‌നി: ഓസ്‌ട്രേലിയയിലെ മൂന്നു സംസ്ഥാനങ്ങളിലും ഒരു പ്രവിശ്യയിലും ഇനി വരുന്ന ദിവസങ്ങള്‍ കടുത്ത ചൂടിന്റെയായിരിക്കുമെന്ന് വെതര്‍സോണ്‍ റിപ്പോര്‍ട്ടുകള്‍. ഈ വാരാന്ത്യത്തിലും തുടര്‍ന്നുള്ള ഏതാനും ദിവസങ്ങളിലും ചൂട് നാല്‍പത്തഞ്ചു ഡിഗ്രി സെന്‍ഷ്യസ് എത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്. സൗത്ത് ഓസ്‌ട്രേലിയ, ക്വീന്‍സ്‌ലാന്‍ഡ്, ന്യൂ സൗത്ത് വെയില്‍സ്, ഓസ്‌ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിറ്ററി എന്നിവിടങ്ങളിലേക്കാണ് അതികഠിനമായ ചൂട് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ ഒരാഴ്ചയായി വെസ്റ്റേണ്‍ ഓസ്‌ട്രേലിയയുടെ വടക്കു പടിഞ്ഞാറന്‍ പ്രദേശത്തെ ആകാശത്തില്‍ അതികഠിനമായ ചൂട് കേന്ദ്രീകരിക്കുകയായിരുന്നെങ്കില്‍ ഇപ്പോഴത് മറ്റു സംസ്ഥാനങ്ങളുടെ മുകളിലേക്കു കൂടി വ്യാപിച്ചിരിക്കുകയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. തീരമേഖലയില്‍ നിന്നു മാറിയുള്ള ഔട്ട്ബാക്ക് ഏരിയകളിലാകട്ടെ ഇതുമൂലം ചൂട് നല്ലതോതില്‍ ഉയരാനാണ് സാധ്യത. തെക്കു കിഴക്കന്‍ പ്രദേശങ്ങളും പതിവിലും നേരത്തെയുള്ള ചൂടിന്റെ പിടിയിലമരാനുള്ള സാധ്യതയിലേക്കാണ് കാലാവസ്ഥാ പ്രവചനം സൂചന നല്‍കുന്നത്.