സിഡ്‌നി: ജോസ് ലോ അനുസരിച്ച് തന്ത്രപ്രധാനമായ ആശുപത്രികള്‍ പൊതു സ്വകാര്യ കൂട്ടുടമസ്ഥതയില്‍ അനുവദിക്കേണ്ടെന്ന നയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി വയ്പിച്ചിരുന്ന സിഡ്‌നിയിലെ നോര്‍തേണ്‍ ബീച്ചസ് ഹോസ്പിറ്റല്‍ പത്തൊമ്പത് കോടി ഡോളര്‍ മുടക്കി പൊതു മേഖയില്‍ മാത്രമായി നിലനിര്‍ത്തുന്നതിന് ഗവണ്‍മെന്റ് തീരുമാനിച്ചു. ഇതു സംബന്ധിച്ച കരാര്‍ സ്വകാര്യ നടത്തിപ്പുകാരായ ഹെല്‍ത്ത് സ്‌കോപ്പും അതിന്റെ റിസീവര്‍മാരും തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. നോര്‍തേണ്‍ സിഡ്‌നി ലോക്കല്‍ ഹെല്‍ത്ത് ഡിസ്ട്രിക്ടിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ അടുത്ത വര്‍ഷം മധ്യത്തോടെ ആശുപത്രി വീണ്ടും തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.
ന്യൂ സൗത്ത് വെയില്‍സിലെ ജനങ്ങളുടെ വിലപ്പെട്ട ജീവനുകള്‍ സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കേണ്ട തന്ത്രപ്രധാനമായ ആശുപത്രികള്‍ വെറും ലാഭ താല്‍പര്യത്തിലേക്കു മാത്രം പോകുന്നതു ശരിയല്ലെന്ന് പ്രീമിയര്‍ ക്രിസ് മിന്‍സ് ആശുപത്രി നിയന്ത്രണം ഏറ്റെടുക്കുന്നതായ തീരുമാനം വ്യക്തമാക്കിക്കൊണ്ട് അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജോ മാസ എന്ന രണ്ടുവയസുകാരന്‍ ബാലന്‍ നോര്‍തേണ്‍ ബീച്ചസ് ആശുപത്രിയില്‍ മരിക്കാനിടയായതോടെയാണ് ഈ ആശുപത്രി വിവാദത്തിലാകുന്നത്. കുട്ടിക്ക് മതിയായ ചികിത്സ ആശുപത്രിയില്‍ കിട്ടിയില്ലെന്ന് മാതാപിതാക്കളായ എലൂയിസും ഡാനിയും ആരോപിച്ചിരുന്നു. ഈ കുട്ടിയുടെ ഓര്‍മയ്ക്കായാണ് ഇതു സംബന്ധിച്ച് പിന്നീട് നടത്തിയ നിയമ നിര്‍മാണത്തിന് ജോ നിയമം എന്നു പേരിട്ടതു പോലും. ഗവണ്‍മെന്റിന്റെ തീരുമാനത്തെ ജോയുടെ മാതാപിതാക്കള്‍ സ്വാഗതം ചെയ്തു.

