2022 നവംബർ 14നാണ് നാടിനെ നടുക്കിയ ഭയാനകമായ വെള്ളപ്പൊക്കം ന്യൂസൗത്ത് വെയിൽസിലെ യൂഗൗര ഗ്രാമത്തെ ഗ്രസിച്ചതും 60 വയസ്സുകാരിയായ ഡിയാൻ സ്മിത്തിന്റെയും 85 കാരനായ ല്യൂബിസ വ്യൂജെക്കിന്റെയും ജീവനപഹരിച്ചതും. ഇന്നും നാട്ടുകാർ ആ വെള്ളപ്പൊക്കത്തെ ‘ഉൾനാടൻ സുനാമി’യെന്നാണ് ഓർക്കുന്നതുതന്നെ.
ഡിയാന്റെയും ല്യൂബിസയുടെയും ജീവൻ നഷ്ടപ്പെടാനിടയായ സാഹചര്യവും, വെള്ളപ്പൊക്കത്തിനു മുന്നോടിയായി നടന്ന സംഭവങ്ങളും, കാലാവസ്ഥാ മുന്നറിയിപ്പുകളും അത്യാഹിത രക്ഷാപ്രവർത്തനത്തിലെ പോരായ്മകളും പഠിക്കാനായി ഒരു അഞ്ചുദിന ഇൻക്വെസ്റ്റാണിപ്പോൾ ആരംഭിച്ചിരിക്കുന്നത്.
ന്യൂ സൗത്ത് വെയിൽസ് സംസ്ഥാന അത്യാഹിതസേവാ സോൺ മേധാവി ബ്രിജിഡ് റൈസിന് വെളുപ്പിനു മൂന്നുമണിക്കാണ് തീവ്രപ്രളയം വിഴുങ്ങിയ ബാറ്റ്ഹഴ്സ്റ്റ് നഗരത്തെയും മൊളോങ്ങ്, കനോവിൻഡ്ര എന്നീ ഗ്രാമങ്ങളെയുംപറ്റി വിവരം ലഭിച്ചത്. എന്നിരുന്നാലും ഇവിടങ്ങളിലെ സാഹചര്യം കൈകാര്യം ചെയ്യുന്നതിനിടെതന്നെ വെള്ളം കുത്തനെയുയരുന്ന ടൂഗോങ്ങിനെയും സ്മിത്ത്ഫീൽഡിലെയും സ്ഥിതിഗതികൾ വിലയിരുത്തിക്കൊണ്ടിരുന്നു.
3.49ന് കാലാവസ്ഥാവകുപ്പ് യൂഗോവ്രയിലെ മാൻദാഗെരി പുഴയിൽ 9 മീറ്റർ വരെ ഉയരത്തിൽ വെള്ളം പൊങ്ങാമെന്ന വെള്ളപ്പൊക്ക ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. എന്നാൽ അതിനകം 8 മീറ്റർവരെ വെള്ളം പൊങ്ങിയ സാഹചര്യത്തിൽ 9 മീറ്ററിൽ വെള്ളം നിൽക്കില്ലെന്നു മനസ്സിലാക്കി പത്തര മീറ്റർ ഉയരത്തിലുള്ള വെള്ളപ്പൊക്കത്തിനാണ് യൂഗോവ്രയിൽ അത്യാഹിതസേവാവിഭാഗം തയ്യാറെടുത്തത്. ടൂഗോങ്ങിൽനിന്നു യൂഗോവ്രയിലേയ്ക്കു വെള്ളമെത്താൻ 12 മണിക്കൂറോളം എടുക്കുന്ന സാഹചര്യം കണക്കിലെടുത്ത് വിദഗ്ദ്ധർ രക്ഷാപ്രവർത്തനത്തിനുള്ള സോൺ തിരിച്ചുള്ള മാപ്പിങ്ങും ആരംഭിച്ചു. വെളുപ്പിനെ 6.12ന് താഴ്ന്ന പ്രദേശങ്ങളിലുള്ള യൂഗോവ്ര നിവാസികൾക്ക് സുരക്ഷിതകേന്ദ്രങ്ങളിലേയ്ക്കു മാറാനുള്ള അറിയിപ്പും പുറപ്പെടുവിച്ചു. ഇൻക്വെസ്റ്റിൽ മുൻപു പറഞ്ഞിരുന്നത് യൂഗോവ്രയുടെ കിഴക്കൻ പ്രദേശങ്ങളിലുള്ളവർ പൊതുവേ വെള്ളപ്പൊക്കഭീഷണിയുടെ നിഴലിൽ വരുന്നില്ലെന്നും പടിഞ്ഞാറൻ പ്രദേശങ്ങളിൽ വെള്ളപ്പൊക്കസാദ്ധ്യത ഏറെയാണെന്നുമായിരുന്നു. അതനുസരിച്ച് ജാഗ്രതാനിർദ്ദേശം ലഭിച്ചവർ കിഴക്കൻ പ്രദേശത്തുള്ള ടൗണിനു നടുവിലുള്ള സുരക്ഷിതമെന്നു തോന്നിയ ഒരു പാലത്തിലേയ്ക്ക് കയറിനിൽക്കുകയും ചെയ്ത്. എന്നാൽ കണക്കുകൂട്ടലുകൾ തകിടംമറിച്ചുകൊണ്ട് ഒൻപതുമണിയോടെ ഒരു വലിയ ഭിത്തിപോലെ വെള്ളം ആഞ്ഞടിക്കുകയും ടൗണിന്റെ കിഴക്കൻ പ്രദേശങ്ങളിലുൾപ്പെടെ കനത്ത നാശനഷ്ടം വിതയ്ക്കുകയും ചെയ്തു. ഇവിടെ അകപ്പെട്ടുപോയവരെ ഹെലിക്കോപ്റ്ററുപയോഗിച്ച് രക്ഷിക്കേണ്ടതായും വന്നു. താഴ്ന്ന പ്രദേശത്താണോ തങ്ങൾ താമസിക്കുന്നതെന്നു സ്വയം കണ്ടെത്തി തീരുമാനമെടുക്കാനാണ് യൂഗോവ്ര നിവാസികളോടു പറഞ്ഞതും ദുരിതത്തിന്റെ ആക്കംകൂട്ടിയതായി വിലയിരുത്തപ്പെടുന്നു.

