തിരുവനന്തപുരം: ശബരിമലയും വിശ്വാസവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പിന്തുണയ്ക്കുകയും ദേവസ്വം ബോര്‍ഡ് സര്‍ക്കാര്‍ സഹായത്തോടെ നടത്തിയ ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുകയും ചെയ്തതോടെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ എയറില്‍ കയറിക്കൊണ്ടിരിക്കുകയാണ്. ഇദ്ദേഹത്തിനെതിരേ കരയോഗങ്ങള്‍ തോറും പ്രതിഷേധം പുകയുന്നു. സമുദായത്തിന്റെ പേരു പറഞ്ഞ് ജനറല്‍ സെക്രട്ടറി സ്വന്തം നിലയില്‍ തീരുമാനമെടുക്കുകയാണെന്നാണ് ആക്ഷേപം ഉയരുന്നത്. സുകുമാരന്‍ നായര്‍ക്കെതിരേ പല കരയോഗങ്ങളിലും പരസ്യമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. സമുദായത്തെ പിന്നില്‍ നിന്നു കുത്തിയെന്നാരോപിച്ച് നെയ്യാറ്റിന്‍കര കലഞ്ഞൂര്‍ കരയോഗത്തിനു മുന്നിലാണ് അവസാനം പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നെയ്യാറ്റിന്‍കര കരയോഗത്തിലും കുറ്റിയാനിക്കാട് കരയോഗത്തിനു മുന്നിലുമൊക്കെ ഇതിനു മുമ്പ് പ്രതിഷേധ പോസ്റ്ററും ബോര്‍ഡും പ്രത്യക്ഷപ്പെട്ടിരുന്നു.
സര്‍ക്കാര്‍ പക്ഷത്തേക്കു ചുവടു മാറിയ സുകുമാരന്‍ നായര്‍ എയറിലായി

