സമുദായ സംഘടനകള്‍ വായ് തുറക്കാനും, മിണ്ടാതിരിക്കാനും വയ്യെന്ന അവസ്ഥയില്‍

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി പൊളിച്ചു വിറ്റുവെന്ന കോടതി പരാമര്‍ശവും പിന്നാലെ വിവാദവും കത്തിപ്പടരുമ്പോള്‍ വിശ്വാസകാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന സമുദായ സംഘടനകള്‍ കടുത്ത സമ്മര്‍ദത്തിലും മൗനത്തിലും. രാഷ്ട്രീയ നയതന്ത്രത്തിന്റെ പേരില്‍ സര്‍ക്കാരിനെ പിണക്കാനോ സമുദായാംഗങ്ങളുടെ സമ്മര്‍ദം നിമിത്തം മിണ്ടാതിരിക്കാനോ കഴിയാത്ത അവസ്ഥയിലാണ് ഇവയില്‍ മിക്കവയും. ഏറ്റവും വലിയ പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്നത് എന്‍എസ്എസ് തന്നെ. ശബരിമലയിലെ സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട വിഷയം കത്തിച്ചുകയറ്റിയതില്‍ ഏറ്റവും വലിയ പങ്ക് എന്‍എസ്എസിന്റെയായിരുന്നു. എന്നാല്‍ അതിലും വലിയ പ്രശ്‌നമായ സ്വര്‍ണപ്പാളി വിവാദമുണ്ടായപ്പോള്‍ സമുദായാംഗങ്ങളെ തെരുവിലിറക്കാന്‍ പോയിട്ട് നേരേചൊവ്വേയൊന്നു വായ് തുറക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണവര്‍ നേരിടുന്നത്. ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ നല്ല കുട്ടിയായി മാറിക്കഴിഞ്ഞയുടനെയാണ് സ്വര്‍ണപ്പാളി വിവാദം കത്തിപ്പടരുന്നത്. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെക്കാള്‍ വലിയ സര്‍ക്കാര്‍ ഭക്തി പ്രകടിപ്പിച്ചതേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടു തന്നെ വായ്പൂട്ടിയിരിക്കാനാണ് ഈ സാഹചര്യത്തില്‍ സാധിക്കുന്നത്.