മലപ്പുറം: പണി തീര്‍ന്ന കെട്ടിടത്തിന് നമ്പര്‍ കിട്ടാന്‍ നടന്നു വലഞ്ഞ പ്രവാസി അവസാനം കടുംകൈ തന്നെ ചെയ്തു, പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനു പെട്രോളൊഴിച്ച് തീയിടാന്‍ ശ്രമിക്കുകയും ജീവനക്കാര്‍ക്കു നേരേ കത്തി വീശുകയും ചെയ്തു. ജീവനക്കാരും അപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും ചേര്‍ന്ന് പ്രവാസിയെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയും പോലീസില്‍ ഏല്‍പിക്കുകയും ചെയ്തു.
മലപ്പുറം കരുവാരക്കുണ്ട് സ്വദേശി വെമ്മുള്ളി മജീദാണ് തീക്കളി നടത്തി അകത്തായത്. തന്റെ കെട്ടിടം സ്ഥിതി ചെയ്യുന്ന തുവ്വൂരിലെ പഞ്ചായത്ത് ഓഫീസിനാണ് തീയിടാന്‍ വിഫല ശ്രമം നടത്തിയത്. പ്രവാസി ഇപ്പോള്‍ കുറ്റക്കാരനായെങ്കിലും കടുംകൈയിലേക്ക് ഇയാള്‍ എത്തിയതിനു പിന്നില്‍ കടുത്ത യാതനയുടെ അനുഭവങ്ങളാണുള്ളത്. മലപ്പുറം ജില്ലയിലെ മാമ്പുഴ എന്ന സ്ഥലത്ത് തന്റെ പ്രവാസ ജീവിതത്തിലെ സമ്പാദ്യമെല്ലാം ചേര്‍ത്തു വച്ച് മജീദ് ഒരു വാണിജ്യ കെട്ടിടം നിര്‍മിച്ചു. അതു കഴിഞ്ഞപ്പോള്‍ തുവ്വൂര്‍ പഞ്ചായത്തില്‍ കെട്ടിട നമ്പരിനായി അപേക്ഷിച്ചു. കെട്ടിടം പണിക്കായി പണം മുഴുവന്‍ ചെലവഴിച്ച മജീദിന് ഉദ്യോഗസ്ഥരെ വേണ്ടപോലെ കാണാന്‍ സാധിച്ചില്ലെന്നു പറയുന്നു. കാഴ്ച പരിമിതിയുള്ള മകന്റെ ചികിത്സയ്ക്കു പോലും പണമില്ലാത്ത അവസ്ഥയിലാണിയാള്‍ എത്തിയത്.
കഴിഞ്ഞ ഫെബ്രുവരി മുതല്‍ കെട്ടിട നമ്പരിനായി മജീദ് നടക്കുകയാണ്. കെട്ടിടത്തിന് പിഴവുകളുണ്ടെന്നു പറഞ്ഞ് പഞ്ചായത്ത് ഇയാള്‍ക്ക് ഇത്രയും നാളായിട്ടും നമ്പര്‍ കൊടുത്തതുമില്ല. അവസാനമാണ് മജീദ് ഒരു പാട്ട പെട്രോളുമായി പഞ്ചായത്തിലേക്കു കയറിച്ചെന്നതും കടുംകൈ കാട്ടിയതും. എന്നാല്‍ കെട്ടിടം ക്രമപ്പെടുത്തണമെന്നാവശ്യപ്പെട്ട് മജീദിനു നോട്ടീസ് നല്‍കിയെങ്കിലും അയാള്‍ മറുപടി കൊടുത്തില്ലെന്നാണ് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ പറയുന്നത്.
നടന്നു മടുത്ത പ്രവാസി അവസാനം തീക്കളിക്ക്, അതോടെ പോലീസ് പിടിയിലുമായി

