ഉയിരറ്റ ഉടലുകളില്‍ നിന്നു തെളിവുകള്‍ തേടിയ ഡോ. ഷേര്‍ലി വാസു അന്തരിച്ചു

കോഴിക്കോട്: കോടതിയുടെ കണ്ണും മൃതദേഹത്തിന്റെ നാവും എന്നു പേരുകേട്ട ഫോറന്‍സിക് സര്‍ജന്‍ ഡോ. ഷേര്‍ളി വാസു അന്തരിച്ചു. 68 വയസായിരുന്നു. ഫോറന്‍സിക് മെഡിസിന്‍ എന്ന വൈദ്യശാസ്ത്ര ശാഖയെ ജനകീയമാക്കുകയും നിരവധി കേസുകള്‍ക്കു ശക്തമായ തെളിവുകള്‍ കണ്ടെത്തുകയും ചെയ്താണ് ഡോ. ഷേര്‍ളി പ്രശസ്തയായത്. കോഴിക്കോട്ടെ സ്വന്തം വീട്ടില്‍ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഇടുക്കി ജില്ലയിലെ തൊടുപുഴ സ്വദേശിനിയാണ് ഡോ. ഷേര്‍ളി. കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നു എംബിബിഎസ് പാസായതിനു ശേഷം ഫോറന്‍സിക് മെഡിസിന്‍ ഉപരിപഠനത്തിനായി തിരഞ്ഞെടുക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലായിരുന്നു ഉപരിപഠനം. ഗവണ്‍മെന്റ് സര്‍വീസില്‍ നിന്നു വിരമിച്ച ശേഷം സ്വകാര്യ മെഡിക്കല്‍ കോളജില്‍ ഫോറന്‍സിക് സയന്‍സ് വിഭാഗം മേധാവിയായി സേവനമനുഷ്ഠിക്കുകയായിരുന്നു. ഫോറന്‍സിക് മെഡിസിന്‍ വിഭാഗത്തില്‍ 1981 ല്‍ ഗവണ്‍മെന്റ് സര്‍വീസില്‍ ഔദ്യോഗിക സേവനം ആരംഭിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വകുപ്പു മേധാവിയും പ്രിന്‍സിപ്പലുമായിട്ടാണ് ജോലിയില്‍ നിന്നു വിരമിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് കൂടുതല്‍ കാലം സേവനമനുഷ്ഠിച്ചത്.
ലോകാരോഗ്യസംഘടനയുടെ ഫെല്ലോഷിപ്പോടു കൂടി 1995ല്‍ ഉപരപഠനവും നടത്തി.
ചേകന്നൂര്‍ മൗലവി കൊലക്കേസ്, സൗമ്യ വധക്കേസ് തുടങ്ങി സംസ്ഥാനം ഏറെ ശ്രദ്ധിച്ചതും കോളിളക്കം സൃഷ്ടിച്ചതുമായ നിരവധി കേസുകളില്‍ പ്രോസിക്യൂഷനു ശക്തമായ പിന്തുണ നല്‍കിയ കണ്ടെത്തലുകളാണ് ഇവര്‍ നടത്തിയത്. പ്രതികള്‍ക്കു തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കുന്നതില്‍ ഇവര്‍ പുറത്തു കൊണ്ടുവന്ന തെളിവുകള്‍ നിര്‍ണായകമായി മാറി. ആകെ ഇരുപതിനായിരത്തോളം പോസ്റ്റ്‌മോര്‍ട്ടങ്ങളാണ് നടത്തിയിരിക്കുന്നത്.
2017ല്‍ സംസ്ഥാന സര്‍ക്കാരിന്റെ വനിതാ രത്‌നം പുരസ്‌കാരം എന്നു വിളിക്കുന്ന ജസ്റ്റിസ് ഫാത്തിമ ബീവി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. തന്റെ ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങള്‍ കോര്‍ത്തിണക്കി പോസ്റ്റ്‌മോര്‍ട്ടം ടേബിള്‍ എന്ന നോണ്‍ഫിക്ഷന്‍ ഗ്രന്ഥവും രചിച്ചിട്ടുണ്ട്. ഫോറന്‍സിക് സയന്‍സിനെ ജനകീയമാക്കുന്നതില്‍ ഈ ഗ്രന്ഥം നിര്‍ണായകമായി.