തിരുവനന്തപുരം: പ്രവാസി മലയാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ-അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയറില്‍ അപേക്ഷിക്കാനുള്ള സമയപരിധി ഒരു ദിവസം കൂടി നീട്ടി. ഒക്ടോബര്‍ 31 (വെള്ളിയാഴ്ച) ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടു വരെ എന്റോള്‍ ചെയ്യാമെന്ന് നോര്‍ക്ക റൂട്ട്‌സ് അറിയിച്ചു. ഇതുവരെയുള്ള കണക്കനുസരിച്ച് 76954 പേരാണ് ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സാധുവായ നോര്‍ക്ക പ്രവാസി ഐഡി, സ്റ്റുഡന്റ് ഐഡി, എന്‍ആര്‍കെ ഐഡി എന്നിവയുള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ സാധിക്കുന്നത്. നോര്‍ക്ക റൂട്‌സിന്റെ ഔദ്യാഗിക വെബ്‌സൈറ്റായ www.norkaroots.kerala.gov.in സന്ദര്‍ശിച്ചോ നോര്‍ക്ക കെയര്‍ മൊബൈല്‍ ആപ്പ് മുഖേനയെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. നാല് അംഗങ്ങളുള്ള ഒരു കുടുംബത്തിന് (ഭര്‍ത്താവ്, ഭാര്യ, 25 വയസില്‍ താഴെ പ്രായമുള്ള രണ്ടു കുട്ടികള്‍) രജിസ്റ്റര്‍ ചെയ്യുന്നതിന് 13411 രൂപയാണ് പ്രീമിയം. ഇരുപത്തഞ്ച് വയസില്‍ താഴെയുള്ള ഒരു കുട്ടിയെ കൂടി രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ 4130 രൂപ അധിക പ്രീമിയമായി മുടക്കണം. ഇതുവഴി അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും പത്തു ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്‌സണല്‍ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയുമാണ് ലഭിക്കുന്നത്. വ്യക്തിഗത ഇന്‍ഷുറന്‍സിന് 8101 രൂപയാണ് പ്രീമിയം. പതിനെട്ടു മുതല്‍ എഴുപതു വയസുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. കേരളത്തിലെ അഞ്ഞൂറിലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 18000ത്തോളം ആശുപത്രികളില്‍ പ്രവാസികള്‍ക്ക് കാഷ്‌ലെസ് ചികിത്സ ഉറപ്പാക്കുന്നതാണ് നോര്‍ക്ക കെയര്‍ പദ്ധതി

