ഒറ്റയടിപ്പാതകളിലൂടെ നടക്കുന്നവരുടെ ആത്മീയതയ്ക്കു വേറിട്ട ചന്തമാണെന്നു വീണ്ടും പറയാന്‍ തോന്നുന്നത് നിത്യ ചിന്മയിയുടെ പക്കലെത്തുമ്പോഴാണ്. കോളജ് അധ്യാപികയായ സന്യാസിനിയാണവര്‍. താനുള്‍ക്കൊള്ളുന്ന മതത്തിന്റെ നടത്തിപ്പിലുള്ള കോളജിലല്ല നിയമനം കിട്ടിയതും അധ്യാപനം നടത്തുന്നതും. തൃപ്പൂണിത്തുറ ഗവണ്‍മെന്റ് സംസ്‌കൃത കോളജിലെ അസിസ്റ്റന്റ് പ്രഫസറാണ് നിത്യ ചിന്മയി. ക്രൈസ്തവ, മുസ്ലീം വിഭാഗങ്ങളില്‍ പുരോഹിതരും കന്യാസ്ത്രീകളും മതപണ്ഡതരുമൊക്കെ കോളജ് അധ്യാപകരാകുന്നത് വാര്‍ത്തയേയല്ല. എന്നാല്‍ രണ്ടാമതൊരു ഹൈന്ദവ സന്യാസിനി കേരളത്തിലെ കോളജുകളില്‍ അധ്യാപികയായി കണ്ടേക്കില്ല.
അധ്യാപനം എന്നത് ഇവര്‍ക്ക് പണ്ടേയുള്ള മോഹമാണ്. ശരിക്കും പറഞ്ഞാല്‍ പത്താം വയസിലാണ് അധ്യാപനം സ്വപ്‌നമായി തലയില്‍ കയറിയത്. എന്നാല്‍ കാലം പോകെ, ആത്മീയമായ തിരിച്ചറിവുകള്‍ അധ്യാപന സ്വപ്‌നത്തെക്കാള്‍ കരുത്താര്‍ജിച്ചു. അങ്ങനെയാണ് ജീവിതം കാഷായത്തിലെത്തിയത്. സന്യാസ ജീവിതവും അധ്യാപനവും രണ്ടായി കാണേണ്ടെന്ന ഉപദേശം ലഭിച്ചതോടെ പിഎസ്‌സി പരീക്ഷയെഴുതി വേദാന്തത്തിന്റെ അധ്യാപികയായി ഗവണ്‍മെന്റ് സംസ്‌കൃത കോളജില്‍ എത്തുകയായിരുന്നു. ഇപ്പോള്‍ സര്‍വീസില്‍ ആറു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു. ഒരു തരത്തില്‍ പറഞ്ഞാല്‍ മൂന്നു ജീവിതാവസ്ഥകളിലാണ് നിത്യ ഇപ്പോള്‍. അധ്യാപികയും സന്യാസിനിയും ആണെന്നതിനു പുറമെ വിദ്യാര്‍ഥി കൂടിയാണ്. പിഎച്ച്ഡി പഠനം അവസാന ഘട്ടത്തിലേക്കടുക്കുകയാണിപ്പോള്‍.
മലയാറ്റൂര്‍ സ്വദേശി സുകുമാരന്റെയും ചെല്ലമ്മയുടെയും മകളായി സജിതയെന്ന പേരിലായിരുന്നു പൂര്‍വാശ്രമത്തിലെ ജീവിതം. അങ്ങനെയിരിക്കെയാണ് ഗുരു നിത്യചൈതന്യയതിയുമായി പരിചയത്തിലാകുന്നത്. സന്യാസത്തിലേക്ക് വഴി നയിച്ചതും ഗുരു തന്നെ. ആരാണ് ഞാന്‍ എന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു നിത്യ സന്യാസത്തില്‍ കണ്ടത്. ഗുരുവുമായുള്ള മാനസിക അടുപ്പത്തിന്റെ ഭാഗമായി സന്യാസത്തില്‍ പേരു സ്വീകരിച്ചതും നിത്യ എന്നതു കൂട്ടി. മകള്‍ സന്യാസിനിയാകുന്നത് വീട്ടുകാര്‍ക്ക് അത്ര താല്‍പര്യമുള്ള കാര്യമായിരുന്നില്ല. എതിര്‍പ്പുണ്ടായത് സ്വാഭാവികം. എന്നാല്‍ അതിനെയൊക്കെ അതിജീവിച്ച് താന്‍ കണ്ടെത്തിയ വഴിയില്‍ തന്നെ നിത്യ ഉറച്ചു നിന്നു. ഗുരു നിത്യ ചൈതന്യയതിയുടെ ശിഷ്യന്‍ സ്വാമി മുക്താനന്ദ യതിയുടെ എറണാകുളം കാഞ്ഞിരമറ്റത്തെ നിത്യനികേതനം എന്ന ആശ്രമത്തിലെ അന്തേവാസിനിയാണിപ്പോള്‍.
ഏഴു വര്‍ഷം മുമ്പായിരുന്നു സന്യാസ ദീക്ഷ സ്വീകരിക്കുന്നത്. അപ്പോള്‍ പ്രായം 38 വയസ്. അതിനു ശേഷമാണ് കോളജില്‍ അധ്യാപികയായി ചേരുന്നതും. നിത്യയുടെ സഹോദരിയും സന്യാസിനി തന്നെയാണ്. മൂത്ത സഹോദരി ഇതേ ആശ്രമത്തില്‍ തന്നെ സ്വാമിനി ശബരി ചിന്മയി എന്ന പേരിലുണ്ട്. സന്യാസിനിയായിരിക്കുമ്പോള്‍ തന്നെ തന്റെ വിദ്യാര്‍ഥികളുമായി നല്ലൊരു വൈബ് നിലനിര്‍ത്താനും നിത്യയ്ക്കു കഴിയുന്നുണ്ട്.
നിത്യയുടെ ഒരു ദിവസം തുടങ്ങുന്നത് രാവിലെ നാലരയ്ക്കാണ്. ആദ്യം പ്രാര്‍ഥനയും യോഗയുമൊക്കെയാണ്. അതിനു ശേഷം ആശ്രമത്തിലെ പാചകം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യും. പിന്നീട് കോളജിലേക്കുള്ള യാത്രയാണ്. കോളജില്‍ നിന്നു വന്നാലും ആശ്രമത്തില്‍ വേണ്ടുവോളം പണികള്‍ ബാക്കിയുണ്ടാകും. ഇതിനെല്ലാമൊപ്പം പ്രഭാഷണത്തിനു വിവിധ സ്ഥലങ്ങളില്‍ പോകുകയും ചെയ്യും. ശ്രീനാരായണ ദര്‍ശനം, ഭഗവദ് ഗീത, ഉപനിഷത്തുകള്‍ എന്നിവയിലൊക്കെയാണ് പ്രഭാഷണങ്ങള്‍ നടത്തുക. ദീക്ഷ സ്വീകരിക്കുന്നതിന് ഒരു വര്‍ഷം മുമ്പ് ഹിമാലയത്തിലേക്കും പോയിട്ടുണ്ട്.
നിത്യയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സങ്കല്‍പവും ഗുരുനിത്യയില്‍ നിന്നു കിട്ടിയത്. എല്ലാം മിഥ്യയെന്നോ സ്വപ്‌നമെന്നോ കരുതി അവഗണിക്കുന്നതല്ല ആത്മീയത. അതുകൊണ്ടാണ് അധ്യാപനത്തിലും പ്രഭാഷണത്തിലുമെല്ലാം ഇത്ര സജീവമാകാന്‍ തനിക്കു പറ്റുന്നതെന്നു നിത്യ ചിന്മയി പറയുന്നു.
കാഷായവും കലാലയവും
