നിഖില്‍ രവിശങ്കര്‍ എയര്‍ ന്യൂസീലാന്‍ഡിന്റെ മേധാവിയാകും

എയര്‍ ന്യുസീലാന്‍ഡിന്റെ പുതിയ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി ഇന്ത്യന്‍ വംശജനായ നിഖില്‍ രവിശങ്കര്‍ പ്രഖ്യാപിക്കപ്പെട്ടു. ഇദ്ദേഹം ഒക്ടോബര്‍ 20നു ചുമതലയേല്‍ക്കും. കഴിഞ്ഞ അഞ്ചു വര്‍ഷമായി എയര്‍ ന്യൂസീലാന്‍ഡിന്റെ ചീഫ് ഡിജിറ്റല്‍ ഓഫീസറായി നിഖില്‍ സേവനമനുഷ്ഠിക്കുകയായിരുന്നു. വിമാന കമ്പനിയെ പുതിയ ഉയരങ്ങളിലേക്കു നയിക്കാന്‍ ഇദ്ദേഹത്തിന്റെ നിയമനം വഴിതെളിക്കുമെന്നു കരുതപ്പെടുന്നു. നിലവില്‍ എയര്‍ ന്യൂസീലാന്‍ഡിന്റെ സിഇഓ ആയ ഗ്രെഗ് ഫോറാന്‍ സ്ഥാനമൊഴിയുന്നതോടെയാണ് നിഖില്‍ ചുമതലയേല്‍ക്കുന്നത്. ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ എന്ന നിലയില്‍ വിമാനക്കമ്പനിയുടെ ഡിജിറ്റല്‍ അടിത്തറ വികസിപ്പിക്കുന്നതിലും ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിലും മികച്ച സേവനമാണ് നിഖില്‍ നല്‍കിപ്പോന്നത്. ഇതിനുള്ള അംഗീകാരമായി പുതിയ സ്ഥാനലബ്ധി കണക്കാക്കപ്പെടുന്നു.
എയര്‍ ന്യൂസിലാന്‍ഡിന്റെ മുന്നോട്ടുള്ള കുതിപ്പിന്റെ ഗതിവേഗവും നവീകരണവുമാണ് നിഖിലിന്റെ നിയമനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് ഇദ്ദേഹത്തിന്റെ നിയമന പ്രഖ്യാപനം നടത്തുന്നതിനൊപ്പം ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ചെയര്‍മാന്‍ ഡേം തെരേസ് വാല്‍ഷ് അറിയിച്ചു. ‘കാലത്തിനൊത്തു മാറുന്നതിലും മുന്നോട്ടുള്ള പ്രയാണം നയിക്കുന്നതിലും ഞങ്ങള്‍ ഒരിക്കലും ഭീരുക്കളായിരുന്നില്ല, തന്റേടമുള്ളവര്‍ തന്നെയായിരുന്നു. ഞങ്ങളുടെ ശക്തമായ അടിത്തറയില്‍ ഊന്നി കാലത്തിനൊത്ത നേതൃത്വം നല്‍കാന്‍ നിഖിലിനു കഴിയുമെന്നുറപ്പാണ്. ഈ സ്ഥാനത്തേക്ക് ആഗോളാടിസ്ഥാനത്തില്‍ ഏറെ അന്വേഷണം നടത്തിയ ശേഷമാണ് നിഖിലിന്റെ തിരഞ്ഞെടുപ്പിന് ബോര്‍ഡ് തീരുമാനിക്കുന്നത്.’ വാല്‍ഷ് വെളിപ്പെടുത്തി.
പുതിയ സ്ഥാനലബ്ധി തന്നെ ആവേശം കൊള്ളിക്കുന്നതിനൊപ്പം എളിമയുള്ളവനാക്കുക കൂടിയാണ് ചെയ്യുന്നതെന്ന് നിയമന വാര്‍ത്തയോടു നിഖില്‍ പ്രതികരിച്ചു. ആഴത്തിലുള്ള പൈതൃകവും വിസ്മയകരമായ ഭാവിയുമുള്ള പ്രസ്ഥാനമാണ് എയര്‍ ന്യൂസീലാന്‍ഡ് എന്നും ഇതിന്റെ സിഇഓ സ്ഥാനം തനിക്കു ലഭിക്കുന്ന ബഹുമതിയാണെന്നും നിഖില്‍ കൂട്ടിച്ചേര്‍ത്തു.