ബോഡിബ്വില്‍ഡിങ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് മത്സരം ഇന്ത്യന്‍ താരത്തിനു സ്വര്‍ണം

ബാങ്കോക്ക്: വനിതകളുടെ ബോഡിബ്വില്‍ഡിങ് മത്സരത്തില്‍ മിന്നുന്ന പ്രകടനത്തോടെ ഏഷ്യന്‍ ചാമ്പ്യനായി ഇന്ത്യയുടെ ബോഡിബ്വില്‍ഡിങ് താരം നജി ഹില്ലാങ് പൊന്നണിഞ്ഞു. ബാങ്കോക്കില്‍ സമാപിച്ച ഏഷ്യന്‍ ബോഡി ബ്വില്‍ഡിങ് ആന്‍ഡ് ഫിസിക് സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പിലാണ് അരുണാചല്‍ പ്രദേശില്‍ നിന്നുള്ള നജിയുടെ സുവര്‍ണ നേട്ടം. 160 സെന്റി മീറ്റര്‍ വരെ ഉയരമുള്ളവരുടെ വിഭാഗത്തിലാണ് ഈ ഇരുപത്തഞ്ചുകാരി സ്വര്‍ണം കരസ്ഥമാക്കിയത്.
2025 നജി ഹില്ലാങ്ങിന് നേട്ടങ്ങളുടെ വര്‍ഷമായി മാറുകയാണ്. ഭൂട്ടാനില്‍ ഇക്കൊല്ലം നടന്ന പതിനഞ്ചാമത് ദക്ഷിണേഷ്യന്‍ ബോഡിബ്വില്‍ഡിങ് ചാമ്പ്യന്‍ഷിപ്പില്‍ ഒരു സ്വര്‍ണവും ഒരു വെള്ളിയും സ്വന്തം പേരില്‍ എഴുതിച്ചേര്‍ക്കാന്‍ ഇവര്‍ക്കു കഴിഞ്ഞിരുന്നു. ആദ്യമായാണ് ഒരു ഇന്ത്യന്‍ വനിതാ അത്‌ലറ്റ് ബോഡിബ്വില്‍ഡിങ്ങില്‍ സ്വര്‍ണവും വെള്ളിയും കരസ്ഥമാക്കുന്നത്.
കേരളത്തില്‍ നടന്ന നാഷണല്‍ ട്രയല്‍സില്‍ സിലക്ഷന്‍ കിട്ടിയ നജി പിന്നീട് ഇന്ത്യന്‍ ബോഡി ബ്വില്‍ഡേഴ്‌സ് അസോസിയേഷനിലെ കോച്ചുമാരുടെ കീഴിലാണ് പരിശീലനം നടത്തിയത്.