യോഗയില്‍ കുതിക്കുകയാണ് യുഎഇ, മുന്നില്‍ തൃശൂര്‍ മതിലകത്തെ യുവതിയുടെ തലയെടുപ്പ്

ഷാര്‍ജ: യോഗ ഇന്ത്യയുടെ കണ്ടെത്തലായാണ് കണക്കാക്കുന്നതെങ്കിലും ഒത്തൊരു പ്രതിയോഗി വളര്‍ന്നു വരുന്നത് യുഎഇയില്‍ നിന്ന്. ഫുജൈറയില്‍ സമാപിച്ച ആറാമത് ഏഷ്യന്‍ യോഗാസന ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്‌ക്കൊപ്പം മെഡല്‍ നിലയിലെത്തിയത് ആതിഥേയ രാജ്യമായ യുഎഇ. ഈ നേട്ടങ്ങള്‍ക്കു പിന്നിലെ കഠിനപരിശ്രമത്തിന് യുഎഇ കടപ്പെട്ടിരിക്കുന്നത് തൃശൂര്‍ മതിലകം സ്വദേശിനി നിബ മനോഹരനോട്.
രണ്ടു ദിവസം നീണ്ടു നിന്ന് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ യുഎഇ മൊത്തം 27 മെഡലുകളാണ് കൈപ്പിടിയിലൊതുക്കിയത്. ഇതില്‍ ഏഴെണ്ണം സ്വര്‍ണം, 12 എണ്ണം വെള്ളി, എട്ട് എണ്ണം വെങ്കലം. ഇന്ത്യയുടെ നേട്ടത്തിനൊപ്പമാണ് ഈ നേട്ടം. ഇന്ത്യയും ചൈനയും ഉള്‍പ്പെടെ 18 രാജ്യങ്ങളാണ് മത്സരങ്ങളില്‍ മാറ്റുരച്ചത്. യുഎഇയില്‍ ആദ്യമായാണ് യോഗ ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. മലയാളികളടക്കം മൊത്തം 35 മത്സാരാര്‍ഥികള്‍ യുഎഇക്കായി കളത്തിലിറങ്ങി. അത്ഭുതപ്പെടുന്ന പ്രകടനമാണ് അവര്‍ കാഴ്ചവച്ചത്. യോഗാ സ്‌പോര്‍ട്‌സില്‍ ആദ്യ അരങ്ങേറ്റമെന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് നിബ മനോഹരന്‍ പറഞ്ഞു. കഴിഞ്ഞ ഇരുപതു വര്‍ഷമായി യുഎഇയില്‍ കഴിയുന്ന നിബ യോഗ അധ്യാപിക എന്നതിലുപരി സ്വയം നിത്യവും യോഗ പ്രാക്ടീസ് ചെയ്യുന്നയാളുമാണ്. കഴിഞ്ഞ പത്തു വര്‍ഷമായി യോഗ പരിശീലനമാണ് പ്രധാനമായും ചെയ്തു പോരുന്നത്. യുഎഇയുടെ ടീമിനെ തിരഞ്ഞെടുത്തതു മുതല്‍ എല്ലാ കാര്യങ്ങളും ചെയ്തത് നിബയുടെ നേതൃത്വത്തിലാണ്. അവരുടെ മകന്‍ ശ്രേയസ് കൃഷ്ണയും മത്സരത്തിനിറങ്ങുകയും സ്വര്‍ണം നേടുകയും ചെയ്തു.