ന്യൂസീലാന്‍ഡില്‍ വിമാനം പറത്താന്‍ ഇന്ത്യയില്‍ വന്ന് കൊച്ചിയിലേക്ക് ഓട്ടോ ഓടിക്കുകയാണ് മുന്നു ചങ്ങാതിമാര്‍

കൊച്ചി: എണ്‍പതു വര്‍ഷം ആകാശത്തു പറന്നൊരു പഴയ വിമാനത്തെ വീണ്ടും പറക്കുന്ന അവസ്ഥയിലാക്കാനുള്ളൊരു സാഹസികനായ ന്യൂസീലാന്‍ഡ് യുവാവിന്റെ താല്‍പര്യം അയാളെ കൊണ്ടുവന്നെത്തിച്ചത് ഇന്ത്യയുടെ റോഡുകളില്‍. തന്റെ സ്വപ്‌നത്തിന്റെ സാക്ഷാത്കാരത്തിനാവശ്യമായ ധനസമാഹരണം നടത്താന്‍ ഇയാള്‍ കണ്ടെത്തിയ വളരെ വിചിത്രമായ മാര്‍ഗമാണ് ഇന്ത്യയില്‍ രാജസ്ഥാനിലെ ജയ്‌സാല്‍മേറില്‍ നിന്നു കൊച്ചി വരെ എല്ലാ പ്രതിബന്ധങ്ങളും നിറഞ്ഞ വഴികളിലൂടെ മൂവായിരത്തിലധികം കിലോമീറ്റര്‍ ഓട്ടോറിക്ഷ ഓടിക്കുക എന്നത്. മാറ്റ് ഹൈസ്‌റ്റെഡ് എന്ന ഇരുപത്തിമൂന്നുകാരന് ഈ യാത്രയില്‍ കൂട്ടായി രണ്ടു സുഹൃത്തുക്കള്‍ കൂടിയുണ്ട്. അവരും ന്യൂസീലാന്‍ഡുകാര്‍ തന്നെ.
രണ്ടാഴ്ച കൊണ്ടാണ് ഈ യാത്ര പൂര്‍ത്തിയാക്കാന്‍ ഇവര്‍ ഉദ്ദേശിക്കുന്നത്. ഇതിനിടയില്‍ ഇന്ത്യയ്ക്ക് ഏതെല്ലാം തരം റോഡുകള്‍ തരാന്‍ കഴിയുമോ അതിലെയെല്ലാം ഇവര്‍ പാതി തമാശ രൂപത്തില്‍ ‘ഗ്‌ളാറിഫൈഡ് ലോണ്‍ മോവര്‍’ എന്നു വിളിക്കുന്ന ഇന്ത്യന്‍ ഓട്ടോറിക്ഷ ഓടിച്ചിരിക്കും. ഈ യാത്രയ്ക്ക് കൃത്യമായ റൂട്ടോ റോഡോ ഇല്ല, കാണുന്ന ഏതു റോഡിലൂടെയും ഓടിക്കും. ആകെ ഉറപ്പുള്ളത് കൊച്ചിയുടെ ദിശ മാത്രം.
ഹൈസ്റ്റെഡിന് ഇതു വെറു സാഹസിക യജ്ഞമൊന്നുമല്ല. ശരിക്കുള്ള സാഹസിക യജ്ഞം കിടക്കുന്നതേയുള്ളൂ. ഡെ ഹാവില്‍ലാന്‍ഡ് 89 ഡൊമീനി എന്ന വിന്റേജ് വിമാനം ഇയാള്‍ കൂടി അംഗമായ ക്രോയ്ഡന്‍ എവിയേഷന്‍ ഹെരിറ്റേജ് ട്രസ്റ്റ് സ്വന്തമാക്കിയിരിക്കുകയാണ്. ന്യൂസീലാന്‍ഡില്‍ ആള്‍ക്കാരുമായി പറക്കാന്‍ അനുവാദമുള്ള ഇത്തരത്തിലുള്ള ഏക വിമാനമാണിത്. എണ്‍പതു വര്‍ഷം ഇതിനകം പറന്നു കഴിഞ്ഞു. പക്ഷേ, കക്ഷിക്ക് ഇപ്പോള്‍ എന്‍ജിന് പണി കൂടിയേ തീരൂ. അതിനാണെങ്കില്‍ പണം വേണം. അതു കണ്ടെത്താനുള്ള മാര്‍ഗമാണ് ഈ ചങ്ങാതിമാര്‍ക്ക് ഓട്ടോറിക്ഷ യജ്ഞം.