ന്യൂസീലാന്‍ഡില്‍ ചെറുധാന്യങ്ങളുടെ ഭക്ഷ്യമേള. അഞ്ജലി ബഹറ മാഡം ഷെഫ്, ശ്വേതയ്ക്കും ദീക്ഷയ്ക്കും അംഗീകാരം

ഓക്ലാന്‍ഡ്: ഇന്ത്യന്‍ ചെറുധാന്യങ്ങളുടെ സ്വാദും വൈവിധ്യവും അനേകരിലേക്കെത്തിച്ച് ന്യൂസീലാന്‍ഡില്‍ ചെറുധാന്യ ഭക്ഷ്യമേള. വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ചെറു ധാന്യ വിഭവങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത മേളയില്‍ അഞ്ജലി ബെഹറ മാഡം ഷെഫ് 2025 ആയി തിരഞ്ഞെടുക്കപ്പെട്ടു. ചെറുധാന്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പതിനെട്ട് വനിതകളാണ് തങ്ങള്‍ വികസിപ്പിച്ച ഭക്ഷണങ്ങളുമായി മേളയിലെത്തിയത്. ഇവയോരോന്നും മേള കാണാനെത്തിയവരുടെ അതിശയത്തിനും അംഗീകാരത്തിനും പാത്രമാകുകയും ചെയ്തു. ചെറു ധാന്യ പാചക മത്സരത്തില്‍ ശ്വേത ജയ്‌സ്വാള്‍ രണ്ടാം സ്ഥാനത്തും ദീക്ഷ അറോറ മൂന്നാം സ്ഥാനത്തുമെത്തി. കോണ്‍സുലേറ്റിന്റെയും വാഹിന്‍ ചാരിറ്റബിള്‍ ട്രസ്ര്റ്റിന്റെയും സംയുക്താഭിമുഖ്യത്തിലാണ് മേള സംഘടിപ്പിച്ചത്. ഇതോടനുബന്ധിച്ച് പാചക മത്സരത്തിനു പുറമെ ലൈവ് ഡമോണ്‍സ്‌ട്രേഷന്‍, ഭക്ഷണത്തിലൂടെ സാംസ്‌കാരിക വിനിമയം തുടങ്ങിയ പരിപാടികളുമുണ്ടായിരുന്നു. ബീഹാര്‍, കര്‍ണാടക, ഒഡീഷ, രാജസ്ഥാന്‍, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, ഉത്തരാഘണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിഭവങ്ങളാണ് മേളയില്‍ നിരന്നത്.