പിറന്നയുടന്‍ ഒരു ശിശുവിന് എത്ര വയസ് പ്രായം കാണും. സുബുദ്ധിയുള്ളവര്‍ ഇങ്ങനെ ചോദിക്കുമോയെന്നു മറുചോദ്യമുന്നയിക്കാന്‍ വരട്ടെ. അമേരിക്കയിലെ ഒഹിയോയില്‍ പിറന്ന തദേവൂസ് ഡാനിയല്‍ പിയേഴ്‌സിന് ജനന ദിവസം എത്ര പ്രായമുണ്ടെന്നറിയേണ്ടേ, മുപ്പതു വയസും ആറു മാസവും പ്രായം. ജൂലൈ 26നായിരുന്നു കുഞ്ഞു തദേവൂസിന്റെ ജനനം.
ഈ അസാധാരണങ്ങളില്‍ അസാധാരണമായ ഈ പിറവിക്കു പിന്നില്‍ വലിയൊരു കഥയുണ്ട്. സിനിമക്കഥകളെ പോലും വെല്ലുന്നൊരു കഥ.

<< ടിം പിയേഴ്‌സിന്റെ ഭാര്യ ലിന്‍ഡ്‌സി പിയേഴ്‌സ്
മുപ്പതു വര്‍ഷത്തിലധികമായി ശീതീകരിച്ചു സൂക്ഷിച്ചിരുന്നൊരു ഭ്രൂണം ദത്തെടുത്താണ് ടിം പിയേഴ്‌സിന്റെ ഭാര്യ ലിന്‍ഡ്‌സി പിയേഴ്‌സ് ഗര്‍ഭിണിയായതും പ്രസവിച്ചതുമെല്ലാം. ഭ്രൂണ ദാതാവായ ലിന്‍ഡ അര്‍ച്ചഡിന് ഇപ്പോള്‍ പ്രായം 62 വയസ്. 1994ല്‍ ലിന്‍ഡ സ്വന്തം ഭ്രൂണം ശീതീകരിച്ചു സൂക്ഷിക്കാന്‍ ഏല്‍പിക്കുമ്പോള്‍ ഇപ്പോള്‍ ആ ഭ്രൂണത്തില്‍ നിന്നു പിറന്ന കുഞ്ഞിന്റെ വളര്‍ത്തച്ഛനാകാന്‍ പോകുന്ന ടിം പിയേഴ്‌സിനു പ്രായം വെറും നാലു വയസ്. വളര്‍ത്തമ്മയാകാന്‍ പോകുന്ന ലിന്‍ഡ്‌സിക്കാകട്ടെ രണ്ടു വയസും.
ഭ്രൂണദാതാവ് ലിന്‍ഡയ്ക്ക് ആദ്യം പിറന്ന ആദ്യ കുട്ടിക്ക് ഇപ്പോള്‍ മുപ്പതു വയസു തികയുന്നു. വളര്‍ത്തമ്മ ലിന്‍ഡ്‌സിയുടെ വാക്കുകളില്‍ ‘എല്ലാമൊരു സയന്‍സ് ഫിക്ഷന്‍ പോലെയുണ്ട്.’
ഇനിയുള്ള കഥ ഫ്‌ളാഷ് ബാക്കില്‍ പറയണം. കഥ തുടങ്ങുന്നത് കഴിഞ്ഞ നൂറ്റാണ്ടിലെ തൊണ്ണൂറുകളുടെ തുടക്കത്തില്‍. ലിന്‍ഡ ആര്‍ച്ചഡും അന്നത്തെ ഭര്‍ത്താവും ഒരു കുട്ടിക്കു വേണ്ടി ദീര്‍ഘനാളായി പരിശ്രമിക്കുകയാണ്. ഒന്നും ഫലം കാണുന്നില്ല. അങ്ങനെ ആറു വര്‍ഷം കടന്നു പോയി. അവസാനം അവര്‍ നാടന്‍ ഭാഷയില്‍ ടെസ്റ്റ് ട്യൂബ് ശിശു എന്നു വിളിക്കുന്ന ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐവിഎഫ്) നടത്താന്‍ തീരുമാനിക്കുന്നു. ഇതിനായി നാലു ഭ്രൂണങ്ങള്‍ തയാറാക്കുന്നു. അതിലൊന്നിനെ ലിന്‍ഡ തന്റെ ഉദരത്തില്‍ സ്വീകരിക്കുന്നു. ആ കുട്ടി വളര്‍ന്നാണ് ഇപ്പോള്‍ മുപ്പതു വയസുള്ള യുവതിയായിരിക്കുന്നത്. ആ യുവതിയുടെ ആദ്യ കുട്ടിക്ക് പ്രായം പത്തു വയസ്!
യഥാര്‍ഥത്തില്‍ ബാക്കിയുള്ള ഭ്രൂണങ്ങള്‍ സ്വയം സ്വീകരിക്കാന്‍ തന്നെയായിരുന്നു ലിന്‍ഡയുടെ തീരുമാനമെങ്കിലും ഭര്‍ത്താവ് അതിനെ എതിര്‍ത്തു. രണ്ടാമതൊരു കുട്ടി വേണ്ടെന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം.

<< ലിന്‍ഡ ആര്‍ച്ചഡ്
അന്നു മുതല്‍ മൂന്നു ഭ്രൂണങ്ങളും ലിന്‍ഡ സ്വന്തം പണച്ചെലവില്‍ സൂക്ഷിക്കുകയാണ്. പ്രതിവര്‍ഷം ആയിരം ഡോളര്‍ വീതമാണ് ഇതിനു ഫീസായി കൊടുത്തിരുന്നത്. ഇതിനിടെ ഭര്‍ത്താവുമായുള്ള ബന്ധം പിരിയുകയും ചെയ്തിരുന്നു. അങ്ങനെ ലിന്‍ഡയ്ക്ക് ആര്‍ത്തവ വിരാമമെത്തി. എന്നാല്‍ ഭ്രൂണങ്ങളെ ഉപേക്ഷിച്ചു കളയാന്‍ മനസു വന്നതുമില്ല. ഈ പ്രതിസന്ധിയിലാണ് ഭ്രൂണത്തിനു സ്വീകര്‍ത്താക്കളെ തേടാമെന്നു തീരുമാനിക്കുന്നത്. ഭ്രൂണ ദത്തെടുക്കലിന് അവസരമൊരുക്കുന്ന വിവിധ ഏജന്‍സികള്‍ അമേരിക്കയിലുണ്ട്. എല്ലാംതന്നെ വിവിധ ക്രിസ്ത്യന്‍ സഭകള്‍ നടത്തുന്നവയാണ്. ലിന്‍ഡയാകട്ടെ കടുത്ത ക്രിസ്തുമത വിശ്വാസിയും.
അപ്പോഴാണ് മറ്റൊരു പ്രശ്‌നം ഉദിക്കുന്നത്. ഇത്രയും പഴക്കം ചെന്ന ഭ്രൂണം ആര്‍ക്കും ആവശ്യമില്ല. കാരണം പുതിയ സാങ്കേതിക വിദ്യയുടെ തുടക്കകാലത്ത് സൂക്ഷിപ്പു സമ്പ്രദായങ്ങള്‍ ഇത്രമേല്‍ വികസിച്ചിരുന്നില്ല. പോരെങ്കില്‍ ആധുനിക സാങ്കേതിക വിദ്യയില്‍ സൂക്ഷിച്ചിരിക്കുന്ന ഭ്രൂണങ്ങള്‍ കിട്ടാനുമുണ്ട്.
അങ്ങനെയിരിക്കെയാണ് നൈറ്റ് ലൈറ്റ് ക്രിസ്റ്റിയന്‍ അഡോപ്ഷന്‍ ഏജന്‍സി നടത്തുന്ന സ്‌നോ ഫ്‌ളേക്‌സ് എന്ന പരിപാടിയെക്കുറിച്ച് ലിന്‍ഡ കേള്‍ക്കുന്നത്. ലിന്‍ഡ ഇതില്‍ പേരു രജിസ്റ്റര്‍ ചെയ്യുന്നു. അവര്‍ കാലപ്പഴക്കം വകവയ്ക്കാതെ ഭ്രൂണം ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിക്കുന്നു. പാതി പ്രശ്‌നം അതോടെ തീരുന്നു. ഇനിയൊരു സ്വീകര്‍ത്താവിനെ വേണം. അത് അടുത്ത തലവേദന. പഴയ ‘പ്രാകൃത’ രീതിയില്‍ ശീതീകരിച്ചു സൂക്ഷിച്ചിരിക്കുന്ന ഭ്രൂണങ്ങള്‍ തണുപ്പു മാറ്റുന്ന പുതിയ രീതികളെ അതിജീവിക്കില്ല എന്നതിനാല്‍ സ്വീകര്‍ത്താക്കള്‍ക്ക് അതിനോടു താല്‍പര്യക്കുറവാണെങ്ങും.
അന്ന് ഭ്രൂണ ശേഖരണം നടത്തിയ ഡോക്ടറെ അലഞ്ഞു നടന്ന് കണ്ടെത്തി അദ്ദേഹത്തിന്റെ ശേഖരത്തില്‍ നിന്ന് അക്കാലത്തെ മെഡിക്കല്‍ റെക്കോര്‍ഡുകളുടെ പകര്‍പ്പ് സഹിതമായിരുന്നു സ്വീകര്‍ത്താവിനായി ലിന്‍ഡയുടെ അന്വേഷണം. വിവഹിതരായ കോക്കേഷ്യന്‍ ക്രിസ്ത്യന്‍ ദമ്പതിമാരായിരിക്കണം സ്വീകര്‍ത്താക്കളെന്ന കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ലിന്‍ഡ അപ്പോഴും ഒരുക്കമായിരുന്നില്ല. അങ്ങനെയിരിക്കെയാണ് ഇത്തരം പഴക്കം ചെന്ന ഭ്രൂണങ്ങള്‍ മാത്രം വച്ച് ഓപ്പണ്‍ ഹാര്‍ട്‌സ് എന്നൊരു പരിപാടി സ്‌നോ ഫ്‌ളേക്‌സിന്റെയായി നടക്കുന്നത്. അതില്‍ രജിസ്റ്റര്‍ ചെയ്തതോടെയാണ് ലിന്‍ഡ്‌സി-ടിം പിയേഴ്‌സ് ദമ്പതിമാര്‍ ലിന്‍ഡ ആര്‍ച്ചഡിനെ പരിചയപ്പെടുന്നത്.
അത്രയും കാലം മുമ്പു തന്നെ ഭ്രൂണം ശീതീകരിച്ചു സൂക്ഷിക്കുന്നതു സാധ്യമായിരുന്നെന്ന അറിവുപോലും ടിമ്മിനും ലിന്‍ഡ്‌സിക്കും പുതിയതായിരുന്നു. ദൈവത്തില്‍ ഉറച്ചു വിശ്വസിച്ചു കൊണ്ട് അവര്‍ ഭ്രൂണം സ്വീകരിക്കാന്‍ തയാറെടുത്തു. അതിനായി ടെന്നസീയിലുള്ള റിജോയ്‌സ് ഫെര്‍ട്ടിലിറ്റി എന്ന ആശുപത്രിയില്‍ പേരു രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഡോ. ജോണ്‍ ഗോര്‍ഡന്‍ എന്ന ക്രിസ്ത്യന്‍ വിശ്വാസിയുടേതായിരുന്നു ആ ആശുപത്രി.

<< ഭ്രൂണങ്ങള്‍
ശീതീകരണിയില്‍ നിന്നു ഡോ. ഗോര്‍ഡന്‍ ഭ്രൂണങ്ങള്‍ പുറത്തെടുത്തു. വെറും പ്ലാസ്റ്റിക് പാത്രങ്ങളില്‍ സൂക്ഷിച്ചിരുന്ന ഭ്രൂണത്തെ കേടു കൂടാതെ ശരീര താപനിലയിലേക്കു കൊണ്ടുവരുന്നതായിരുന്നു ആദ്യത്തെ കടമ്പ. മൂന്നില്‍ രണ്ടു ഭ്രൂണങ്ങളും ആ ഘട്ടം വിജയകരമായി തരണം ചെയ്തു. ആ ഭ്രൂണങ്ങള്‍ രണ്ടും ലിന്‍ഡ്‌സിയുടെ ഗര്‍ഭപാത്രത്തിലേക്കു വിജയകരമായി നീക്കി. അതിലൊന്നാണ് പിന്നീടു വളര്‍ന്ന് യുവശിശുവായി മാറിയ തദേവൂസ്. കഴിഞ്ഞ നവംബര്‍ പതിനാലിനായിരുന്നു ഭ്രൂണമാറ്റം നടത്തുന്നത്. നമ്മള്‍ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം നവംബര്‍ 14 ശിശുദിനം കൂടിയാണെന്നോര്‍ക്കുക. ഒഹിയോയില്‍ നിന്നു ടെന്നസീ വരെ തന്റെ അറുപത്തിനാലാം വയസില്‍ യാത്ര ചെയ്‌തെത്തി തന്റെ ഭ്രൂണത്തില്‍ നിന്നു വളര്‍ന്ന കുഞ്ഞിനെ കാണാനുള്ള തയാറെടുപ്പിലാണ് ലിന്‍ഡയിപ്പോള്‍.