ഇതോ സാരി-പാന്റ്‌സ് ഫ്യൂഷന്‍ വേഷം- എയറിലായി എയര്‍ഇന്ത്യ വനിതാ കാബിന്‍ ക്രൂവിന്റെ പുതിയ യൂണിഫോം

ന്യൂഡല്‍ഹി: ഏറെ ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷം ടാറ്റയുടെ എയര്‍ ഇന്ത്യ കാബിന്‍ ക്രൂവായ വനിതകള്‍ക്കു നടപ്പാക്കിയ യൂണിഫോം എയറിലായിരിക്കുകയാണിപ്പോള്‍. എന്തു വിചിത്രമാണ് ഈ വേഷമെന്നാണ് സോഷ്യല്‍ മീഡിയയില്‍ എയര്‍ ഇന്ത്യയെ സ്‌നേഹിക്കുന്നവരും അതില്‍ യാത്രചെയ്യുന്നവരും എഴുതിപ്പൊളിച്ചുകൊണ്ടിരിക്കുന്നത്. ഫ്യൂഷന്‍ യൂണിഫോം എന്ന നിലയില്‍ സാരിയും പാന്റ്‌സും ഒത്തു ചേരുന്ന വേഷമാണ് സെലിബ്രിറ്റി ഡിസൈനറായ മനീഷ് മല്‍ഹോത്ര എയര്‍ ഇന്ത്യ ജീവനക്കാരികള്‍ക്കായി രൂപകല്‍പന ചെയ്തത്. ഇതില്‍ പ്രധാന വേഷം ഇത്തിരി അയവുള്ള പാന്റ്‌സാണ്. പക്ഷേ, സാധാരണ സ്യൂട്ടിങ് തുണിയുടേതല്ലെന്നു മാത്രം. അരയ്ക്കു മുകളിലേക്ക് ലോങ് ബ്ലൗസ്. ഇതു ശരീരം മുഴുവനായി നന്നായി മറയ്ക്കുന്നതാണ്. പഴയ ഹാഫ് സാരിക്കു തുല്യമായ ഒരു സെമി സാരിയുടെ ഒരറ്റം പാന്റസിന്റെ അരപ്പടിയില്‍ കുത്തിയ ശേഷം ബാക്കി ഭാഗം പല്ലവ് പോലെ പിന്നിലേക്കിടുന്നു. പിന്നിലേക്കു ഭാഗം വിടര്‍ന്നു കിടക്കാതെ ബ്ലൗസിന്റെയൊപ്പം ഒരു സ്ലീവ് നിര്‍മിച്ച് അതില്‍ ഒതുക്കി വച്ചിരിക്കുകയാണ്.
കാഴ്ചയ്ക്കു പരിചിതമല്ലാത്തതിന്റെ കുഴപ്പമേ ഇതിനുള്ളൂ എന്നു ചിലര്‍ അഭിപ്രായപ്പെടുമ്പോള്‍ ഭൂരിപക്ഷം പേരും പറയുന്നത് സാരിയുടെ ഭംഗിയോ മോഡേണ്‍ ഡ്രസിന്റെ ആകര്‍ഷകതയോ പുതിയ യൂണിഫോമി്‌ന് ഇല്ലെന്നാണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ തന്നെ യൂണിഫോം മാറ്റം എയര്‍ ഇന്ത്യ അറിയിച്ചിരുന്നതാണെങ്കിലും നടപ്പാക്കുന്നത് ഇപ്പോഴാണ്. അതു തന്നെ ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുമുണ്ട്.