മുടിയില്ലാ തലമാറട്ടെ, കഷണ്ടിക്കാര്‍ക്കു നല്ലകാലം വരുന്നുണ്ട്

കാലിഫോര്‍ണിയ: ഇക്കണക്കിനു പോയാല്‍ സാക്ഷാല്‍ കുഞ്ചന്‍ നമ്പ്യാര്‍ വന്നാലും ‘കിണ്ണനെക്കാള്‍ മിനുപ്പുള്ള കഷണ്ടിക്കാരെ’ കണികാണാന്‍ പോലും കിട്ടിയേക്കില്ല. എന്നു മാത്രമല്ല, മരുന്നില്ലാത്ത രോഗങ്ങളുടെ പട്ടികയില്‍ അസൂയയെ തനിച്ചാക്കി കഷണ്ടി നെറുകവിട്ടു പോകുകയും ചെയ്യും.
കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍ കഷണ്ടിക്കു പരിഹാരം കണ്ടുപിടിച്ചിരിക്കുന്നു എന്നുമാത്രമല്ല, മനുഷ്യരില്‍ ഇതുവരെ നടത്തിയ പരീക്ഷണങ്ങളിലെല്ലാം പനങ്കുല പോലെയുള്ള പരിഹാരവും തന്നിരിക്കുന്നു. പിപി 405 എന്നയിനം പുതിയ തന്മാത്രയെ വികസിപ്പിച്ചെടുത്തതാണ് ഇവരുടെ ഗവേഷണങ്ങളെ ഇല്ലാത്ത മുടി കിളിര്‍പ്പിക്കുന്ന വണ്ടര്‍ഫുള്‍ ഫലത്തിലെത്തിച്ചത്. ഇതുവരെയുള്ള കഷണ്ടിമരുന്നുകള്‍ക്കെല്ലാം ഒന്നല്ലെങ്കില്‍ മറ്റൊരു ദോഷഫലം ഉണ്ടായിരുന്നെങ്കിലും കണ്ടത്രയും വച്ച് പിപി405ന് അങ്ങനെയൊരു പ്രശ്‌നവുമില്ല.
നിലവില്‍ കഷണ്ടിക്കാര്‍ കണ്‍കണ്ട പരിഹാരമായി വച്ചിരിക്കുന്നത് തലമുറി പറിച്ചുനടീല്‍ അഥവാ ട്രാന്‍സ്പ്ലാന്റേഷനെയാണ്. എന്നാല്‍ സാധാരണക്കാരന്റെ കീശയ്‌ക്കൊതുങ്ങുന്നതല്ല ഈ പരിഹാരം. അതിനാല്‍ മടിയില്‍ കനമുള്ളവന്റെ ലോകത്തു മാത്രമായി പറിച്ചുനടീല്‍ ഒതുങ്ങിപ്പോയി. പിപി 405ന്‌റെ കാര്യം അങ്ങനെയല്ല, ചെലവു തീരെ കുറവ്. ഡൈഹൈഡ്രോ ടെസ്‌റ്റോസ്റ്റിറോണ്‍ എന്ന ഹോര്‍മോണ്‍ ശരീരത്തില്‍ അധികമായുണ്ടാകുന്നതാണ് കഷണ്ടിയുടെ മൂലകാരണമെന്നു പണ്ടേ കണ്ടെത്തിയിട്ടുണ്ട്. പിപി 405 ചെയ്യുന്നത് ഹോര്‍മോണിനെ അതിന്റെ വഴിക്കു വിട്ടിട്ട് അതുമൂലം തലയിലെയും മറ്റും രോമങ്ങളുടെ അടഞ്ഞുപോയ സുഷിരങ്ങളെ വീണ്ടും സജീവമാക്കുകയാണ്. വെറുതെ തലയില്‍ പുരട്ടുക മാത്രം മതിയാകുമെന്നതാണ് ഇതിന്റെ മെച്ചം. ഗവേഷണം ഇക്കണക്കിനു പോയാല്‍ രണ്ടോ മൂന്നോ വര്‍ഷം കൊണ്ടു ലോകം മുഴുവന്‍ പിപി405 എത്തുമെന്നാണ് കരുതുന്നത്.