ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവ് പി. എസ്. ശ്രീധരന്‍ പിള്ളയെ ഗോവ ഗവര്‍ണര്‍ സ്ഥാനത്തു നിന്നു മാറ്റി. ഇപ്പോള്‍ ചെന്നൈയില്‍ താമസമാക്കിയ തെലുഗുദേശം പാര്‍ട്ടി നേതാവ് പശുപതി അശോക് ഗജപതി റാവുവാണ് പുതിയ ഗോവ ഗവര്‍ണര്‍.
ഗോവ ഗവര്‍ണര്‍ സ്ഥാനത്ത് ശ്രീധരന്‍ പിള്ള കാലാവധി പൂര്‍ത്തിയാക്കിയിരുന്നു. മുന്‍പ് മേഘാലയ ഗവര്‍ണറായിരുന്ന ശ്രീധരന്‍ പിള്ള ആ പദവിയില്‍ കാലാവധി പൂര്‍ത്തിയാക്കിയ മുറയ്ക്കായിരുന്നു ഗോവയില്‍ ഗവര്‍ണറായി ചുമതലയേറ്റത്. ഇദ്ദേഹത്തിനു പുതിയ നിയമനങ്ങളൊന്നും നല്‍കിയിട്ടില്ല. പുതിയ ഗവര്‍ണര്‍ നിയമനത്തിന്റെ വിജ്ഞാപനം രാഷ്ട്രപതി ഭവനില്‍ നിന്നാണു പുറത്തിറക്കിയത്.
ഗോവയ്ക്കു പുറമെ ലഡാക്കിലും ഹരിയാനയിലും നിലവിലുള്ള ഗവര്‍ണര്‍മാരെ മാറ്റിയിട്ടുണ്ട്. ലഡാക്കില്‍ ബി. ഡി. മിശ്ര രാജിവച്ച ഒഴിവില്‍ കവീന്ദര്‍ ഗുപ്ത ഗവര്‍ണറായി ചുമതലയേല്‍ക്കും. ഹാഷിംകുമാര്‍ ഘോഷാണ് ഹരിയാനയിലെ പുതിയ ഗവര്‍ണര്‍.
കാല്‍ നൂറ്റാണ്ടിലേറെയായി ആന്ധ്രപ്രദേശ് നിയമസഭാംഗമായിരുന്നു അശോക് ഗജപതി രാജു. പതിമൂന്നു വര്‍ഷം ആന്ധ്ര സര്‍ക്കാരില്‍ മന്ത്രിസ്ഥാനവും വഹിച്ചിട്ടുണ്ട്. ജനതാ പാര്‍ട്ടിയിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്കു കടന്നു വരുന്നത്. പിന്നീട് തെലുഗുദേശം പാര്‍ട്ടിയിലേക്കു ചുവടു മാറി. ഒന്നാം നരേന്ദ്ര മോദി മന്ത്രിസഭയില്‍ വ്യോമഗതാഗത മന്ത്രിയായിരുന്നെങ്കിലും ആന്ധ്രപ്രദേശിനു പ്രത്യേക പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. ആന്ധ്രയിലെ പശുപതി രാജകുടുംബാംഗമാണ്. 2014-ല്‍ ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട സുനില ഗജപതി രാജുവാണ് ഭാര്യ.
ഗോവയ്ക്കു പുതിയ ഗവര്‍ണര്‍; ശ്രീധരന്‍ പിള്ള പുറത്ത്
