വാഷിങടന്‍: അമേരിക്കന്‍ ഹോംലാന്‍ഡ് സെക്യുരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് (ഡിഎച്ച്എസ്) വീസ സംബന്ധമായി കൊണ്ടുവന്നിരിക്കുന്ന നയംമാറ്റം ഇന്ത്യന്‍ പ്രഫഷണലുകള്‍ക്കും മറ്റും വലിയ കുരുക്കായി മാറുന്നുവെന്ന് റിപ്പോര്‍ട്ട്. ഇവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യമാണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്.
കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള തൊഴില്‍ അംഗീകാര രേഖയായ ഇഎഡി (എംപ്ലോയ്‌മെന്റ് ഓതറൈസേഷന്‍ ഡോക്യുമെന്റ്‌സ്) പുതുക്കുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ നിബന്ധനകള്‍ കൊണ്ടുവന്നിരിക്കുന്നത്. ഇത്രകാലവും പുതുക്കാന്‍ അപേക്ഷ നല്‍കുന്നവര്‍ക്ക് അത് സ്വമേധയാ പുതുക്കി നല്‍കുമായിരുന്നെങ്കില്‍ ഇനി മുതല്‍ കാലാവധി തീരുന്നതിന് 180 ദിവസം മുമ്പ് പുതുക്കാനുള്ള അപേക്ഷ നല്‍കിയിരിക്കണം. അല്ലാത്ത പക്ഷം പുതുക്കി കിട്ടുന്നതു സംബന്ധിച്ച് ഉറപ്പില്ലാത്ത അവസ്ഥയായിരിക്കും. സ്വമേധയാ പുതുക്കി കിട്ടുന്നതിനുള്ള അവസാന തീയതി വ്യാഴാഴ്ചയായിരുന്നു. ഇന്നു മുതല്‍ പുതിയ നയമായിരിക്കും പ്രാബല്യത്തിലുണ്ടാകുക. ആയിരക്കണക്കിനു തൊഴിലാളികളെയാണ് ഇതു പ്രതികൂലമായി ബാധിക്കാന്‍ പോകുക. സ്വമേധയാ പുതുക്കി ലഭിക്കുമായിരുന്ന അവസാന ദിവസം ഇന്നലെയാണെന്നു വ്യക്തമാക്കുന്ന ഉത്തരവ് ഇറങ്ങുന്നത് അതിനു തലേ ദിവസം മാത്രമായിരുന്നു.
ഇനി മുതല്‍ ലഭിക്കുന്ന അപേക്ഷകളില്‍ വിശദമായ അന്വേഷണം നടത്തിയ ശേഷമേ പുതുക്കുകയുള്ളൂ. അതിനാണ് വളരെ നേരത്തെ അപേക്ഷ സമര്‍പ്പിക്കണമെന്നു പറയുന്നത്. ഇതു വരെ ഇഎഡി കാലാവധി കഴിഞ്ഞാലും 540 ദിവസം വരെ യുഎസില്‍ തങ്ങാമായിരുന്നു. ഇനി അങ്ങനെയൊരു സൗജന്യം ലഭിക്കില്ല. കാലാവധി തീരുന്ന ദിവസം പുതുക്കിയ ഇഎഡി കൈവശമില്ലാത്ത എല്ലാവര്‍ക്കും ജോലി അവസാനിപ്പിക്കേണ്ടി വരും.

