കൊച്ചി: മലയാള സിനിമ മേഖലയിലെ താരങ്ങളുടെ സംഘടനയായ അമ്മയിലെ അംഗങ്ങളുടെയിടയിലെ ഇടച്ചിലിനു പുതിയ മാനം നല്‍കിക്കൊണ്ട് നടി പൊന്നമ്മ ബാബുവിന്റെ രംഗപ്രവേശം. സംഘടനയിലെ വനിതാംഗങ്ങള്‍ തൊഴില്‍ മേഖലയില്‍ തങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ വിവരിച്ചുകൊണ്ട് തയാറാക്കിയ റെക്കോര്‍ഡിങ്ങിലെ മെമ്മറി കാര്‍ഡ് കാണാതായെന്നാണ് പൊന്നമ്മ ബാബുവിന്റെ ആരോപണം. നടി കുക്കു പരമേശ്വരനാണ് സ്ത്രീ ജീവനക്കാരുടെ ദുരനുഭവങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയതെന്ന് അവര്‍ വെളിപ്പെടുത്തി. ഈ മെമ്മറി കാര്‍ഡ് ഹേമ കമ്മിറ്റിക്കു മുമ്പാകെ ഹാജരാക്കിയതായി അറിവില്ലെന്നും അവര്‍ പറഞ്ഞതായി അറിയുന്നു.
‘രണ്ടു ക്യാമറ അപ്പുറവും ഇപ്പുറവും ഓണാക്കി വച്ചിരുന്നു. നിങ്ങള്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ പറയണമെന്നു പറഞ്ഞു. വേണ്ടപ്പെട്ടവരെ ഇക്കാര്യങ്ങള്‍ അറിയിച്ച് നീതി വാങ്ങിത്തരുമെന്നു പറഞ്ഞതോടെ പാവങ്ങളായ കുറച്ചു പേര്‍ അവരുടെ ബുദ്ധിമുട്ടുകള്‍ പറഞ്ഞു. എന്തിനാണ് ഷൂട്ട് ചെയ്യുന്നതെന്ന് ഉഷയും പ്രിയങ്കയും ചോദിച്ചിരുന്നു. കാണിക്കേണ്ടവരെ കാണിക്കണമല്ലോ. ഇങ്ങനെയൊക്കെ ഉണ്ടായത് അവരറിയാന്‍ വേണ്ടിയാണ് ഷൂട്ടു ചെയ്യുന്നതെന്നു പറഞ്ഞു. പക്ഷേ, പിന്നീടു കുക്കുവിനോടു വീഡിയോയെകുറിച്ച് ചോദിക്കുമ്പോള്‍ സേഫ് ആയി കൈയിലുണ്ടെന്നാണ് പലപ്പോഴും പറഞ്ഞത്. പിന്നീട് ഇതിനെക്കുറിച്ച് പരാമര്‍ശമൊന്നും ഉണ്ടായില്ല. അങ്ങനെ നോക്കുമ്പോള്‍ ഈ ഹാര്‍ഡ് ഡിസ്‌ക് എവിടെയാണ്. ആരുടെ കൈയിലാണ്. പാവം മരിച്ചു പോയ ലളിത ചേച്ചിയുടെ കൈയിലായിരിക്കുമെന്നാണ് ഇപ്പോള്‍ പറയുന്നത്. ലളിത ചേച്ചി അന്ന് ആ മീറ്റിംഗില്‍ ഉണ്ടായിരുന്നു. ലളിത ചേച്ചിയുടെ ആത്മാവ് ഇവര്‍ക്കു മാപ്പു കൊടുക്കട്ടെ’ പൊന്നമ്മ ബാബു പറഞ്ഞു.
അമ്മയില്‍ പുതിയ വിവാദം, മെമ്മറി കാര്‍ഡ് തര്‍ക്കത്തിലേക്ക്
