ഖത്തറിന്റെ ഭീഷണിയേറ്റു, ട്രംപിനെ കാണുന്നതിനു മുമ്പ് മാപ്പുപറഞ്ഞ് നെതന്യാഹു

ന്യൂയോര്‍ക്ക്: ഒടുവില്‍ ഖത്തറിന്റെ ഭീഷണിക്ക് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു വഴങ്ങി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ചര്‍ച്ച നടത്തുന്നതിനു മുന്നോടിയായി ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്‌മാന്‍ അല്‍ താനിയെ ഫോണില്‍ വിളിച്ചു ഖത്തറില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിനു മാപ്പു പറയാന്‍ നെതന്യാഹു തയ്യാറാകുകയായിരുന്നു. ഖത്തറില്‍ നടത്തിയ ആക്രമണം ഒരു രാജ്യത്തിന്റെ പരമാധികാരത്തിനു മേല്‍ നടത്തിയ ആക്രമണമായിരുന്നെന്നു നെതന്യാഹു ഫോണ്‍ സംഭാഷണത്തിനിടെ സമ്മതിച്ചു.
ട്രംപ്് മുന്നോട്ടുവച്ച ഇരുപത്തൊന്നിന വെടിനിര്‍ത്തല്‍ പദ്ധതി ചര്‍ച്ച ചെയ്യുന്നതിനായിരുന്നു നെതന്യാഹുവിന്റെ വൈറ്റ്ഹൗസ് സന്ദര്‍ശനം. ഈ കൂടിക്കാഴ്ചയ്ക്കു മുമ്പായി ഖേദം പ്രകടിപ്പിക്കണമെന്നു ട്രംപ് നിര്‍ദേശിച്ചിരുന്നോയെന്നു വ്യക്തമല്ല. എന്തായാലും ഖേദപ്രകടനം കഴിഞ്ഞാണ് നെതന്യാഹു ചര്‍ച്ചയ്ക്കു കയറിയത്. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കണമെങ്കില്‍ ഇസ്രയേല്‍ മാപ്പു പറയണമെന്ന് ഖത്തര്‍ നിബന്ധന വച്ചിരുന്നു. വെടിനിര്‍ത്തല്‍ ചര്‍ച്ചകളിലെ മധ്യസ്ഥ രാഷ്ട്രമാണ് ഖത്തര്‍.