നെതന്യാഹു കലിപ്പിലാണ്. അല്‍ബനീസിക്കെതിരേ കടുത്ത വാക്കില്‍ വ്യക്തിപരമായ അധിക്ഷേപം

ടെല്‍ അവീവ്: ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസിക്ക് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവില്‍ നിന്നു കേള്‍ക്കേണ്ടി വന്നത് കുട്ട നിറയെ നിന്ദാവാക്കുകള്‍. ചരിത്രം അല്‍ബനീസിയെ ഓര്‍മിക്കുന്നത് ദുര്‍ബലനായ രാഷ്ട്രീയക്കാരന്‍ എന്ന നിലയിലായിരിക്കുമെന്ന് നെതന്യാഹു എക്‌സില്‍ കുറിച്ചു. ഇസ്രയേലിനെ ഒറ്റിക്കൊടുക്കുകയും ജൂത സമൂഹത്തെ ഉപേക്ഷിക്കുകയും ചെയ്ത ദുര്‍ബലനാണ് അല്‍ബനീസി എന്നാണ് അദ്ദേഹത്തിനു മേല്‍ നെതന്യാഹു ചൊരിഞ്ഞ വ്യക്തിപരമായ അധിക്ഷേപം.
യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പലസ്തീനെ അംഗീകരിക്കുന്നതായി അല്‍ബനീസി പ്രഖ്യാപിച്ചതു മുതല്‍ ഇസ്രയേലുമായുള്ള ബന്ധം വളരെ വഷളായിരുന്നു. എങ്കില്‍ കൂടി അധിക്ഷേപത്തിനുള്ള ഇപ്പോഴത്തെ കാരണം ഇസ്രയേലിലെ തീവ്ര വലതുപക്ഷ നേതാവായ സിംച റോത്ത്മാന് ഓസ്‌ട്രേലിയയിലേക്കുള്ള പ്രവേശനം തടഞ്ഞതാണ്. ഇതിനു തിരിച്ചടിയായി പലസ്തീന്‍ അതോറിറ്റിയിലേക്കുള്ള ഓസ്‌ട്രേലിയന്‍ പ്രതിനിധികളുടെ വിസ ഇസ്രയേലും റദ്ദാക്കി. ഇസ്രയേലിലെ ഭരണ മുന്നണിയിലെ അംഗമാണ് പ്രവേശനം തടയപ്പെട്ട സിംച റോത്ത്മാന്‍. ഓസ്‌ട്രേലിയന്‍ ജൂത സമൂഹത്തിന്റെ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി സിംച പുറപ്പെടുന്നതിനു തൊട്ടു മുമ്പായിരുന്നു അല്‍ബനീസിയുടെ തീരുമാനം വരുന്നത്.