ഗാസ: ഹമാസ് സമാധാന കരാര്‍ ലംഘിച്ചെന്നും ഇതിന് മറുപടിയായി ശക്തമായ ആക്രമണം നടത്തണമെന്നും ഉത്തരവിട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹു. സമാധാന കരാറിന്റെ വ്യക്തമായ ലംഘനം നടത്തിക്കൊണ്ട് തങ്ങളുടെ സൈന്യത്തിനു നേരേ ഹമാസ് നിറയൊഴിക്കുകയാണെന്ന് നെതന്യാഹു ആരോപിച്ചു. നെതന്യാഹുവിന്റെ ഉത്തരവിനു തൊട്ടു പിന്നാലെ ഗാസയില്‍ ഇസ്രയേല്‍ സൈന്യം വ്യോമാക്രമണം ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
ഹമാസ് തിരികെയേല്പിച്ച മൃതദേഹങ്ങളിലൊന്ന് രണ്ടുവര്‍ഷം മുമ്പ് മരിച്ച ബന്ദിയുടെയാണെന്നും ഇതു സമാധാന കരാറിന്റെ ലംഘനമാമെന്നും നെതന്യാഹു പറഞ്ഞു. ഇസ്രയേല്‍ ആക്രമണം ആരംഭിച്ച സാഹചര്യത്തില്‍ ഇനി തിരികെയേല്പിക്കാനുള്ള മൃതദേഹങ്ങള്‍ തിരികെ നല്‍കുന്നതല്ലെന്നു ഹമാസും പ്രഖ്യാപിച്ചു. കൂടുതല്‍ മൃതദേഹങ്ങള്‍ വീണ്ടെടുക്കണമെങ്കില്‍ കെട്ടിട ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ കഴിയുന്ന വലിയ യന്ത്രങ്ങള്‍ വേണമെന്നാണ് ഹമാസിന്റെ നിലപാട്.
ഹമാസിനു നല്‍കേണ്ട തിരിച്ചടിയുടെ സ്വഭാവം നിശ്ചയിക്കുന്നതിനായി ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യോഗം ഇന്നു തന്നെ വിളിച്ചുചേര്‍ക്കാനാണ് നെതന്യാഹുവിന്റെ തീരുമാനം. ഗാസയില്‍ മാനവികതയുടെ അടിസ്ഥാനത്തില്‍ അനുവദിച്ചിരിക്കുന്ന സഹായ വിതരണം തടയുക, ശക്തമായ സൈനിക നിയന്ത്രണം ഏര്‍പ്പെടുത്തുക, സൈനിക നീക്കം കടുപ്പിക്കുക, ഹമാസ് നേതാക്കളെ ലക്ഷ്യം വച്ച് ആക്രമണങ്ങള്‍ നടത്തുക തുടങ്ങിയ കാര്യങ്ങളാണ് ഇസ്രയേല്‍ ആലോചിച്ചുകൊണ്ടിരിക്കുന്നത്.

