മെല്‍ബണ്‍: നേപ്പാള്‍ കത്തിയെരിയുമ്പോള്‍ അതിന്റെ ചൂട് ഓസ്‌ട്രേലിയയിലും എത്തുന്നു. ഓസ്‌ട്രേലിയന്‍ നേപ്പാള്‍ വംശജര്‍ പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട ഇരുപതു ചെറുപ്പക്കാരുടെ ഓര്‍മകള്‍ക്കു മുന്നില്‍ ശ്രദ്ധാഞ്ജലിയര്‍പ്പിച്ച് കാന്‍ഡില്‍ ലൈറ്റ് വിജില്‍ ഇന്നലെ രാത്രി നടത്തി. മെല്‍ബണ്‍ ഫെഡറേഷന്‍ സ്‌ക്വയറില്‍ നടന്ന പരിപാടി സമാധാനപരമായിരുന്നെങ്കിലും എല്ലാ പ്രദേശങ്ങളില്‍ നിന്നുമുള്ള നേപ്പാളി ജനത ഫെഡറേഷന്‍ സ്‌ക്വയറിലേക്ക് ഒഴുകിയെത്തി. എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടാകുമെങ്കില്‍ തടയുന്നതിനായി കനത്ത പോലീസ് കാവല്‍ സ്‌ക്വയര്‍ മേഖലയില്‍ മുഴുവനും ഏര്‍പ്പെടുത്തിയിരുന്നു.
കൈകളില്‍ കത്തിച്ചു പിടിച്ച മെഴുകുതിരികളുമായി പരിപാടിയില്‍ പങ്കെടുത്തവര്‍ നേപ്പാളിലെ പ്രക്ഷോഭത്തോടും അതിനു കാരണമായി ഉയര്‍ത്തിയ ആശങ്ങളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനമര്‍പ്പിക്കുകയും പരിക്കേറ്റവര്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്ത ശേഷമാണ് ഇന്നലത്തെ പരിപാടി അവസാനിച്ചത്. ഇന്നു രാവിലെ വീണ്ടും ഇതേ സ്ഥലത്ത് നേപ്പാളി ജനത സമ്മേളിക്കുന്നുണ്ട്. രാവിലെ പത്തു മുതല്‍ രാത്രി പന്ത്രണ്ടു വരെയാണ് ഇന്നത്തെ ഐക്യദാര്‍ഢ്യ സദസ് നടക്കുക.
പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ഓസ്‌ട്രേലിയയിലെ വിക്ടോറിയയിലെ നേപ്പാളി കോണ്‍സുലേറ്റ് അനുശോചനം അറിയിച്ചു. കോണ്‍സുലേറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്താനിരുന്ന രണ്ടു പരിപാടികള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. അതില്‍ പ്രധാനം ഓസ്‌ട്രേലിയയിലെ മെറിബക്ക് സിറ്റി കൗണ്‍സിലും നേപ്പാളിലെ ഭരത്പൂര്‍ മെട്രോപ്പൊളിറ്റന്‍ സിറ്റിയും തമ്മില്‍ സെപ്റ്റംബര്‍ പതിനഞ്ചിന് ഒപ്പിടാനിരുന്ന സിസ്റ്റര്‍ സിറ്റി പ്രഖ്യാപനമാണ്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതനുസരിച്ചുള്ള തീയതിയിലേക്കാണ് ഈ പരിപാടി മാറ്റിവച്ചിരിക്കുന്നതെന്ന് കോണ്‍സുലേറ്റ് പത്രക്കുറിപ്പില്‍ അറിയിച്ചു. സെപ്റ്റംബര്‍ പതിനാറിനു നടത്താന്‍ നിശ്ചയിച്ചിരുന്ന നേപ്പാള്‍ ദേശീയ ദിനാചരണം റദ്ദാക്കുകയും ചെയ്തുവെന്നും പത്രക്കുറിപ്പിലുണ്ട്. പുതിയ രാഷ്ട്രീയ ക്രമീകരണങ്ങള്‍ നേപ്പാളില്‍ നിലവില്‍ വരാനായി കോണ്‍സുലേറ്റ് കാത്തിരിക്കുകയാണെന്ന് ഇതില്‍ നിന്നു വ്യക്തം.
നേപ്പാള്‍ കത്തുമ്പോള്‍ ചൂട് ഓസ്‌ട്രേലിയയിലും, ആയിരങ്ങളുടെ അനുശോചനം
