ആലപ്പുഴ: പുന്നമടക്കായലിലെ ഓളങ്ങളെ ആവേശത്തില്‍ ത്രസിപ്പിച്ച് എഴുപത്തൊന്നാമത് നെഹ്‌റു ട്രോഫി മത്സര വള്ളംകളിയില്‍ വീയപുരം ചുണ്ടന്‍ ജേതാവായി. നടുഭാഗം ചുണ്ടന്‍ റണ്ണര്‍ അപ്. വില്ലേജ് ബോട്ട് ക്ലബ്ബ് കൈനകരിയാണ് വീയപുരം ചുണ്ടന്‍ തുഴഞ്ഞത്. പുന്നമട ബോട്ട് ക്ലബ്ബാണ് നടുഭാഗം ചുണ്ടന്‍ തുഴഞ്ഞത്. ഹീറ്റ്‌സില്‍ മികച്ച സമയം കുറിച്ച നടുഭാഗം, നിരണം, മേല്‍പ്പാടം, വീയപുരം ചുണ്ടന്‍ വള്ളങ്ങളാണ് ഫൈനലില്‍ മാറ്റുരയ്ക്കാനെത്തിയത്.
ആറാം ഹീറ്റ്‌സില്‍ മുന്നിലെത്തിക്കൊണ്ടാണ് വീയപുരം ചുണ്ടന്റെ ഫൈനലിലേക്കുള്ള കടന്നുവരവ്. മൂന്നാം ഹീറ്റ്‌സില്‍ മുന്നിലെത്തി മേല്‍പ്പാടം പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബും നാലാം ഹീറ്റ്‌സില്‍ മുന്നിലെത്തി നടുഭാഗം ചുണ്ടനും അഞ്ചാം ഹീറ്റ്‌സില്‍ മുന്നിലെത്തി പായിപ്പാടന്‍ ചുണ്ടനും ഫൈനലില്‍ ഇടം പിടിച്ചു.
വേമ്പനാട്ടു കായലിന്റെ ഐക്കോണിക് ഇവന്റ് എന്ന നിലയിലാണ് നെഹ്‌റു ട്രോഫി വള്ളംകളിയുടെ സ്ഥാനം. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നു വള്ളംകളി കാണാന്‍ ആള്‍ക്കാരെത്തുന്നു. മത്സര വള്ളംകളിയില്‍ വിജയിക്കുന്നവര്‍ക്കു നല്‍കുന്ന ട്രോഫി ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു സമ്മാനിച്ചതിനാലാണിതിനെ നെഹ്‌റു ട്രോഫി വള്ളംകളിയെന്നു വിളിക്കുന്നത്.
മനമൊന്നായ് തുഴയെറിഞ്ഞുകയറി വീയപുരം ജലരാജാവ്
