വെള്ളം കുടിച്ചോളൂ, ബുദ്ധിക്കും ശരീരത്തിനും ചര്‍മത്തിനും വേണ്ടി

എന്തുകൊണ്ടാണ് നമ്മുടെ അനുദിന ജീവിതത്തില്‍ വെള്ളം ഇത്രമേല്‍ അവശ്യ വസ്തുവായി മാറിയതെന്നു ചിന്തിച്ചിട്ടുണ്ടോ. എന്തുകൊണ്ടാണ് വെള്ളത്തെ നമ്മുടെ ജീവിതത്തില്‍ മാന്ത്രിക സിദ്ധിയുള്ള മരുന്നുപോലെ കണക്കാക്കണമെന്നു പറയുന്നതെന്നറിയാമോ.
ഇതിനൊരു കാരണമുണ്ട്. നമ്മുടെ ശരീരത്തിന്റെ അറുപതു ശതമാനവും വെള്ളമാണ്. ബാക്കിയൊക്കെ വെള്ളം കഴിഞ്ഞേ വരൂ. ശരീരത്തിന്റെ ഒട്ടുമിക്ക പ്രവര്‍ത്തനങ്ങള്‍ക്കും വെള്ളമാണ് അടിസ്ഥാനം. ശരീരത്തിന്റെ ചൂട് നിലനിര്‍ത്തുന്നതു മുതല്‍ വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്നതു വരെ വെള്ളമാണ്. ശരീരത്തില്‍ നിന്നു പാഴ് വസ്തുക്കള്‍ പുറന്തള്ളണമെങ്കിലും വെള്ളം തന്നെ ആശ്രയം.
എന്നിട്ടും നമ്മുടെയൊക്കെ തിരക്കേറിയ ജീവിതങ്ങളില്‍ വെള്ളം കുടിക്കുക എന്ന ഏറ്റവും ലളിതമായ കാര്യത്തെ മറന്നു പോകുന്നവരായി നാം മാറുന്നു. ഒട്ടുമിക്കയാളുകളും ഓരോ ദിവസവും തള്ളിനീക്കുന്നത് ശരീരത്തില്‍ വെള്ളത്തിന്റെ അളവു കുറഞ്ഞു പോകുന്ന നിര്‍ജലീകരണം എന്ന അവസ്ഥയിലൂടെയാണ്. ചിലരില്‍ ജലാംശത്തിന്റെ നഷ്ടം ചെറിയ തോതിലാണെങ്കില്‍ ചിലരില്‍ വളരെ കൂടിയ തോതിലായിരിക്കുമെന്നു മാത്രം. ഫലമോ ഇതിന്റെ അനന്തര ഫലങ്ങളായ ക്ഷീണം, തലവേദന, മുന്‍ശുണ്ഠി, ചര്‍മ വരള്‍ച്ച, ഏകാഗ്രതയില്ലായ്മ തുടങ്ങിയവ ദിവസം മുഴുവന്‍ കൂടെ കൊണ്ടു നടക്കുന്നു.
എന്തുകൊണ്ട് ശരീരത്തിനു ജലാംശം വേണം
ശരിയായ തോതില്‍ ശരീരത്തില്‍ ജലാംശം ഉണ്ടായിരിക്കുക എന്നത് താഴെ പറയുന്ന കാരണങ്ങള്‍ കൊണ്ടു കൂടിയേ തീരൂ.
-മനസിലാക്കാനുള്ള കഴിവ്: ചെറിയ തോതിലുള്ള നിര്‍ജലീകരണം പോലും ഓര്‍മശക്തിയെയും ഏകാഗ്രതയെയും മനസിന്റെ ജാഗ്രതയെയും കുറച്ചുകളയും.
-ദഹനപരമായ കാര്യങ്ങള്‍: ഭക്ഷണത്തെ വിഘടിപ്പിക്കാന്‍ ശരീരത്തിനു സാധിക്കുന്നത് വെള്ളത്തിന്റെ സാന്നിധ്യത്തിലാണ്. ആവശ്യത്തിനു വെള്ളം ഉള്ളില്‍ ചെല്ലുന്നത് മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങളെ അകറ്റിനിര്‍ത്തുന്നു. ശാരീരിക പ്രവര്‍ത്തനത്തെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു.