കൊച്ചി: ഒരു പെണ്‍കുട്ടി താരപദവിയിലേക്ക് നടന്നെത്തിയതിന്റെ ക്ലേശങ്ങളും കനലുകളുമാണ് നെറ്റ്ഫ്‌ളിക്‌സ് സംപ്രേഷണം ചെയ്ത നയന്‍താര-ബിയോണ്ട് ദി ഫെയറി ടെയ്ല്‍. ആ പെണ്‍കുട്ടി നമുക്കൊക്കെ സുപരിചിതയായ നയന്‍താരയും അതില്‍ പറയുന്ന കാര്യങ്ങള്‍ പലതും അറിയാന്‍ നമുക്ക് ആഗ്രഹമുള്ളതുമാകുമ്പോള്‍ ഡോക്യുമെന്ററിക്കു സ്വീകാര്യത കൂടുന്നു. എന്നാല്‍ ഡോക്യുമെന്ററിയെ ഗ്രഹണം ബാധിച്ചിരിക്കുന്നു എന്നു പറയേണ്ട അവസ്ഥയാണ്. ഒരു കേസിന്റെ കുരുക്ക് അഴിച്ചു തീരുന്നതിനു മുമ്പ് അടുത്ത കുരുക്ക് വട്ടം പൊതിഞ്ഞിരിക്കുകയാണ്. ഈ ഡോക്യുമെന്ററിയില്‍ നയന്‍സിന്റെ തന്നെ ചില ചിത്രങ്ങളില്‍ നിന്നുള്ള ക്ലിപ്പുകള്‍ ഉപയോഗിച്ചിട്ടുണ്ട്. ആ ക്ലിപ്പുകള്‍ ഓരോന്നുമാണ് തിരിഞ്ഞു കൊത്തിക്കൊണ്ടിരിക്കുന്നത്.
ആദ്യത്തെ വ്യവഹാരം വരുന്നത് ധനുഷിന്റെ നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ പേരിലാണ് എത്തിയത്. ഇപ്പോഴിതാ രണ്ടാമത്തെ കേസ് വന്നിരിക്കുന്നു, ഇത് ചന്ദ്രമുഖി എന്ന ചിത്രത്തിലെ രംഗങ്ങളുടെ ഉപയോഗത്തിന്റെ പേരിലാണ്. ഇതില്‍ രണ്ടിലും നായിക നയന്‍താര തന്നെ, ഉപയോഗിച്ചിരിക്കുന്നത് പലതും സിനിമയില്‍ ഉപയോഗപ്പെടുത്താത്ത വിഷ്വല്‍സുമാണ്. അതു പറഞ്ഞിട്ടെന്തു കാര്യം, കോപ്പിറൈറ്റ് നിയമങ്ങള്‍ അത്ര കര്‍ക്കശമാണ്.
ചന്ദ്രമുഖി എന്ന സിനിമയുടെ നിര്‍മാതാക്കളായ എ പി ഇന്റര്‍നാഷണലാണ് ഇപ്പോള്‍ പുതിയതായി നയന്‍താരയ്ക്കും ഡോക്യുമെന്ററിയുടെ നിര്‍മാതാക്കളായ ടാര്‍ക്ക് ഇന്റര്‍നാഷണലിനും സംപ്രേഷണം നിര്‍വഹിച്ച നെറ്റ്ഫ്‌ളിക്‌സിനും എതിരേ കോടതിയില്‍ എത്തിയിരിക്കുന്നത്. മദ്രാസ് ഹൈക്കോടതി എതിര്‍ കക്ഷികള്‍ക്കെല്ലാം നോട്ടീസ് അയച്ചിരിക്കുകയാണിപ്പോള്‍. അനുവാദമില്ലാതെ ഈ ചന്ദ്രമുഖിയിലെ രംഗങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചതിന് നഷ്ടപരിഹാരമായി എ പി ഇന്റര്‍നാഷണല്‍ ആവശ്യപ്പെട്ടിരിക്കുന്നത് അഞ്ചു കോടി രൂപയാണ്. ഇതിനു പുറമെ ഡോക്യുമെന്ററിയില്‍ നിന്ന് ഈ രംഗങ്ങള്‍ എന്നന്നേക്കുമായി നീക്കം ചെയ്യുകയും ഇനിയൊരിക്കലും സമാനരംഗങ്ങള്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുകയും വേണം. എന്തായാലും ഹൈക്കോടതി ഈ ഹര്‍ജി ഫയലില്‍ സ്വീകരിച്ച് ഒക്ടോബര്‍ ആറിലേക്ക് കേസ് അവധിക്കു വച്ചിരിക്കുകയാണ്. അന്നേക്ക് എതിര്‍കക്ഷികളുടെ വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനു മുമ്പ് കേസിന്റെ ചന്ദ്രഹാസവുമായി നയന്‍താരയ്ക്കു നേരേ വന്നത് ധനുഷായിരുന്നു. ധനുഷ് നായകനായ നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ രംഗങ്ങളായിരുന്നു സമാന പ്രതിഷേധത്തിനു കാരണം. അതിലും കോടതി നടപടികള്‍ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ നിര്‍മാതാക്കളാണ് കോടതിയില്‍ പോയതെങ്കിലും ധനുഷാണ് പിന്നിലെന്ന ഉറപ്പില്‍ നയന്‍താര ധനുഷിനു തുറന്ന കത്തെഴുതുക വരെ ചെയ്ത കേസാണിത്. ഇതില്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത് പത്തു കോടി രൂപയാണ്.
നെറ്റഫ്‌ളിക്‌സില്‍ കഴിഞ്ഞവര്‍ഷം നവംബറിലാണ് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നത്. നയന്‍താരയുടെ സ്വകാര്യ ജീവിതവും വിഘ്‌നേഷ് ശിവനുമായുള്ള വിവാഹവും രണ്ടു കുട്ടികളുടെ ജനനവുമെല്ലാമാണ് ഡോക്യുമെന്ററിയില്‍ പറഞ്ഞുപോരുന്നത്.
റൗഡിക്കുരുക്ക് അഴിയുന്നതിനു മുമ്പ് ചന്ദ്രമുഖിയുടെ കുരുക്കും നയന്‍സിന്റെ വഴിയില്‍
