നവ്യയും തിരുവാതിരയും സദ്യയും മേളത്തിമിര്‍പ്പുമായി MAV ജൂബിലിക്കു നാളെ തുടക്കം

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ ഏറ്റവുമാദ്യം രൂപീകൃതമായ മലയാളി അസോസിയേഷനുകളില്‍ ഒന്നായ മലയാളി അസോസിയേഷന്‍ വിക്ടോറിയ (MAV-Malayalee Association Victoria) സുവര്‍ണ ജൂബിലിയുടെ നിറവിലേക്ക്. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ ഇക്കൊല്ലത്തെ ഓണാഘോഷത്തോടു ചേര്‍ന്ന് ആരംഭിക്കുകയാണ്. മനുഷ്യരുള്ളിടത്തെല്ലാം മലയാളിയെത്തുകയും മലയാളി എത്തുന്നിടത്തെല്ലാം ഓണം ആഘോഷിക്കുകയും ചെയ്യുന്ന ഈ അവസരത്തില്‍ തിരുവോണപ്പിറ്റേന്ന് ശനിയാഴ്ചയാണ് മലയാളി അസോസിയേഷന്‍ വിക്ടോറിയയുടെ ഓണാഘോഷവും ജൂബിലി ആഘോഷത്തിന്റെ സമാരംഭവും.
പ്രശസ്ത തെന്നിന്ത്യന്‍ താരവും നര്‍ത്തകിയുമായ നവ്യ നായരാണ് ഇക്കൊല്ലത്തെ ഓണാഘോഷത്തിന് മെല്‍ബണില്‍ മുഖ്യാതിഥിയായി എത്തുന്നത്. ഇനി നാല്‍പത്തെട്ടു മണിക്കൂര്‍ കഴിഞ്ഞാല്‍ മെല്‍ബണ്‍ മലയാളികളുടെ സിരകളെ ത്രസിപ്പിക്കുക നവ്യ നായരായിരിക്കും.

സുവര്‍ണോത്സവം 2025 എന്നു പേരിട്ടിരിക്കുന്ന ഈ പരിപാടിക്ക് ദക്ഷിണ ഓസ്‌ട്രേലിയയിലെ എറ്റവും വലിയ ഓഡിറ്റോറിയമായ സ്പ്രിങ്‌വാലി സിറ്റി ഹാളാണ് വേദിയാകുക. രാവിലെ പത്തു മുതലാണ് പരിപാടികള്‍ നടത്തപ്പെടുക.
നവ്യനായരുടെ ഒരു മണിക്കൂര്‍ നീളുന്ന ലൈവ് ഡാന്‍സ് പ്രോഗ്രാമാണ് ഓണാഘോഷങ്ങളുടെ പ്രധാന ആകര്‍ഷണം. ഇരുനൂറോളം വനിതകള്‍ പങ്കെടുക്കുന്ന മെഗാ തിരുവാതിര, കൈകൊട്ടിക്കളി, കളരിപ്പയറ്റ്, ഓട്ടന്‍ തുള്ളല്‍ ഇരുനൂറിലധികം പ്രതിഭകള്‍ പങ്കെടുക്കുന്ന വിവിധ കലാപരിപാടികള്‍, 24 വിഭവങ്ങളോടു കൂടിയ ഓണസദ്യ തുടങ്ങിയവയാണ് മറ്റ് ആകര്‍ഷണങ്ങള്‍. മെഗാതിരുവാതിരയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള കോസ്റ്റിയൂം പോലും കേരളത്തില്‍ നിന്നു പ്രത്യേകമായി വരുത്തിയിരിക്കുകയാണ്. മലയാളികള്‍ക്കു പുറമെ ഓസ്‌ട്രേലിയയുടെ സാമൂഹ്യ, രാഷ്ട്രീയ രംഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍, ഇതര ഭാഷാസമൂഹങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ തുടങ്ങിയവര്‍ ഈ പരിപാടിയില്‍ പങ്കെടുക്കുന്നു. ആയിരത്തിലധികം ആള്‍ക്കാരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലെത്തിയിരിക്കുന്നു.
ലാങേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായി 1976ലാണ് മലയാളി അസോസിയേഷന്‍ വിക്ടോറിയ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. കേരളത്തിന്റെ സംസ്‌കാരവും പൈതൃകവും സംരക്ഷിക്കുകയും മലയാള ഭാഷയെ പ്രോത്സാഹിപ്പിക്കുകയും അംഗങ്ങളുടെ ഒറ്റയ്‌ക്കൊറ്റയ്ക്കും കൂട്ടായുമുള്ള ആവശ്യങ്ങളില്‍ വേണ്ട സഹായമെത്തിച്ചു കൊടുക്കുകയുമാണ് സ്ഥാപിത ലക്ഷ്യങ്ങള്‍. എല്ലാവര്‍ഷവും വ്യത്യസ്തമായ പരിപാടികളും ആഘോഷങ്ങളും ക്രമീകരിച്ചു കൊണ്ട് എല്ലാ ഇന്ത്യന്‍ വിഭാഗങ്ങളുടെയും ദേശീയതകളുടെയും പിന്തുണ ആര്‍ജിക്കാന്‍ മാവിനു കഴിഞ്ഞിട്ടുണ്ട്. വിരലിലെണ്ണാവുന്ന അംഗങ്ങളുമായി അമ്പതു വര്‍ഷം മുമ്പ് ആരംഭിച്ച മാവില്‍ ഇന്നിപ്പോള്‍ മൂവായിരത്തിലധികം അംഗങ്ങളാണുള്ളത്.