ന്യൂഡല്‍ഹി: യുക്രെയ്നെതിരായ യുദ്ധതന്ത്രം വിശദീകരിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനോട് ആവശ്യപ്പെട്ടതായി നാറ്റോയുടെ സെക്രട്ടറി ജനറല്‍ മാര്‍ക്ക റൂട്ട് ആരോപിച്ചു. എന്നാല്‍ ഈ വാദം ഇന്ത്യ നിഷേധിക്കുകയും പ്രസ്താവനയെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. യൂറോപ്പിലെ മുപ്പതു രാജ്യങ്ങളും വടക്കേ അമേരിക്കയിലെ രണ്ടു രാജ്യങ്ങളുമാണ് നാറ്റോ എന്ന രാജ്യാന്തര സംഘടയിലെ അംഗങ്ങള്‍. യുക്രെയ്ന് നാറ്റോയില്‍ അംഗത്വമെടുക്കാതെ നിഷ്പക്ഷമായി നില്ക്കുകയായരുന്നെങ്കിലും റഷ്യന്‍ ആക്രമണത്തെ തുടര്‍ന്ന് അംഗത്വത്തിനായി ഊര്‍ജിതമായി ശ്രമിക്കുകയാണ്. നാറ്റോ രാജ്യങ്ങള്‍ ഇപ്പോഴത്തെ യുദ്ധത്തില്‍ യുക്രെയ്ന് അനുകൂലമായ ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
അമേരിക്കയുടെ സമ്മര്‍ദത്തെ വകവയ്ക്കാതെ റഷ്യയില്‍ നിന്ന് ഇന്ത്യ ക്രൂഡോയില്‍ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയക്കെതിരേ അമേരിക്ക ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതിനു ബദലായാണ് ഇന്ത്യ റഷ്യയുമായി യുദ്ധതന്ത്രം ചര്‍ച്ചചെയ്യാന്‍ തയാറായതെന്നാണ് മാര്‍ക്ക് റൂട്ടിന്റെ ആരോപണം. സിഎന്‍എന്‍ വാര്‍ത്താ ഏജന്‍സിക്ക് അനുവദിച്ച അഭിമുഖത്തിലാണ് നാറ്റോ സെക്രട്ടറി ജനറല്‍ ആരോപണം ഉന്നയിക്കുന്നത്. ഈ പ്രസ്താവനയോടെ കടുത്ത ഭാഷയില്‍ എതിര്‍പ്പ് അറിയിച്ച ഇന്ത്യ ഇത്തരത്തിലുള്ള പ്രസ്താവനകളില്‍ നാറ്റോയുടെ ഭാഗത്തു നിന്ന് കൂടുതല്‍ ഉത്തരവാദിത്വബോധമുള്ള നിലപാടാണ് ഇന്ത്യ പ്രതീക്ഷിക്കുന്നതെന്നു വ്യക്തമാക്കി. നടന്നിട്ടില്ലാത്ത ചര്‍ച്ച സംബന്ധിച്ച് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് അസ്വീകാര്യമായ നടപടിയാണെന്നും ഇന്ത്യ വ്യക്തമാക്കി.
യുക്രെയ്ന് യുദ്ധകാര്യം പുടിനോടു മോദി ചോദിച്ചെന്ന് നാറ്റോ. ഇന്ത്യ നിഷേധിച്ചു

