ദേശീയ സിനിമ അവാര്‍ഡ്, ഉര്‍വശിക്കും വിജയരാഘവനും മികവ്

ന്യൂഡല്‍ഹി: ഏറെ വിവാദങ്ങളുടെ അകമ്പടിയോടെയും ബോളിവുഡിന്റെ തിളക്കത്തോടെയും 2023-ലെ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച സഹനടനും സഹനടിക്കുമുള്ള അവാര്‍ഡുകള്‍ കൈപ്പിടിയിലൊതുക്കാന്‍ സാധിച്ചത് മലയാളത്തിന്റെ മികവായി. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ ലീലാമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഉര്‍വശിക്ക് മികച്ച സഹനടിക്കുള്ള അവാര്‍ഡ് ലഭിച്ചപ്പോള്‍ പൂക്കാലം എന്ന ചിത്രത്തില്‍ നൂറുവയസുള്ള ഇട്ടൂപ്പ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച വിജയരാഘവന്‍ മികച്ച സഹനടനുള്ള അവാര്‍ഡും സ്വന്തമാക്കി. ഉര്‍വശിക്ക് മികച്ച സഹനടിക്കുള്ള അവാര്‍ഡ് നേടിക്കൊടുത്ത ഉള്ളൊഴുക്ക് മികച്ച മലയാള സിനിമയായും തിരഞ്ഞെടുക്കപ്പെട്ടു. പൂക്കാലത്തിന്റെ എഡിറ്റര്‍ മിഥുന്‍ മുരളിക്ക് മികച്ച എഡിറ്റര്‍ക്കുള്ള പുരസ്‌കാരവും ലഭിച്ചു.
രാജ്യത്തെ ഏറ്റവും മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത ട്വല്‍ത്ത് ഫെയില്‍. ഇതേ ചിത്രത്തിലെ അഭിനയത്തിന് വിക്രാന്ത് മേസി മികച്ച നടനുള്ള അവാര്‍ഡ് ഷാരൂഖ് ഖാനൊപ്പം പങ്കിട്ടു. ജവാന്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കരിയറില്‍ ആദ്യമായി ഷാരൂഖിനു ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിക്കുന്നത്. മിസിസ് ചാര്‍ലി വേഴ്‌സസ് നോര്‍വേ എന്ന ചിത്രത്തിലൂടെ റാണി മുഖര്‍ജി മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി.
ഏറെ വിവാദത്തിന്റെ അകമ്പടിയോടെ തീയറ്ററുകളിലെത്തി ദി കേരള സ്‌റ്റോറിയുടെ സംവിധായകന്‍ സുദീപ്‌തോ സെന്‍ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. ഈ ചിത്രത്തിന് മികച്ച സംവിധാനത്തിനുള്ള അവാര്‍ഡ് കൊടുത്തതിലൂടെ ഇന്ത്യന്‍ സിനിമയുടെ ശ്രേഷ്ഠ പാരമ്പര്യത്തെയാണ് അവാര്‍ഡ് കമ്മിറ്റി അപമാനിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയനും ഈ പുരസ്‌കാരദാനത്തിലൂടെ വിഭജനത്തിന്റെ രാഷ്ട്രീയമാണ് കേന്ദ്രഗവണ്‍മെന്റും സംഘപരിവാറും വളര്‍ത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും വിമര്‍ശിച്ചു. ഉള്ളൊഴുക്കിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഉര്‍വശിക്ക് മികച്ച സഹനടിക്കുള്ള പുരസ്‌കാരം മാത്രം നല്‍കിയതും വിമര്‍ശനത്തിനിടയാക്കി.
മലയാള ചലച്ചിത്രങ്ങള്‍ക്കു ലഭിച്ച മറ്റ് അവാര്‍ഡുകള്‍ ഇവയാണ്. മോഹന്‍ദാസ്-മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ (ചിത്രം-2018 എവരിവണ്‍ ഈസ് ഏ ഹീറോ), ഹരിഹരന്‍ മുരളീധരന്‍-മികച്ച സൗണ്ട് ഡിസൈനര്‍ (ചിത്രം-അനിമല്‍), എം ആര്‍ രാജകൃഷ്ണന്‍-റീറെക്കോര്‍ഡിങ് (ചിത്രം-അനിമല്‍), എസ് ഹരികൃഷ്ണന്‍-ചലച്ചിത്ര വിവരണം (ചിത്രം-ദി സേക്രഡ് ജാക്ക്, എക്‌സ്‌പ്ലോറിങ് ദി ട്രീ ഓഫ് വിഷസ്). ഫീച്ചര്‍ ഇതര വിഭാഗത്തില്‍ എം കെ രാമദാസ് നിര്‍മിച്ചു സംവിധാനം ചെയ്ത നെകല്‍-നെല്ലുമനുഷ്യന്റെ കഥ പ്രത്യേക പരാമര്‍ശത്തിനും അര്‍ഹമായി.