നാനോ ബനാനയുടെ ചുമലിലേറി ഗൂഗിള്‍ ജമിനൈ എഐ ബഹൂദൂരം മുന്നേറുന്നു

ഇന്നിപ്പോള്‍ ഓണ്‍ലൈനില്‍ ട്രെന്‍ഡ് ഏതാണെന്നു ചോദിച്ചാല്‍ ഉത്തരം റെഡി, നാനോ ബനാന. ഇതെന്തു പേരാണെന്നു ചിന്തിക്കേണ്ട, അല്ലെങ്കില്‍ തന്നെ ഒരു പേരിലെന്തിരിക്കുന്നു. ഗൂഗിള്‍ ജമിനൈയില്‍ പുതിയതായി അവതരിപ്പിച്ചിരിക്കുന്ന ജമിനൈ 2.5 ഫ്‌ളാഷ് ഇമേജ് എന്ന ടൂള്‍ ഉപയോഗിച്ച് നിര്‍മിക്കുന്നതും ഉപയോഗിക്കുന്നായാളുടെ ആഗ്രഹത്തിനനുസരിച്ച് ച്ിത്രരൂപത്തിലാക്കുകയും ചെയ്ത രൂപമാറ്റ്ം വരുത്തിയ ചിത്രങ്ങള്‍ക്കു നല്കിയിരിക്കുന്ന പേരാണ് നാനോ ബനാന. എഐയുടെ സഹായത്തോടെ എഡിറ്റ് ചെയ്ത ചിത്രങ്ങള്‍ എന്ന് ഒറ്റവാക്കില്‍ പറയാം. ഗൂഗിള്‍ ഈ ടൂള്‍ വികസിപ്പിച്ചിരുന്ന കാലത്ത് ഇതിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടാതെ പരീക്ഷണങ്ങള്‍ നടത്തുന്നതിനു നല്‍കിയിരുന്ന കോഡ് നാമമായ നാനോ ബനാന എന്നത് പിന്നീട് ഈ ടൂള്‍ കഴിഞ്ഞ മാസം ഔദ്യോഗികമായി പുറത്തിറക്കിയപ്പോള്‍ മാറ്റമൊന്നും കൂടാതെ ഉപയോഗിക്കുകയായിരുന്നു.
ചിത്രങ്ങള്‍ കൊണ്ടു കളിക്കുന്നവര്‍ക്കാണ് നാനോബനാന പ്രിയപ്പെട്ടതാകുന്നത്. അക്കൂട്ടരുടെ എണ്ണം എത്രയുണ്ടെന്നറിയണമെങ്കില്‍ ഒരേയൊരു കാര്യം മാത്രം നോക്കിയാല്‍ മതി. ഈ ടൂള്‍ അവതരിപ്പിച്ചതോടെ ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടിയെയും ചൈനയുടെ ഡീപ് സീക്കിനെയുമൊക്കെ ബഹുദൂരം പിന്നിലാക്കി ഗൂഗിളിന്റെ ജമിനൈ എഐ ലോകം മുഴുവന്‍ കുതിപ്പിലാണ്. ഒരു ട്രെന്‍ഡ് മുഖേന ഒരു ഉല്‍പ്പന്നത്തിന്റെ പ്രചാരം വര്‍ധിക്കുന്നതിന് ഏറ്റവും വലിയ ഉദാഹരണമായി ഇതു മാറുന്നു.
ഇനി ഉപയോഗത്തിലേക്കെത്തിയാല്‍ നാനോ ബനാന വളരെ സിമ്പിളാണ്. ഒരാള്‍ക്ക് അയാളുടെ ഹെയര്‍സ്റ്റൈല്‍ മാറ്റണോ, പടത്തിന്റെ പശ്ചാത്തലം മാറ്റണോ, പല പടങ്ങളില്‍ നിന്ന് വിവിധ അംശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് പുതിയതൊന്നു നിര്‍മിക്കണോ, ഉപയോഗിക്കുന്നയാളുടെ രൂപം ഓര്‍മയില്‍ കാലാകാലത്തോളം വച്ച് ഭാവിയില്‍ ഏതെങ്കിലും ചിത്രത്തിനു മാറ്റം വരുത്തണോ, ഒരാളുടെ രൂപത്തെ അനിമേയോ കാര്‍ട്ടൂണ്‍ രൂപമോ ആക്കണോ ഇങ്ങനെ ചിത്രങ്ങള്‍ വച്ചുള്ള എന്തു കളിക്കും ജമിനൈ എഐയില്‍ നാനോ സഹായിക്കുന്നു. അതു തന്നെയാണ് ഇതിന്റെ സ്വീകാര്യതയ്ക്കു കാരണമായി മാറുന്നത്. ഇതിന്റെ ഫലമായി ഇന്‍സ്റ്റയിലും എക്‌സിലുമൊക്കെ ഇപ്പോള്‍ ജമിനൈ വഴി പുനര്‍ നിര്‍മിച്ച നാനോബനാനകളുടെ കളിയാണ്.
വളരെ അനായാസം ഉപയോഗിക്കാമെന്നതാണ് ജമിനി എഐയില്‍ ഈ ഫീച്ചറിന്റെ പ്രത്യേകത. ആദ്യം ചിത്രങ്ങള്‍ കൊടുക്കുക, അതോടൊപ്പം നിര്‍ദേശങ്ങളും കൊടുക്കുക. എല്ലാം കൃത്യമായിരിക്കണമെന്നു മാത്രം. ബാക്കിയൊക്കെ ജമിനൈ നോക്കിക്കൊള്ളും. ജീവന്‍ തുടിക്കുന്നതു പോലെയുള്ള ചിത്രങ്ങളും ചിത്രരൂപങ്ങളും അനിമെകളും നിമിഷങ്ങള്‍ക്കുള്ളില്‍ റെഡി.
ഇത് എങ്ങനെ ഉപയോഗിക്കണമെന്നു നോക്കാം. മൊബൈലിലോ കമ്പ്യൂട്ടറിലോ ജെമിനൈ ഡൗണ്‍ലോഡ് ചെയ്യുക. ഗൂഗിളിന്റെ ലോഗിന്‍ വിവരങ്ങള്‍ വച്ച് ലോഗിന്‍ ചെയ്തു പ്രവേശിക്കുക. രൂപമാറ്റം വരുത്തേണ്ട ഒരു ചിത്രം അപ്ലോഡ് ചെയ്യുക. നല്ല ദൃശ്യവ്യക്തതയുള്ള ചിത്രമായിരിക്കണമെന്നു മാത്രം. എന്നാലേ ജമിനൈക്ക് ഉപയോഗിക്കുന്നയാളുടെ യഥാര്‍ഥ രൂപത്തിലുള്ള ഔട്ട്പുട്ട് തരാനാവൂ. ചിത്രം അപ്ലോഡ് ചെയ്യപ്പെട്ടാല്‍ ജമിനൈ ചോദിക്കുന്നതു പോലെയുള്ള പ്രോംപ്റ്റ് അഥവാ സൂചനകള്‍ കൊടുക്കുക. ബാക്കിയൊക്കെ ജമിനൈ നോക്കിക്കൊള്ളും. പ്രോംപ്റ്റുകള്‍ കൃത്യമായിരിക്കാന്‍ ശ്രദ്ധിക്കണം. ഇതുവഴി ഔട്ട്പുട്ടിലും കൃത്യത ഉറപ്പാക്കാനാകും. വിശദമായുള്ള പ്രോംപ്റ്റുകളാണ് ജമിനൈ പ്രതീക്ഷിക്കുന്നത്. അതിനുള്ള സാമ്പിളുകള്‍ പോലും നെറ്റില്‍ സുലഭം.