നാഗാലാന്‍ഡ് ക്രിസ്തുവിന്, സാത്താനേ കടന്നു പോകൂ, നിയമസഭ ഇന്നു ചേരുന്നു

കൊഹിമ: നാഗാലാന്‍ഡ് നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്നു ചേരുകയാണ്. എന്താനാണെന്നോ ഈ സമ്മേളനം. സംസ്ഥാനത്ത് സാത്താന്‍ ആരാധന നിര്‍ത്തലാക്കുന്നതിനായി നിയമം നിര്‍മിക്കുന്നതിനെപ്പറ്റി ആലോചിക്കാന്‍. സംസ്ഥാനത്തെ യുവജനങ്ങള്‍ സാത്താന്‍ ആരാധനയ്ക്ക് അടിമയായി പോകുന്നതായി ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനമായ നാഗാലാന്‍ഡിലെ രാഷ്ട്രീയകക്ഷികള്‍ക്ക് ഭീതി.
നാഗാ പീപ്പിള്‍സ് ഫ്രണ്ടിലെ എംഎല്‍എ കുഴോലുസു നിയേനു ആണ് ഇതുസംബന്ധിച്ച് ചര്‍ച്ചയ്ക്ക് നോട്ടീസ് നല്‍കിയത്. സ്പീക്കര്‍ ഷാരിന്‍ഗയ്ന്‍ ലോങ്കുമറിനും ആവശ്യത്തില്‍ ന്യായമുണ്ടെന്നു തോന്നി. അതോടെ പ്രത്യേക നിയമസഭാ സമ്മേളനം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. തീയതിയായി നിശ്ചയിച്ചത് സെപ്റ്റംബര്‍ രണ്ട്. ഇന്നു രാവിലെയുള്ള പതിവ് ചോദ്യോത്തര വേള കഴിഞ്ഞാലുടന്‍ സാത്താനായിരിക്കും ചര്‍ച്ചാവിഷയം.
സ്പീക്കര്‍ക്ക് നിയേനു അയച്ച കത്തില്‍ പറയുന്നതിങ്ങനെ. ‘ഒരു ക്രിസ്ത്യന്‍ സംസ്ഥാനമെന്ന നിലയില്‍ നമ്മള്‍ നമ്മുടെ മതത്തെ സംരക്ഷിക്കുകയും ദൈവം തമ്പുരാന്റെ വിശ്വസ്ത പിന്‍ഗാമികളായി മാറുകയും ചെയ്യേണ്ടതുണ്ട്. നമ്മുടെ രക്ഷകനും കര്‍ത്താവുമായി യേശുക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ ഉപേക്ഷിച്ച് നമ്മുടെ യുവതലമുറ സാത്താന്‍ ആരാധനയെ പുല്‍കുന്നതായി കാണുന്നത് അങ്ങേയറ്റം ഞെട്ടലുണ്ടാക്കുന്ന കാര്യമാണ്.’
നാഗാലാന്‍ഡ് ക്രിസ്തുവിനു വേണ്ടി എന്ന മുദ്രാവാക്യം നമ്മോടാവശ്യപ്പെടുന്നത് ബൈബിളില്‍ പറയുന്ന തത്വങ്ങളോടു ചേര്‍ന്നു നില്‍ക്കുക എന്നതു തന്നെയാണ്. അതിനാല്‍ സഭ സമ്മേളിക്കുകയും സാത്താന്‍ ആരാധന നിയമം മൂലം നിരോധിക്കുന്നതു ചര്‍ച്ച ചെയ്യുകയും വേണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു എന്നു പറഞ്ഞുകൊണ്ടാണ് എംഎല്‍എയുടെ നോട്ടീസ് അവസാനിക്കുന്നത്.