സിഡ്‌നി: മുന്നറിയിപ്പുകളൊന്നുമില്ലാതെ ചേഞ്ചിങ് ടൈഡ്‌സ് സംഗീതോല്‍സവം റദ്ദാക്കി. പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ചെലവുകള്‍ നേരിടാന്‍ ഇതില്‍ നിന്നുള്ള വരുമാനത്തിനു സാധിക്കാതെ വരുന്നതു കൊണ്ടാണ് റദ്ദാക്കലെന്നാണ് അനുമാനിക്കുന്നത്. ഇതോടെ ഇക്കൊല്ലം റദ്ദാക്കപ്പെടുന്ന പ്രധാന സംഗീത പരിപാടികളുടെ എണ്ണം ആറായി ഉയര്‍ന്നു. ഇതിനകം ഗ്രൂവിങ് ഇന്‍ ദി മൂ, സോള്‍ഡ് ഔട്ട്, ഗുഡ് ലൈഫ്, ഇസോട്ടറിക്, പനാമ മ്യൂസിക് എന്നി പ്രശസ്ത സംഗീതോത്സവങ്ങളാണ് റദ്ദാക്കപ്പെട്ടിരിക്കുന്നത്.
ഹാര്‍ലോ ഇവന്റ്‌സാണ് ചേഞ്ചിങ് ടൈഡ്‌സ് പരിപാടിയുടെ സംഘാടകര്‍.2023ല്‍ ആരംഭിച്ചതു മുതല്‍ ഇതിന്റെ ടിക്കറ്റുകള്‍ മുഴുവന്‍ ചൂടപ്പം പോലെയാണ് വിറ്റുപോയിരുന്നത്. എന്നാല്‍ ഇക്കൊല്ലം ടിക്കറ്റ് വില്‍പന തീരെ മന്ദഗതിയിലായിരുന്നെന്നു പറയുന്നവരുണ്ട്. ഇക്കൊല്ലം ഇംഗ്ലണ്ടില്‍ നിന്നുള്ള ഗായകന്‍ സാം ഫെന്‍ഡര്‍ ഉള്‍പ്പെടെ എത്തുമെന്നായിരുന്നു പ്രഖ്യാപനം. പ്രശസ്തരായ ഓസ്‌ട്രേലിയന്‍ ഗായകരും എത്തുമെന്നു പ്രഖ്യാപനമുണ്ടായിരുന്നു. പരിപാടി റദ്ദായ സാഹചര്യത്തില്‍ ടിക്കറ്റ് എടുത്ത എല്ലാവര്‍ക്കും റീഫണ്ട് അനുവദിക്കുമെന്നു മാത്രമാണ് സംഘാടകര്‍ വെളിപ്പെടുത്തുന്നത്.

