34 മനുഷ്യ ചാവേറുകള്‍, 400 കിലോ ആര്‍ഡിഎക്‌സ്, മുംബൈ നിരീക്ഷണത്തില്‍

മുംബൈ: ഒരിക്കല്‍ കൂടി മുംബൈ കൊലക്കളമാകുമോയെന്ന ഭീതിയുയര്‍ത്തി അജ്ഞാത ഫോണ്‍ സന്ദേശമെത്തിയതിനു പിന്നാലെ പോലീസ് മുംബൈ നഗരത്തെ മുഴുവന്‍ പൂര്‍ണ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. അതിഭീകരമായ ചാവേറാക്രമണമാണ് ഭീഷണി സന്ദേശത്തിലുള്ളത്. മുംബൈ ട്രാഫിക് പോലീസിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരിലാണ് കോള്‍ വന്നിരിക്കുന്നത്.
മുപ്പത്തിനാലു ചാവേറുകള്‍ നഗരത്തില്‍ സജ്ജരാണെന്നും അവരെല്ലാം മനുഷ്യ ബോംബുകളായി മാറുമെന്നുമായിരുന്നു സന്ദേശത്തില്‍ പ്രധാനമായുള്ളത്. ഒരു കോടി ആള്‍ക്കാരെ കൊല്ലുന്നതിന് ഇത്രയും ചാവേറുകള്‍ മതിയെന്നും സന്ദേശത്തില്‍ പറയുന്നു. ലഷ്‌കര്‍ ഇ ജിഹാദി എന്ന സംഘടനയില്‍ നിന്നാണു വിളിക്കുന്നതെന്നു പരിചയപ്പെടുത്തിയ ആളാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. പതിനാല് പാക്കിസ്ഥാനി ഭീകരര്‍ ഇന്ത്യയിലേക്കു കടന്നിട്ടുണ്ടെന്നും സന്ദേശത്തില്‍ പറയുന്നു. മനുഷ്യബോംബുകളുള്ള 34 കാറുകള്‍ ഉപയോഗിച്ചായിരിക്കും സ്‌ഫോടനം നടത്തുക. 400 കിലോഗ്രാം ആര്‍ഡിഎക്‌സ് ഈ സ്‌ഫോടനങ്ങള്‍ക്കുപയോഗിക്കുന്നതായിരിക്കും ഒരു കോടി ആള്‍ക്കാരെ കൊല്ലുന്നതിന് ഈ സ്‌ഫോടനത്തിലൂടെ കഴിയുമെന്നും ഫോണ്‍ വിളിച്ചയാള്‍ പറയുന്നുണ്ട്.
കഴിഞ്ഞ ദിവസം മുംബൈ താനെ മേഖലയിലെ ഒരു റെയില്‍വേ സ്റ്റേഷന്‍ സ്‌ഫോടനത്തിലൂടെ തകര്‍ക്കുമെന്നു പറഞ്ഞും ഇത്തരത്തിലൊരു ഫോണ്‍ സന്ദേശം ലഭിച്ചിരുന്നതാണ്. ഈ വ്യാജ ബോംബ് ഭീഷണിയുടെ പിന്നാലെ നടത്തിയ അന്വേഷണത്തില്‍ ഒരാളെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.