മുംബൈ: തുറമുഖ നഗരമായ മുംബൈയില്‍ മഴ തോരുന്നില്ല. ഇടിച്ചുകുത്തി പെയ്യുന്ന മഴ നഗരം അപ്പാടെ മുങ്ങുന്ന പ്രളയത്തിനു കാരണമാകുമോയെന്ന ഭീതിയാണെങ്ങും. ഇപ്പോള്‍ തന്നെ വിമാനങ്ങള്‍ ക്രമാതീതമായി വൈകിക്കൊണ്ടിരിക്കുകയാണ്. മഴ ഇതിലും കനത്താല്‍ വിമാന സര്‍വീസുകള്‍ പൂര്‍ണമായി നിര്‍ത്തി വയ്‌ക്കേണ്ടതായി പോലും വന്നേക്കാം എന്നതാണ് അവസ്ഥ. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മുംബൈയില്‍ ലഭിച്ചത് 300 മില്ലിമീറ്റര്‍ മഴയാണ്. എട്ടു വിമാനങ്ങള്‍ ഇതുവരെ വഴി തിരിച്ചു വിട്ടുകഴിഞ്ഞു. സൂററ്റ്, ഹൈദരാബാദ്, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കാണ് വിമാനങ്ങളാണ് വഴി തിരിച്ചു വിട്ടിരിക്കുന്നത്.
ബോംബെ ഹൈക്കോടതി ഇന്നലെ ഉച്ച വരെ മാത്രമാണ് പ്രവര്‍ത്തിച്ചത്. ബോറിവലി, സിയോണ്‍, ദാദര്‍, അന്ധേരി, ചെമ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ തിങ്കളാഴ്ച തുടങ്ങിയ മഴ ഇന്നലെ വരെ തുടര്‍ന്നു. ഇതോടെ തിരക്കേറിയ ഗാന്ധിമാര്‍ക്കറ്റ് അടക്കമുള്ളസ്ഥലങ്ങള്‍ വെള്ളത്തിനടിയിലായി. മുംബൈയിലേക്കുള്ള ലോക്കല്‍, ദീര്‍ഘദൂര തീവണ്ടികള്‍ താനെ സ്റ്റേഷനില്‍ സര്‍വീസ് അവസാനിപ്പിച്ചിരിക്കുകയാണ്.
മുംബൈക്കു പുറമെ മഹാരാഷ്ട്രയുടെ മറ്റു നഗരങ്ങളിലും കനത്ത മഴ തുടരുകയാണ്. മിഠി നദി കരകവിഞ്ഞതിനാല്‍ കുര്‍ള പ്രദേശം മുങ്ങിപ്പോകുന്ന അവസ്ഥയാണ്. നിലവില്‍ നിരവധിയാള്‍ക്കാരെ മാറ്റി പാര്‍പ്പിച്ചു കഴിഞ്ഞു.
തോരാതെ മഴ, തീരാതെ ദുരിതം, മുംബൈ കടുത്ത പ്രളയഭീതിയില്‍. വിമാനങ്ങള്‍ തിരിച്ചുവിട്ടു
