ഇന്ന് കര്‍ക്കിടകത്തിലെ ഉതൃട്ടാതി. എംടിയില്ലാതെ കര്‍ക്കിടകം വന്നു, അതിലെ ഉതൃട്ടാതിയുമെത്തി. എംടി ഇന്നും പക്ഷേ ജീവിക്കുന്നു. ഒത്തിരി ഓര്‍മകളിലെ സ്മാരകങ്ങളിലൂടെ. എന്തായിരിക്കും എംടി ശേഷിപ്പിച്ച ഏറ്റവും വലിയ സ്മാരകം. സംശയമെന്ത്, അദ്ദേഹത്തിന്റെ സിനിമകളിലെ ചാട്ടുളി പോലെയുള്ള ഹിറ്റ് ഡയലോഗുകള്‍ തന്നെ. അവയെല്ലാം ഒരു പൊതു സ്വഭാവത്തിന്റെ ചന്തമാണ് പകരുന്നത്. എന്തൊരു ദയനീയമായ ചന്തം. ഒറ്റയായി പോയവന്റെയും ഒറ്റയാകാനുള്ള തീരുമാനം സ്വയം വരിച്ചവരുടെയും നേരുകളെ ഇതിലും കരുത്തോടെ പകരാന്‍ എംടിയല്ലാതെ മറ്റൊരാള്‍ക്കാണെങ്കില്‍ എത്ര പുറം എഴുതേണ്ടി വരുമായിരുന്നു. ആ ഡയലോഗുകളെല്ലാം ഒറ്റയാന്‍മാരുടെയോ ഒറ്റയാത്തിയുടെയോ (അങ്ങനെയൊരു വാക്കുണ്ടെങ്കില്‍) കരളില്‍ നിന്നു പുറത്തേക്കു ചാടുന്ന ആത്മഗതത്തിനു തുല്യമായ മര്‍മഭേദികള്‍ തന്നെ.
ആയിരങ്ങളുടെ നാവില്‍ പറഞ്ഞുപഴകാന്‍ ഒരു സവാരിഗിരിയും പോ മോനേ ദിനേശായും ആ തൂലികയില്‍ പിറന്നിട്ടില്ല. എന്നാല്‍ ആയിരം കനലുകള്‍ ഒരേ സമയം പൊള്ളിച്ചവന്റെ നൊമ്പരവും രോഷവും പിടയുന്ന സംഭാഷണങ്ങള്‍ക്കു പഞ്ഞമില്ല. അശാന്തിയുണ്ടും അശാന്തിയിലുറങ്ങിയും രാവെളുപ്പിക്കുന്നവര്‍ക്ക് ആയിരങ്ങള്‍ക്ക് ഉരുവിടാനും സമാനഹൃദയരോടു നോവിന്റെ കയ്പറിയിക്കാനും വേണ്ടത് അവയിലുണ്ടു താനും.
എന്തായിരിക്കും എംടി ചിത്രങ്ങളില്‍ ഏറ്റവും ഹിറ്റായ ഡയലോഗ്. സംശയം വേണ്ട, ചന്തുവിന്റെ വാക്കുകള്‍ തന്നെ. ‘ഇനിയും തോല്‍ക്കാന്‍ ചന്തുവിനു ജന്മം ബാക്കി.’ അതിനു മുന്നേ പോകുന്ന ഡയലോഗിനോടും ചേര്‍ന്നും ചന്തം ചോരാതെയും തോല്‍ക്കാന്‍ പിറന്നവന്റെ നിസഹായമായ ആത്മരോഷം അതില്‍ പതഞ്ഞുയരുന്നു. മുപ്പതു പണത്തിന് മലയനോടു പൊരുതിയ അച്ഛന്‍ മുതല്‍ വളര്‍ത്തച്ഛനും സ്‌നേഹിച്ച പെണ്ണും വരെയെല്ലാവരും തോല്‍പിച്ചൊരുത്തന്റെ നോവും പിടച്ചിലും പൂര്‍ത്തിയാകുന്നത് ഈ ഡയലോഗിലാണല്ലോ. ഒരു വടക്കന്‍ വീരഗാഥയിലെ ഡയലോഗുകള്‍ ചേര്‍ത്തൊരു ഹാരം കോര്‍ത്താല്‍ അതിനെ വെല്ലാന്‍ മലയാളത്തില്‍ മറ്റൊന്നുണ്ടാവില്ലെന്നു തെളിയിക്കുന്ന കാച്ചിക്കുറുക്കിയെടുത്ത എത്രയെണ്ണം ബാക്കി. ഒക്കെയും തോറ്റുപോയവന്റെ പിടച്ചിലില്‍ അറിയാതെ തെറിച്ചു വീഴുന്നവയാണെന്നു മാത്രം. ഉദാഹരണങ്ങള്‍ എത്ര വേണം.
‘നീയടക്കമുള്ള പെണ്‍വര്‍ഗം മറ്റാരും കാണാത്തതു കാണും, കേള്‍ക്കാത്തതു കേള്‍ക്കും ശപിച്ചു കൊണ്ടു കൊഞ്ചും, മോഹിച്ചു കൊണ്ടു വെറുക്കും’
‘ആരുടെ ചോദ്യത്തിനാണ് ഉത്തരം വേണ്ടത്, നിന്റെയോ അതോ ലോകത്തിന്റെയോ’
‘ഇല്ല മക്കളേ, ചന്തുവിനെ തോല്‍പിക്കാന്‍ നിങ്ങള്‍ക്കാവില്ല’
‘അങ്ങനെ പറയാന്‍ ലോകത്തൊരാള്‍ക്കേ കഴിയൂ, നിന്റെയമ്മ ഉണ്ണിയാര്‍ച്ചയ്ക്ക്’
സുകൃതം സിനിമയിലേക്കു വന്നാലും തോറ്റുപോകുന്നവന്‍ തന്നെയാണ് നായകന്‍. പത്രപ്രവര്‍ത്തനത്തില്‍ ഉയരങ്ങളിലക്കു നടക്കുമ്പോഴും അര്‍ബുദത്തെ പൊരുതി തോല്‍പിക്കുമ്പോഴും തോല്‍ക്കാന്‍ തന്നെയായിരുന്നു നായകന്റെ വിധി. എന്നാല്‍ അതിലെ ഏറ്റവും ഹിറ്റ് ഡയലോഗ് മാത്രം എംടി നായികയുടെ നാവിലാണ് ത്രിമധുരം പോലെ വച്ചു നല്‍കിയത്.
‘സമൂഹത്തിന് ഒരു വേട്ടപ്പട്ടിയുടെ മനസാണ്. ഇര വീണു കഴിഞ്ഞാല്‍ ആഘോഷം തുടങ്ങുകയായി.’ ജീവിതത്തില്‍ ഒരിക്കലെങ്കിലും സമൂഹത്തിന്റെ കൂട്ടായ ആക്രമണം നേരിടേണ്ടി വന്നിട്ടുള്ള ആര്‍ക്കാണ് ഈ ഡയലോഗ് നെഞ്ചില്‍ നിന്ന് ഇറക്കി വിടാന്‍ കഴിയുക. അല്ലെങ്കില്‍ തന്നെ സമൂഹത്തിന്റെ പൊതുബോധത്തോട് കലഹിച്ചിട്ടുള്ള ആരെയാണ് സമൂഹം വെറുതെ വിട്ടിട്ടുള്ളത്. അങ്ങനെയുള്ളവര്‍ക്ക് അപ്പോള്‍ എടുത്തു പറയാനും എംടിയുടെ തന്നെ പേനയില്‍ പിറവിയെടുത്ത ഡയലോഗ് ഒരെണ്ണമുണ്ടല്ലോ. താഴ്‌വാരത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രം പറയുന്നത്.
‘കൊല്ലാന്‍ അവനും ചാവാതിരിക്കാന്‍ ഞാനും’
അവന്‍ എന്നത് ഒരാളായി കാണുകയും വേണ്ട. സ്വന്തമായി മുഖമില്ലാതെ ശരി തെറ്റുകള്‍ സംബന്ധിച്ച പൊതുബോധത്തിന്റെ പൊയ്മുഖം ധരിക്കുന്ന ആരും അവനാകാം. ഞാന്‍ എപ്പോഴും ഒരാള്‍ മാത്രം. സ്വന്തം ശരി തെറ്റുകള്‍ സ്വയം നിര്‍ണയിച്ചിരിക്കുന്ന വ്യക്തി മാത്രം. തോറ്റു വീഴുന്നതിനു തൊട്ടു മുമ്പും എംടിയുടെ തന്നെ ഒരു ഡയലോഗ് അവര്‍ക്കു രക്ഷയ്‌ക്കെത്തും.
‘പഴശ്ശിയുടെ യുദ്ധങ്ങള്‍ ഇനി കമ്പനി കാണാനിരിക്കുന്നതേയുള്ളൂ.’
സമൂഹത്തിന്റെ പൊതുബോധത്തിന്റെ പെരുവഴിയില്‍ നിന്നു സ്വന്തം ബോധ്യങ്ങളുടെ നേര്‍ത്ത ചവിട്ടടിപ്പാതയിലേക്കു കയറുന്നത് പെണ്ണാണെങ്കില്‍ അവളെ നിശബ്ദയാക്കാന്‍ സമൂഹത്തിന് ആക്രമണോത്സുകമായ പൗരുഷത്തിന്റെ ഒരു നിമിഷം മതി. ഒടുവില്‍ അവന്‍ ചിറിതുടച്ചു കൊണ്ടു ഏഴാമത്തെ വരവിലെ ഇന്ദ്രജിത്തിന്റെ കഥാപാത്രത്തിന്റെ ഡയലോഗില്‍ സ്വന്തം വീരസ്യം വിളമ്പിയേക്കാം.
‘ഇന്നൊരു കണ്ട്രി ബ്രേക്ക്ഫാസ്റ്റായിരുന്നു.’
ഇങ്ങനെ കണ്ട്രി ബ്രേക്ക്ഫാസ്റ്റ് ആസ്വദിച്ച് മുഖമില്ലാത്ത ആള്‍രൂപങ്ങള്‍ക്കു മുഴുവന്‍ വേണ്ടി വീരപരിവേഷമാളുന്ന ജിംഗോയിസ്റ്റുകള്‍ക്കു മുന്നില്‍ തോറ്റു പോകുന്നവരായിരിക്കാം എംടിയുടെ മുഖ്യ കഥാപാത്രങ്ങളെല്ലാം. എങ്കില്‍ കൂടി അവരെല്ലാം തോറ്റുപോകുന്നത് സ്വന്തം ചവിട്ടടിപ്പാത സ്വയം കണ്ടെത്തിയതിനു ശേഷം മാത്രമായിരിക്കും. അതിലാണ് എംടി സിനിമകളുടെ കാലത്തെ അതിശയിപ്പിക്കുന്ന ശക്തി കുടികൊള്ളുന്നത്.
തോറ്റു പോകുന്നവര്‍ക്കുള്ള മാസ് ഡയലോഗുകള്‍
