ചാണക്യപുരിയില്‍ മാലപൊട്ടിക്കല്‍, എംപിക്കു പരുക്ക്

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ അതിസുരക്ഷാ മേഖലയായ ചാണക്യപുരിയില്‍ പ്രഭാത നടത്തത്തിനിറങ്ങയ വനിതാ എംപിയുടെ സ്വര്‍ണമാല സ്‌കൂട്ടറില്‍ മുഖംമൂടി ധരിച്ചെത്തിയ അക്രമി പൊട്ടിച്ചെടുത്തു കടന്നു. തമിഴ്‌നാട്ടിലെ മയിലാടുതുറൈയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ സുധാ രാമകൃഷ്ണനാണ് അതിക്രമത്തിനിരയായത്.
കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച് എംപിയായ സുധ ഡിഎംകെ എംപിയായ രാജാത്തിയോടൊപ്പമാണ് രാവിലെ ആറിനു ശേഷം നടക്കാനിറങ്ങിയത്. നടപ്പു പാര്‍ലമെന്റ് സെഷനില്‍ പങ്കെടുക്കുന്നതിനു വേണ്ടി തമിഴ്‌നാട്ടില്‍ നിന്നെത്തി ഡല്‍ഹിയില്‍ താമസിച്ചു വരുകയായിരുന്നു. ചാണക്യപുരിയില്‍ പോളണ്ടിന്റെ എംബസിക്കു സമീപം വച്ചാണ് ആക്രമണമുണ്ടാകുന്നത്. പോളണ്ടിന്റെ എംബസിയുടെ ഗേറ്റ് മൂന്നിനും നാലിനും സമീപത്തായി ഇരു എംപിമാരും നില്‍ക്കുമ്പോള്‍ ഹെല്‍മറ്റ് ധരിച്ച് മുഖം പൂര്‍ണമായി മറച്ച് അക്രമി സ്‌കൂട്ടറിലെത്തുകയായിരുന്നു. നാലു പവനായിരുന്നു മാലയുടെ തൂക്കം. അതിക്രമത്തില്‍ മാലപൊട്ടുന്നതിനിടെ കഴുത്തിനു പരുക്കേല്‍ക്കുകയും വസ്ത്രം കീറുകയും ചെയ്തു. കുറ്റകൃത്യം നടത്തിയവരെ കണ്ടെത്തണമെന്നും അതിസുരക്ഷാ മേഖലയിലെങ്കിലും സുരക്ഷിതമായി സഞ്ചരിക്കാനുള്ള സാഹചര്യമുണ്ടാക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് സുധ പരാതി നല്‍കി.