അമ്മയുടെ കരുതല്‍ എണ്ണയിലും വേണം

അമ്മയായിട്ടുള്ള സ്ത്രീകള്‍ക്കൊക്കെ അറിയാം തന്റെ കുഞ്ഞുങ്ങളെ എങ്ങനെയാണ് പരിപാലിക്കേണ്ടതെന്ന്. പഴയകാലത്ത് വയറ്റാട്ടികളും മറ്റും കുഞ്ഞുങ്ങളുടെ മുഖകാന്തി വര്‍ദ്ധിപ്പിക്കാനും ഉന്മേഷത്തിനുമായി പല മാര്‍ഗങ്ങള്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ ലളിതമായ രീതികളിലൂടെ കുഞ്ഞുങ്ങളെ പരിചരിക്കാന്‍ ഇന്ന് അമ്മമാര്‍ തന്നെ പര്യാപ്തരായിരിക്കുന്നു.

അതില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട കാര്യം കുഞ്ഞിന്റെ മൃദുവായ ശരീരത്തില്‍ യാതൊരു ദോഷഫലങ്ങളില്ലാത്തതും, കുഞ്ഞിന് അസ്വസ്ഥതയുണ്ടാക്കുന്നതുമായ എണ്ണകള്‍ പുരട്ടാതിരിക്കുക എന്നതാണ്. പകരം ലളിതമായി വീട്ടില്‍തന്നെ പാകപ്പെടുത്തിയെടുക്കാവുന്ന ഒരു വെളിച്ചെണ്ണയുണ്ട്. കുഞ്ഞിന് ആരോഗ്യവും ഉന്മേഷവും ഒരേപോലെ പ്രദാനം ചെയ്യുന്ന ഈ വെളിച്ചെണ്ണ തയ്യാറാക്കുന്നത് താഴെ പറയുംവിധമാണ്.

ഏഴ് ഇതള്‍ തുളസി ഇല, ഏഴ് ഇതള്‍ ചെത്തി പൂവ്, നല്ല മൂത്ത തേങ്ങ ഒരെണ്ണം, വെള്ളം മുക്കാല്‍ കപ്പ് എന്നിങ്ങനെ നാല് ചേരുവകള്‍ ചേര്‍ത്താണ് ഈ പ്രത്യേക വെളിച്ചെണ്ണ തയ്യാറാക്കുന്നത്. തേങ്ങ ചെറുതായി ചുരണ്ടി, വെള്ളം തിളയ്ക്കുമ്പോള്‍ അതിലിട്ടു നന്നായി പിഴിഞ്ഞ് അരിച്ചെടുക്കുക. തേങ്ങാപ്പാല്‍ തുളസി ഇലയും ചെത്തിപ്പൂവും ചേര്‍ത്ത് അടുപ്പില്‍വെച്ച് വറ്റിക്കുക. കക്കന്‍ ബ്രൗണ്‍ കളര്‍ ആകുമ്പോള്‍ വാങ്ങിവച്ച് ആറി കുപ്പിയില്‍ ഒഴിച്ചുവയ്ക്കുക. കുഞ്ഞുങ്ങളുടെ തലയില്‍ പുരട്ടാന്‍ ഈ എണ്ണ ഉപയോഗിക്കുക.

കൂടാതെ തുളസി ഇലയും ചെത്തിപ്പൂവും ചേര്‍ക്കാതെ വെന്തുവയ്ക്കുന്ന എണ്ണകുഞ്ഞിന്റെ ശരീരത്തില്‍ പുരട്ടാന്‍ ഉപയോഗിക്കുക. കുഞ്ഞിനെ കുളിപ്പിച്ചു കഴിഞ്ഞതിന് ശേഷം എണ്ണ ശരീരത്തില്‍ പുരട്ടി അല്പസമയം ഇളംവെയില്‍ കൊള്ളിക്കുക. കുഞ്ഞുങ്ങള്‍ക്ക് സാധാരണയായി ഉപയോഗിക്കുന്ന എണ്ണകള്‍ക്ക് പകരം ഉപയോഗിക്കാവുന്ന ഉത്തമമായ എണ്ണയാണിത്.

മാത്രവുമല്ല, അഞ്ചുമാസമാകുമ്പോള്‍ മുതല്‍ കുഞ്ഞിന് ചൂടുചോറില്‍ ഏഴുതുള്ളി വീതം വെന്ത എണ്ണ ഒഴിച്ചിളക്കി കൊടുക്കുന്നത് ആയുര്‍വേദവിധി പ്രകാരം ആരോഗ്യത്തിന് വളരെ നല്ലതാണ്. ഒരു തേങ്ങ വെന്തുകഴിയുമ്പോള്‍ 100 മില്ലി എണ്ണ കിട്ടും. ഇത്തരത്തില്‍ എണ്ണ കുഞ്ഞുങ്ങളില്‍ ഉപയോഗിക്കുന്നത് അവരുടെ മിനുസമുള്ള ത്വക്കിനും, ശാരീരികകാന്തി വര്‍ദ്ധനവിനും ഉത്തമമാണ് കൂടാതെ ജലദോഷത്തെ തടയാനും മലശോധനയ്ക്കും ഫലപ്രദമായ മരുന്നുകൂടിയാണ് ഈ എണ്ണ.