ചെന്നൈ: ആറു മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊന്ന അമ്മയും സ്വവര്‍ഗ പങ്കാളിയും അറസ്റ്റില്‍. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലാണ് സംഭവം. കുഞ്ഞിന്റെ മരണത്തിന് ദിവസങ്ങള്‍ക്കു ശേഷം പിതാവിനു തോന്നിയ സംശയത്തില്‍ നിന്നാണ് അന്വേഷണം അമ്മയിലേക്കും പങ്കാളിയിലേക്കും എത്തുന്നതും അറസ്റ്റിലേക്കു നയിക്കുന്നതും.
ഈ മാസം ആദ്യമാണ് കുഞ്ഞ് കൊല്ലപ്പെടുന്നത്. പാല് തൊണ്ടയില്‍ കുടുങ്ങിയുള്ള അപകട മരണമെന്നാണ് കുഞ്ഞിന്റെ അമ്മ പറഞ്ഞതും മറ്റുള്ളവര്‍ വിശ്വസിച്ചതും. തുടര്‍ന്ന് അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുക്കുകയും മൃതദേഹം സംസ്കരിക്കുകയും ചെയ്തിരുന്നു. ഇതിനു ദിവസങ്ങള്‍ക്കു ശേഷം ഭാര്യയ്ക്ക് മറ്റൊരു സ്ത്രീയുമായി വഴിവിട്ട ബന്ധമുണ്ടെന്നു കാട്ടി ഭര്‍ത്താവ് പോലീസിനെ സമീപിക്കുകയായിരുന്നു. തെളിവായി ഭാര്യയുടെ ഫോണില്‍ നിന്നു സമ്പാദിച്ച ചിത്രങ്ങളും സന്ദേശങ്ങളും ഇയാള്‍ ഹാജരാക്കിയിരുന്നു. കുട്ടിയുടെ മരണത്തില്‍ സംശയം ഉന്നയിക്കുകയും ചെയ്തിരുന്നു.
ഇതേ തുടര്‍ന്ന് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോഴാണ് ശ്വാസം മുട്ടിയാണ് മരണമെന്ന് സ്ഥിരീകരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കുഞ്ഞിന്റെ അമ്മയെ ചോദ്യം ചെയ്തപ്പോഴാണ് ഭര്‍ത്താവിന്റെ കുഞ്ഞിനെ തനിക്ക് ആവശ്യമില്ലെന്നു വെളിപ്പെടുത്തുന്നത്. കൊല്ലുകയായിരുന്നെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ സ്ത്രീയെ അറസ്റ്റ് ചെയ്ത് കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്.

