വിശ്വാസികളുടെ പ്രാര്‍ഥനാ ഗീതങ്ങള്‍ക്കു മധ്യേ മദര്‍ ഏലീശ്വ വാഴ്ത്തപ്പെട്ടവളായി, തിരുശേഷിപ്പ് അള്‍ത്താരയില്‍

കൊച്ചി: മദര്‍ ഏലീശ്വ ഇനി വാഴ്ത്തപ്പെട്ടവള്‍. വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ദേശീയ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയില്‍ നടന്ന ചടങ്ങിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. മാര്‍പ്പാപ്പയുടെ പ്രതിനിധി മലേഷ്യയിലെ പെനാംഗ് ആര്‍ച്ച് ബിഷപ്പ് ഡോ. സെബാസ്റ്റിയന്‍ ഫ്രാന്‍സിസാണ് ശനിയാഴ്ച വൈകുന്നേരം ദിവ്യബലി മധ്യേ പ്രഖ്യാപനം നടത്തിയത്. കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് മദര്‍ ഏലീശ്വയുടെ തിരുസ്വരൂപം അനാവരണം ചെയ്തു. മദറിന്റെ തിരുശേഷിപ്പ് ഔദ്യോഗികമായി ഏറ്റുവാങ്ങി അള്‍ത്താരയില്‍ പ്രതിഷ്ഠിക്കുകയും ചെയ്തു. വത്തിക്കാന്റെ ഇന്ത്യയിലെ അപ്പസ്‌തോലിക പ്രതിനിധി ആര്‍ച്ച് ബിഷപ്പ് ഡോ. ലിയോ പോള്‍ഡ് ജിറെല്ലി സന്ദേശം നല്‍കി.

കേരള കത്തോലിക്ക സഭയിലെ ആദ്യ സന്യാസിനിയും ഇന്ത്യയിലെ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പ്രഥമ കര്‍മലീത്ത നിഷ്പാദുക മൂന്നാം സഭയുടെ സ്ഥാപകയുമാണ് മദര്‍ ഏലീശ്വ. 1811ല്‍ എറണാകുളം ജില്ലയിലെ ഓച്ചംതുരുത്തിലാണ് മദറിന്റെ ജനനം. 1913ലായിരുന്നു മരണം. മദര്‍ ഏലീശ്വയെ വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ കാര്യാലയം 2023 നവംബറിലാണ് ധന്യ പദവിയിലേക്ക് ഉയര്‍ത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *