ഭര്‍ത്താവ് സ്വന്തം കുഞ്ഞിനെ കൂടുതലായി സ്‌നേഹിച്ചാല്‍ ഇങ്ങനെയാണോ ഭാര്യ ചെയ്യേണ്ടത്

കന്യാകുമാരി: ഭര്‍ത്താവിന്റെ സ്‌നേഹം പങ്കുവയ്ക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്താല്‍ സ്ത്രീ എന്തു ചെയ്യുമെന്ന് പ്രവചിക്കാനാവില്ല. എന്നാല്‍ ഭര്‍ത്താവിന്റെ സ്‌നേഹം സ്വന്തം കടിഞ്ഞൂല്‍ കുഞ്ഞിനു കൂടുതലായി ലഭിച്ചു എന്നതിന്റെ പേരില്‍ കുഞ്ഞിനെ കൊല്ലുകയാണ് കന്യാകുമാരിക്കടുത്ത് കരുങ്ങലില്‍ നിന്നുള്ള വീട്ടമ്മ ചെയ്തത്. വെറും നാല്‍പത്തഞ്ചു ദിവസം മാത്രം പ്രായമായ കുഞ്ഞിനെയാണ് ബനിറ്റ ജയ എന്ന ഇരുപത്തൊന്നുകാരി തൊണ്ടയില്‍ ടിഷ്യൂ പേപ്പര്‍ തിരുകി കൊന്നത്. ഈ കടുംകൈക്കു കാരണമോ ഭര്‍ത്താവ് കാര്‍ത്തിക് കുഞ്ഞിനോടു കൂടുതലായി സ്‌നേഹം കാണിച്ചതും. ബനിറ്റയെ പോലീസ് അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.
ഒരു വര്‍ഷം മുമ്പായിരുന്നു കാര്‍ത്തിക്കിന്റെയും ബനിറ്റയുടെയും വിവാഹം. പ്രപണയ വിവാഹമായിരുന്നു ഇവരുടേത്. കുഞ്ഞുണ്ടായതിനു ശേഷം ബനിറ്റ സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. തിരുപ്പൂരില്‍ ജോലി ചെയ്യുന്ന കാര്‍ത്തിക് ആഴ്ചയുടെ അവസാനം ബനിറ്റയുടെ വീട്ടിലെത്തി ഭാര്യയെയും കുഞ്ഞിനെയും കാണുകയായിരുന്നു പ്രസവശേഷമുള്ള പതിവ്. ഈയാഴ്ച പതിവു പോലെ വീട്ടിലെത്തിയപ്പോഴാണ് കുഞ്ഞിനെ അബോധാവസ്ഥയില്‍ കാണുന്നത്. ഉടന്‍ ഭാര്യയ്ക്കും അവരുടെ മാതാപിതാക്കള്‍ക്കുമൊപ്പം കുഞ്ഞിനെയുമെടുത്ത് കരുങ്ങലിലെ സ്വകാര്യ ആശുപത്രിയിലേക്കു പോയെങ്കിലും അവിടെയെത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. മുലപ്പാല്‍ കുഞ്ഞിന്റെ തൊണ്ടയില്‍ കുരുങ്ങിയതാണ് മരണകാരണമെന്നാണ് ആശുപത്രിയില്‍ ബനിറ്റ പറഞ്ഞതും ആശുപത്രിക്കാര്‍ ആദ്യം വിശ്വസിച്ചതും. എന്നാല്‍ ഭാര്യയുടെ സ്വഭാവത്തില്‍ അടുത്തയിടെയായി മാറ്റം കാണുന്നുണ്ടായിരുന്നു എന്ന കാര്യം കാര്‍ത്തിക് പറഞ്ഞതോടെ ആശുപത്രിക്കാര്‍ വിശദമായി പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് ടിഷ്യുപേപ്പര്‍ കണ്ടെത്തുന്നത്. ഇതിനു പിന്നാലെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് ബനിറ്റയെ അറസ്റ്റ് ചെയ്തു.