ഇക്കൊല്ലം പതിവിലും കൂടിയ മഴയ്ക്കു സാധ്യത, വെയിലിനും തീക്കും കടുപ്പമേറും

സിഡ്‌നി: ഓസ്‌ട്രേലിയയുടെ മിക്ക പ്രദേശങ്ങള്‍ക്കും ഇക്കൊല്ലത്തെ സ്പ്രിംഗ് സീസണ്‍ ശരാശരിയില്‍ കൂടിയ മഴയും അതിനൊപ്പം തന്നെ കനത്ത ചൂടും ലഭിക്കുന്നതായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണവിഭാഗം അറിയിക്കുന്നു. സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലമാണ് സ്പ്രിങ് എന്നു വിളിക്കുന്നത്. ഇക്കൊല്ലം ഇതുവരെ നല്ലതോതില്‍ മഴ ലഭിച്ച പ്രദേശങ്ങള്‍ക്ക് അതേ നില തന്നെയായിരിക്കും തുടര്‍ന്നും ലഭിക്കുക. സിഡ്‌നി ഉള്‍പ്പെടെ കിഴക്കന്‍ ഓസ്‌ട്രേലിയയുടെ എല്ലാ പ്രദേശങ്ങളിലുമായിരിക്കും മഴയുടെ തോത് ഏറ്റവും കൂടിയിരിക്കുക. മഴക്കാലമാണെങ്കില്‍ ഇടയ്ക്കിടെയുള്ള ചൂടും ശരാശരിയിലും കൂടുതലായിരിക്കുന്നതിനാല്‍ കാട്ടുതീ പടരുന്നതിനുള്ള സാധ്യതയും ഏറുന്നുവെന്ന് ദീര്‍ഘകാല കാലാവസ്ഥാ ബുള്ളറ്റിന്‍ വെളിപ്പെടുത്തുന്നു. സിഡ്‌നിയില്‍ ഓഗസ്റ്റില്‍ തന്നെ മഴ ആരംഭിച്ചതാണെങ്കിലും ഒക്ടോബറിലായിരിക്കും മഴയുടെ അളവ് ഏറ്റവും കൂടിയിരിക്കുക. തെക്കന്‍ ഓസ്‌ട്രേലിയയിലും വിക്ടോറിയയിലും ശരാശരി മഴമാത്രമായിരിക്കും ലഭിക്കുക. മഴ ഏറ്റവും കുറഞ്ഞിരി്ക്കാന്‍ സാധ്യതയുള്ളത് പെര്‍ത്ത് ഉള്‍പ്പെടെ പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലായിരിക്കും.
പരക്കെ മഴ ലഭിക്കുമെങ്കിലും ഇതിനൊപ്പം ശരാശരിയില്‍ കവിഞ്ഞ ചൂടിനും സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. ഏറ്റവും ചൂടു കൂടിയിരിക്കുക ന്യൂസൗത്ത് വെയില്‍സിന്റെ തെക്കന്‍ ഭാഗങ്ങളിലും തീരമേഖലയിലുമായിരിക്കാനാണിട. വിക്ടോറിയ, ക്വീന്‍സ് ലാന്‍ഡ്, തെക്കന്‍ ഓസ്‌ട്രേലിയ, ടാസ്മാനിയ എന്നിവിടങ്ങളിലും ഇതിനൊപ്പം ചൂടു കിട്ടിയേക്കും. സിഡ്‌നി, മെല്‍ബണ്‍, ബ്രിസ്‌ബേന്‍ എന്നിവിടങ്ങളില്‍ ഒക്ടോബറായിരിക്കും ഏറ്റവും ചൂടു കൂടിയ കാലം. എന്നാല്‍ ഏറ്റവും ചൂടു കൂടിയ പകല്‍ ലഭിക്കുക പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലും നോര്‍ത്തേണ്‍ ടെറിറ്ററിയിലുമായിരിക്കും. ചൂടിനൊപ്പം കാട്ടുതീ പടരുന്നതിനുള്ള സാധ്യ നിലനില്‍ക്കുന്നത് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയ, തെക്കന്‍ ഓസ്‌ട്രേലിയ വിക്ടോറിയ എന്നിവിടങ്ങളിലാണ്. കാട്ടുതീയുടെ സാധ്യത ഏറ്റവും പ്രവചിക്കപ്പെടുന്നത് ഡാമ്പിയര്‍ പെനിന്‍സുല, ഡെര്‍ബി കോസ്റ്റ്, സെന്‍ട്രല്‍ കിംബര്‍ലി, ലിറ്റില്‍ സാന്‍ഡി ഡസര്‍ട്ട്, തെക്കുകിഴക്കന്‍ പില്‍ബാര, മുറൈലാന്‍ഡ്, ജിപ്സ്ലാന്‍ഡ് എന്നിവിടങ്ങളിലാണ്. ഇതൊക്കെയാണെങ്കിലും കൃത്യമായി അഗ്നിബാധ സംബന്ധിച്ച ബുള്ളറ്റിനുകള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും കാലാവസ്ഥാ ബ്യൂറോ അറിയിച്ചു.