അയ്യേ, കര്‍ക്കിടകത്തില്‍ ആരെങ്കിലും യാത്ര പോകുമോ. ആകെ നനഞ്ഞ്, ചളിപിളിയായി. ശിലായുഗത്തില്‍ കളഞ്ഞിട്ടു പോരേണ്ടിയിരുന്ന നാവുകൊണ്ട് ഇങ്ങനെയൊക്കെ പറയുന്നതു കൊള്ളാം. ജെന്‍ സി കിടാങ്ങളൊന്നും കേള്‍ക്കേണ്ട. തന്തവൈബിനു തെറി വേറെ കേള്‍ക്കേണ്ടി വരും.
മില്ലേനിയല്‍സ് (എണ്‍പതുകള്‍ മുതല്‍ തൊണ്ണൂറുകളുടെ അവസാനം വരെ ജനിച്ചവര്‍) ഈസിയായി തങ്ങള്‍ക്കു ശേഷം 2012 വരെയുള്ള കാലത്ത് ജനിച്ച ജെന്‍ സി ക്കൊപ്പം ഏതു കൂത്തിനും ചേരുകയും ചെയ്യും. അതുകൊണ്ട്, പ്രായം എന്നാല്‍ അതു വെറും അക്കം മാത്രമല്ലേ എന്നുച്ചത്തില്‍ ആത്മഗതം ചെയ്തുകൊണ്ട് ഏതു പ്രീ മില്ലേനിയനും ഇവര്‍ക്കൊപ്പം കൂടാവുന്നതേയുള്ളൂ. ഒരിക്കല്‍ രസം പിടിച്ചു കഴിഞ്ഞാല്‍ പിന്നെ മഴക്കാലയാത്രകള്‍ ഒഴിവാക്കുന്നതാകും രസക്കേട്.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നമ്മുടെ നാട്ടില്‍ ഇങ്ങനെയാണ്. മഴക്കാലമെന്നാല്‍ ആഘോഷകാലമാണ്. ഓരോ വൈബിനുമനുസരിച്ച് തിരഞ്ഞെടുക്കാന്‍ ലൊക്കേഷനുകള്‍ ധാരാളം. അതുകൊണ്ട് നമുക്കു കുറേ മണ്‍സൂണ്‍ ഡെസ്റ്റിനേഷനുകളിലൂടെ ഒന്നു കറങ്ങിയാലോ.
അല്ലെങ്കില്‍ തന്നെ മനുഷ്യരെ വറചട്ടിയില്‍ ഉണക്കിയെടുക്കുന്ന കുംഭം, മീനം, മേടം മാസങ്ങള്‍ കഴിഞ്ഞാല്‍ ആര്‍ക്കാണ് മനസും ശരീരവും ഒന്നു തണുക്കാന്‍ ആഗ്രഹമില്ലാത്തത്. വെറും പുല്ലിനെയൊന്നു നോക്കൂ, വാടി നെടുംതണ്ട് വളഞ്ഞ് കിടുന്നിരുന്ന പുല്ലുകള്‍ പോലും പുതുമഴയൊന്നു വന്നുകഴിഞ്ഞാല്‍ നിവര്‍ന്നൊരു നില്‍പ്പല്ലേ. ഉരഗങ്ങള്‍ പോലും പുതുമണ്ണിന്റെ മണമേറ്റാല്‍ ഉന്മത്തരാകുകയല്ലേ, തീരെ അരസികര്‍ക്കു പോത്തെന്നു വിളിപ്പേരിട്ടതാരാണാവോ. നോക്കൂ, മഴയെത്തിയാല്‍ കന്നുകളുടെ പോലും ഉത്സാഹം. കന്നിനെ കയം കാണിക്കരുതെന്ന പഴമൊഴി പരണത്തു നില്‍ക്കട്ടെ, കന്നിനെ മഴകാണിക്കരുതെന്നു നമ്മള്‍ പറഞ്ഞു പോകുമല്ലോ.
ഒരു രഹസ്യം പറയട്ടെ, സംഗതി പേഴ്‌സിന്റെ കാര്യമാണ്. മഴക്കാലം വന്നു കഴിഞ്ഞാല്‍ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലുമൊക്കെ വാടകനിരക്ക് കുത്തനെ താഴേക്കാണ്. മഴ നനയാന്‍ ആള്‍ക്കാര്‍ റിസോര്‍ട്ടുകളിലൊക്കെ പോകുമെന്ന് ഇതുവരെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ കാര്യമായി കണക്കുകൂട്ടിയിട്ടില്ലെന്നു തോന്നുന്നു. ചുരുക്കത്തില്‍ പണ്ടൊക്കെ യാത്ര ചെയ്യാന്‍ ഏറ്റവും വെറുക്കപ്പെട്ടിരുന്ന കാലം ഇപ്പോള്‍ യാത്രികരുടെ ഹോട്ട് സീസണായി മാറിക്കൊണ്ടിരിക്കുകയാണ്.
പഴയൊരു മൂകാംബി യാത്ര ഇപ്പോഴും മനസിലുണ്ട്. മൂകാംബിയിലേക്കുള്ള യാത്രയുടെ തലവരയല്ലെങ്കില്‍ ഷെഡ്യൂള്‍വര തന്നെ മാറ്റിക്കുറിച്ചൊരു യാത്ര. ആ ജൂണില്‍ ദക്ഷിണ കാനറ ജില്ലയാകെ നനഞ്ഞു കുതിര്‍ന്നിരിക്കുകയായിരുന്നു. രംഗബോധമില്ലാത്ത ഉന്മാദിയെപ്പോലെ മഴമേഘങ്ങള്‍ വരുന്നു, കൊതിതീരെ പെയ്യുന്നു, കിടുകിടുപ്പിക്കുന്ന കുളിരു മാത്രം ബാക്കിയാക്കി പോകുന്നു. അന്തമില്ലാത്ത അലച്ചിലുകളെ പ്രണയിച്ച് കൊട്ടാരക്കര-കൊല്ലൂര്‍ സൂപ്പര്‍ ഫാസ്റ്റില്‍ ഇരുട്ടു പുതച്ചിരുന്ന സീറ്റില്‍ നിന്നെഴുന്നേറ്റത് പുലര്‍ന്നു കഴിഞ്ഞ് കുന്ദാപുരയിലെത്തിയപ്പോഴോ മറ്റോ ആയിരുന്നു. സത്രത്തിലെ ഇത്തിരിപ്പോന്നൊരു മുറിയില്‍ ഒരു പകല്‍ മുഴുവന്‍ മൂടിക്കുത്തിയിരുന്നു. മാദകമായ മഴയുടെ അകമ്പടിയോടെ രാത്രിയെത്തി. ചെരുപ്പിടാതെ ചേറുകുഴഞ്ഞ വെള്ളം വെറുങ്കാലുകൊണ്ട് തേകിത്തെറിപ്പിച്ച് പുറത്തേക്ക്… അതൊരു അനുഭവമായിരുന്നു. പുലര്‍ച്ചെ നാലിന് ഒറ്റമുണ്ട് മാത്രമുടുത്ത് പത്മതീര്‍ഥത്തിലേക്ക് നീങ്ങുന്ന കാലുകള്‍. ഉടലിന്റെ ആനന്ദങ്ങളോടു വിഘടിച്ചു നിന്നത് ഇരുനിര പല്ലുകള്‍ മാത്രമായിരുന്നു. അവ അന്തമില്ലാതെ കിടുകിടുത്തുകൊണ്ടേയിരുന്നു. പിന്നെയെത്ര യാത്രകള്‍. ഒക്കെയും മഴയിലൂടെ. മഴയുടെ നാനാര്‍ഥങ്ങളിലൂടെയും നാനാഭാവങ്ങളിലൂടെയും. അങ്ങനെ മഴയും രാവുകളും വളര്‍ത്തിയൊരുവനു മഴ ഇന്നും ലഹരി തന്നെ.
വരൂ, അറിയേണ്ടേ, മഴയുടെ ലഹരിയെ, മഴയ്ക്കു മാത്രം കോറിയിടാനാവുന്ന ഗൂഢലിപികളെ, അവയെ വായിച്ചു വായിച്ച് ഒറ്റപ്പെട്ടയിടങ്ങളില്‍ അങ്ങനെ… അങ്ങനെയങ്ങനെ ഇരിക്കുമ്പോള്‍ തൂവാനത്തുമ്പികളിലെ ക്ലാരയെപ്പോലെ ആവേശിക്കുന്ന ഓര്‍മകള്‍.
മഴക്കാലം ഇതൊക്കെയാണ്. ഇതൊക്കെയല്ലെങ്കില്‍ മറ്റെന്താണ്. അറിയേണ്ടേ, കുറേ മഴക്കാല ഡെസ്റ്റിനേഷനുകള്‍. തുടര്‍ന്നുള്ള കുറിപ്പുകളില്‍ കുറേയെണ്ണത്തെ പരിചയപ്പെടുത്താം.
മഴക്കാലം പൊളിയല്ലേ, നമുക്കൊന്നു കറങ്ങാനിറങ്ങിയാലോ
